Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 22, 2021
സോണി ഇന്ത്യയുമായി ലയിക്കാന്‍ തീരുമാനമായതായി സീ എന്റര്‍ട്ടെയ്ന്‍മെന്റ്
സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്ക് ഇന്ത്യയില്‍ (SPNI) ലയിക്കാന്‍ തീരുമാനമായതായി സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് (ZEEL). ബുധനാഴ്ചയാണ് പ്രഖ്യാപനമുണ്ടായത്. 1.57 ബില്യണ്‍ ഡോളറിന്റേതാകും ഇടപാടെന്നാണ് റിപ്പോര്‍ട്ട്. ലയനത്തിന് ശേഷം, സോണി 52.93% നിയന്ത്രണ ഓഹരികളുള്ള ഭൂരിഭാഗം ഓഹരിയുടമയാകുകയും ചെയ്യും. അതേസമയം, നിലവിലെ സീലിന്റെ ഓഹരിയുടമകള്‍ക്ക് ശേഷിക്കുന്ന 47.07 ശതമാനം ഓഹരികള്‍ സ്വന്തമായിരിക്കും. എന്നാല്‍ സോണി ഇന്ത്യയായിരിക്കും ചാനല്‍ കമ്പനിയുടെ നിയന്ത്രണാധികാരികള്‍.
ലയനത്തിന് ZEEL ബോര്‍ഡ് അംഗീകാരം നല്‍കി. ലയനത്തിന് ശേഷവും പുനീത് ഗോയങ്ക വരുന്ന അഞ്ച് വര്‍ഷത്തേക്ക് കൂടി ലയിച്ച കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി തുടരുമെന്നും കമ്പനി പറഞ്ഞു. അതേസമയം ഡയറക്റ്റര്‍മാരില്‍ പരമാവധിയും തീരുമാനിക്കപ്പെടുക സോണിയുടെ നേതൃത്വത്തിലായിരിക്കും.
പി എസ് യു ആകാന്‍ വോഡഫോണ്‍ ഐഡിയ ഇല്ലെന്ന് കമ്പനി സിഇഒ
ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന മോറട്ടോറിയമുള്‍പ്പെടുന്ന റിലീഫ് പാക്കേജുകള്‍ വഴി അല്ലാതെ തന്നെ വോഡഫോണ്‍ ഐഡിയ കടം തീര്‍ത്ത് കര കയറാനുള്ള പദ്ധതിയിലെന്ന് വോഡഫോണ്‍ ഐഡിയ സിഇഒ രവീന്ദര്‍ താക്കര്‍. പി എസ് യു ആകാനില്ലെന്നും നിക്ഷേപകരില്‍ നിന്നും ഫണ്ട് കണ്ടെത്തുമെന്നും അദ്ദേഹം പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പുതിയ നിക്ഷേപകരില്‍ നിന്നോ നിലവിലുള്ള പ്രൊമോട്ടര്‍മാരില്‍ നിന്നോ അല്ലെങ്കില്‍ രണ്ടിന്റെയും മിശ്രിതത്തില്‍ നിന്നോ ഫണ്ടിംഗ് വരാം എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.
കോവിഡ് മരണത്തിനിരയായവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ പരിഗണനയില്‍
കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപ നല്‍കണമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കോവിഡ് അസുഖ ബാധിതരായോ കോവിഡ് രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായോ മരിച്ചവരുടെ ആശ്രിതര്‍ക്ക് 50000 രൂപ ധനസഹായം നല്‍കണമെന്നാണ് നിര്‍ദേശം. അതേ സമയം തുക സംസ്ഥാനങ്ങള്‍ കണ്ടെത്തണമെന്ന നിലപാടാണ് കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്.
അടുത്ത യൂണിയന്‍ ബജറ്റിന്റെ തയ്യാറെടുപ്പിലേക്ക് കേന്ദ്ര ധനമന്ത്രാലയം
2022 ലെ യൂണിയന്‍ ബജറ്റിന്റെ തയ്യാറെടുപ്പിലേക്ക് കേന്ദ്ര ധനമന്ത്രാലയം. പ്രീ ബജറ്റ് റിവൈസ്ഡ് എസ്റ്റിമേറ്റ് യോഗങ്ങള്‍ ഒക്ടോബര്‍ 12 ന് ആരംഭിക്കും. നവംബര്‍ രണ്ടാം വാരം വരെ നീണ്ടുനില്‍ക്കുന്ന കേന്ദ്ര ബജറ്റിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങളാണിത്. അടുത്തവര്‍ഷം ഫെബ്രുവരി ഒന്നിനായിരിക്കും കേന്ദ്ര ബജറ്റ്. രണ്ടാം മോദി സര്‍ക്കാരിന്റെ നാലാം ബജറ്റ് ആണിത്.
