ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 20, 2021

ഒക്‌റ്റോബര്‍ മുതല്‍ കോവിഡ് വാക്‌സിന്റെ കയറ്റുമതി പുനരാരംഭിക്കും
രാജ്യത്ത് നിന്നും കോവാക്‌സിലൂടെ മറ്റ് രാജ്യങ്ങളിലേക്കുള്ള കോവിഡ് വാക്‌സിന്‍ കയറ്റുമതി ഒക്‌റ്റോബറില്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ പറഞ്ഞു. ദൗര്‍ലഭ്യം നേരിടുന്ന രാജ്യങ്ങളിലേക്ക് 'വാക്‌സിന്‍ മൈത്രി'യെന്ന പദ്ധതിയിലൂടെയാണ് ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ കോവാക്‌സിന്‍ ഇന്ത്യയെത്തിച്ചു നല്‍കുക.
വിസ ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിക്കാനൊരുങ്ങി യെസ് ബാങ്ക്
ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി വിസയുമായി സഹകരിച്ചതായി യെസ് ബാങ്ക് തിങ്കളാഴ്ച പ്രഖ്യാപിച്ചു. കണ്‍സ്യൂമര്‍ കാര്‍ഡുകള്‍, ബിസിനസ് കാര്‍ഡുകള്‍, കോര്‍പ്പറേറ്റ് കാര്‍ഡുകള്‍ എന്നിവ യഥാക്രമം YES first, YES Premia, YES Prosperity എന്നിങ്ങനെ കാര്‍ഡുകള്‍ പുറത്തിറക്കും.
എച്ച്.ഡി.എഫ്.സി. ബാങ്കുമായി കൈകോര്‍ത്ത് പേടിഎം; ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കും
എച്ച്.ഡി.എഫ്.സി. ബാങ്കും ഓണ്‍ലൈന്‍ ധനകാര്യ സ്ഥാപനമായ പേടിഎമ്മും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കായി ഒന്നിക്കുന്നു. വിസയാണ് ഇരുവര്‍ക്കുമായി കാര്‍ഡുകള്‍ പുറത്തിറക്കുക. ഓഗസ്റ്റിലാണ് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നത് പുനരാരംഭിക്കാന്‍ എച്ച്.ഡി.എഫ്.സിക്ക് ആര്‍.ബി.ഐ. അനുമതി നല്‍കിയത്. 33 കോടിയിലധികം ഉപയോക്താക്കളും രണ്ടു കോടിയിലധികം വ്യാപാര പങ്കാളികളുമായി പേടിഎമ്മിനുള്ളത്. ഇവര്‍ക്കെല്ലാം എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പ്രത്യേക ഓഫറുകളും ഇനി കൈമാറാനാകും.
കയറ്റുമതി; പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍
കയറ്റുമതി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. വാണിജ്യ വ്യവസായ മന്ത്രാലയത്തിനായുള്ള അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ബ്രാന്‍ഡ് ഇന്ത്യ' എന്നതിനെ ഗുണനിലവാരം, ഉല്‍പാദനക്ഷമത, ഇന്നോവേഷന്‍ എന്നിവയുടെ പ്രതിനിധിയാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.
കെ ഫിന്‍ ടെക്നോളജീസിന്റെ 10% ഓഹരികള്‍ സ്വന്തമാക്കി കൊട്ടക് മഹീന്ദ്ര ബാങ്ക്
കെഫിന്‍ ടെക്‌നോളജീസിന്റെ 10 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി കൊട്ടക് മഹീന്ദ്ര ബാങ്ക്. മ്യൂച്വല്‍ ഫണ്ട് സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്ക് പ്രശ്‌ന പരിഹാരമാര്‍ഗങ്ങളുള്‍പ്പെടെ വിവിധ സേവനങ്ങള്‍ നല്‍കുന്ന ഫിനാഷ്യല്‍ ടെക്നോളജി കമ്പനിയായ കെ ഫിന്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡില്‍ ഓഹരി ഇടപാടിലൂടെ 310 കോടി രൂപ നിക്ഷേപിക്കുമെന്നാണ് സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് തിങ്കളാഴ്ച പ്രഖ്യാപിച്ചത്.
മെറ്റല്‍, പിഎസ്യു ബാങ്ക് ഓഹരികള്‍ നിറം മങ്ങി; സൂചികകള്‍ താഴേക്ക്
രാജ്യാന്തര വിപണി ദുര്‍ബലമായതോടെ ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ ഇടിവോടെ ഓഹരി സൂചികകള്‍. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സൂചികകള്‍ താഴേക്ക് പോകുന്നത്. സെന്‍സെക്സ് 524.96 പോയ്ന്റ് ഇടിഞ്ഞ് 58490.93 പോയ്ന്റിലും നിഫ്റ്റി 188.30 പോയ്ന്റ് ഇടിഞ്ഞ് 17396 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 995 ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2308 ഓഹരികളുടെ വിലയിടിഞ്ഞപ്പോള്‍ 132 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
കേരള കമ്പനികളുടെ പ്രകടനം
വിപണിയിലെ മോശം പ്രകടനം കേരള കമ്പനികള്‍ക്ക് വലിയ തിരിച്ചടിയായി. അഞ്ച് കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. പാറ്റ്സ്പിന്‍ ഇന്ത്യ (4.98 ശതമാനം), കിറ്റെക്സ് (1.25 ശതമാനം), കെഎസ്ഇ (1.58 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് (1.09 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (0.85 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.





Related Articles
Next Story
Videos
Share it