ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 17, 2021

പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ വരില്ല; തീരുമാനമായി

പെട്രോള്‍,ഡീസല്‍ വില ജിഎസ്ടി പരിധിയില്‍ വരില്ല. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ജിഎസ്ടി കൗണ്‍സിലില്‍ ഒറ്റക്കെട്ടായി നീക്കത്തെ എതിര്‍ത്തു. കേരളവും മഹാരാഷ്ട്രയുംടക്കം ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോടൊപ്പം യുപിയും എഥിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. നികുതി വരുമാനത്തിലെ നഷ്ടമാണ് യുപി ചൂണ്ടിക്കാട്ടിയത്. വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന പൊതുഅഭിപ്രായമാണ് കൗണ്‍സിലിലുണ്ടായത്.

മ്യൂച്വല്‍ ഫണ്ട് ബിസിനസിന് സ്യൂട്ടര്‍മാരെ തിരഞ്ഞ് ഐഡിഎഫ്‌സി ബാങ്ക്
1.26 ട്രില്യണ്‍ രൂപയുടെ മ്യൂച്വല്‍ ഫണ്ട് ആസ്തികള്‍ കൈകാര്യം ചെയ്യുന്നതിനായി സ്യൂട്ടര്‍മാരെ കണ്ടെത്താനൊരുങ്ങി ഐഡിഎഫ്‌സി. ഇതിനായി നിക്ഷേപ ബാങ്കര്‍മാരുമായി ബന്ധപ്പെടാന്‍ കമ്പനിയുടെ ബോര്‍ഡ് വെള്ളിയാഴ്ച തീരുമാനിച്ചു.
രണ്ട് ദിവസം കൊണ്ട് 1100 കോടി രൂപയുടെ സ്‌കൂട്ടറുകള്‍ വിറ്റതായി ഒല
എസ് 1, എസ് 1 പ്രോ സ്‌കൂട്ടറുകളുടെ വില്‍പ്പനയിലൂടെ രണ്ട് ദിവസം കൊണ്ട് 1,100 കോടിയിലധികം നേടിയതായി ഒല. ഓട്ടോമോട്ടീവ് വ്യവസായത്തില്‍ മാത്രമല്ല, ഇത് ഇന്ത്യന്‍ ഇ-കൊമേഴ്സ് ചരിത്രത്തിലെ ഒരു ഉല്‍പ്പന്നത്തിന്റെ ഒരൊറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയെ പ്രതിനിധീകരിക്കുന്നുവെന്നും സോഫ്റ്റ് ബാങ്ക് പിന്തുണയുള്ള കമ്പനി പറഞ്ഞു.
70-120 ശതമാനം വരെ ശമ്പളവര്‍ധനവ് നല്‍കാനൊരുങ്ങി ഐടി കമ്പനികള്‍
വരും മാസങ്ങളില്‍ വന്‍ ശമ്പളവര്‍ധനവും പുതിയ നിയമനങ്ങളും നടത്താനൊരുങ്ങി രാജ്യത്തെ ഐടി കമ്പനികള്‍. ടിസിഎസ്, ഇന്‍ഫോസിസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ 70-120 ശതമാനം വരെ ശമ്പളവര്‍ധനവ് നല്‍കുമെന്ന് ഇന്‍ഡീഡ് ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
500 കോടിരൂപയുടെ കടപ്പത്രം പുറത്തിറക്കാനൊരുങ്ങി കേരളസര്‍ക്കാര്‍
500 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥമാണിത്. കടപ്പത്ര ലേലം സെപ്റ്റംബര്‍ 21 ന് റിസര്‍വ് ബാങ്കിന്റെ ഫോര്‍ട്ട് ഓഫീസിലെ ഇ-കുബേര്‍ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും വിശദമായ വിവരങ്ങളും finance.kerala.gov.in എന്ന വെബ്‌സൈറ്റില്‍.
സംസ്ഥാനത്ത് സ്വര്‍ണവില പവന് 35000 രൂപയില്‍ താഴെ
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 34,720 രൂപയായി. ഗ്രാമിന് 4340 രൂപയുമായി. രണ്ടാഴ്ചയായി 35,000 രൂപയ്ക്കുമുകളിലായിരുന്നു വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,754.86 ഡോളര്‍ നിലവാരത്തിലേക്ക് കഴിഞ്ഞദിവസം ഇടിഞ്ഞിരുന്നു. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തെ ബാധിച്ചത്.
റെക്കോര്‍ഡ് തൊട്ടു താഴോട്ടിറക്കം; സൂചികള്‍ ഇടിഞ്ഞു
പറന്ന് മുന്നേറി പുതിയ ഉയരങ്ങള്‍ തൊട്ട ഇന്ത്യന്‍ ഓഹരി സൂചികകള്‍ ലാഭമെടുക്കലില്‍ ചാഞ്ചാടി നഷ്ടത്തോടെ ക്ലോസ് ചെയ്തു. മൂന്ന് ദിവസമായി കുതിപ്പ് തുടരുന്ന ഓഹരി സൂചികകള്‍ ഇന്നും വ്യാപാരത്തിനിടെ പുതിയ റെക്കോര്‍ഡ് തൊട്ടിരുന്നു. സെന്‍സെക്സ് സൂചിക 59,737 എന്ന തലത്തിലും നിഫ്റ്റി 17,793 എന്ന തലത്തിലുമെത്തി പുതിയ ഉയരം തൊടുകയായിരുന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരളം ആസ്ഥാനമായുള്ള നാല് ബാങ്കുകളുടെയും ഓഹരി വിലകള്‍ മൂന്ന് ശതമാനത്തിലേറെ താഴ്ന്നു. ആസ്റ്റര്‍ ഡിഎം നാല് ശതമാനത്തിലേറെ താഴ്ന്നു. ഈസ്റ്റേണ്‍ ട്രെഡ്സിന്റെ ഓഹരി വില 3.30 ശതമാനം ഇടിഞ്ഞു. കേരള ആയുര്‍വേദ ഓഹരി വില അഞ്ച് ശതമാനത്തിലേറെ താഴ്ന്നു.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it