കോവിഷീല്‍ഡിനെ അംഗീകരിച്ച് യുകെ, ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധം
കോവിഷീല്‍ഡ് അംഗീകൃത വാക്‌സിന്‍ എന്ന് യുകെ. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ ക്വാറന്റീന്‍ നോക്കണം. ഇംഗ്ലണ്ടിലെത്തുന്നതിന് 14 ദിവസം മുമ്പെങ്കിലും വാക്‌സിന്‍ രണ്ട് ഡോസുകളും പൂര്‍ത്തിയാക്കണമെന്നും യുകെ അനുശാസിക്കുന്നു.
കേരളത്തില്‍ ഒരു ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ 24 ലക്ഷം
സംസ്ഥാനത്ത് ആകെ 3.44 കോടി പേര്‍ ഒന്നും രണ്ടും ഡോസ് വാക്‌സിന്‍ എടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 24 ലക്ഷം പേരാണ് ഒന്നാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളത്. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ വിധേയമായെങ്കിലും മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് നല്‍കാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ വ്യാപാര സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും മാസ്‌ക് ധരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2025 ഓടെ പ്ലാസ്റ്റിക് ടോയ്‌സ് നല്‍കുന്നത് പൂര്‍ണമായും നിര്‍ത്തുമെന്ന് മക്‌ഡൊണാള്‍ഡ്
2025 ഓടെ ഹാപ്പി മീല്‍ ടോയ്‌സ് എന്ന പ്രത്യക പായ്ക്കറ്റിലുള്‍പ്പെടുത്തുന്ന പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കുമെന്ന് മക്‌ഡൊണാള്‍ഡ്. പ്രകൃതിയിലലിഞ്ഞ് ചേരുന്ന മറ്റ് ആക്റ്റിവിറ്റി സാമഗ്രികള്‍ പിന്നീട് ഉള്‍പ്പെടുത്തിയേക്കുമെന്നാണ് ഈ ഭക്ഷണ ബ്രാന്‍ഡിന്റെ നിലപാട്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് ഇത്.
സെന്‍സെക്സും നിഫ്റ്റിയും താഴ്ന്നു, വിശാല വിപണിയില്‍ മുന്നേറ്റം
ഇന്ന് വ്യാപാരത്തുടക്കത്തില്‍ മുഖ്യ സൂചികകള്‍ നേട്ടമുണ്ടാക്കിയെങ്കിലും ചാഞ്ചാട്ടത്തിനൊടുവില്‍ അത് നിലനിര്‍ത്താനാകാതെ പോയി. സെന്‍സെക്സും നിഫ്റ്റിയും താഴ്ച രേഖപ്പെടുത്തിയപ്പോള്‍ മുഖ്യ സൂചികകളെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഇന്ന് വിശാല വിപണികള്‍ പുറത്തെടുത്തത്. നിഫ്റ്റി മിഡ്കാപ് 50, 2.74 ശതമാനവും നിഫ്റ്റി മിഡ്കാപ് 100, 1.67 ശതമാനവും ഉയര്‍ന്നു. സ്മോള്‍കാപ് 100, 1.4 ശതമാനമാണ് നേട്ടമുണ്ടാക്കിയത്.
കേരള കമ്പനികളുടെ പ്രകടനം
വെറും നാല് കേരള കമ്പനികളുടെ ഓഹരി വിലകള്‍ മാത്രമാണ് ഇന്ന് താഴ്ച രേഖപ്പെടുത്തിയത്. വിശാല വിപണികളിലെ മുന്നേറ്റം കേരള കമ്പനികള്‍ക്ക് ഗുണകരമായി. അപ്പോളോ ടയേഴ്സിന്റെ ഓഹരി വില ആറു ശതമാനത്തോളം കൂടി. മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില 4.32 ശതമാനം വര്‍ധിച്ചു. മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില 2.92 ശതമാനമാണ് ഉയര്‍ന്നത്.
Next Story
Videos