ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 27, 2021

പാചക വാതക സബ്‌സിഡി പുനരാരംഭിക്കൊനൊരുങ്ങി കേന്ദ്രം, പക്ഷേ...

കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം പാചകവാതക സബ്‌സിഡി പുനരാരംഭിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി സര്‍വെ നടത്തുന്നു. പാചകവാതക സിലിണ്ടറിന്റെ വില ഏത് നിരക്കിലെത്തുമ്പോഴാണ് കൂടുതല്‍ പേരും വാങ്ങുന്നതെന്നറിയാനാണ് സര്‍വെ നടക്കുന്നത്. പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പ്രകാരം പാചക വാതക കണക്ഷന്‍ എടുത്തവര്‍ക്കു മാത്രമായി സബ്‌സിഡി പരിമിതപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്.


2020 മെയില്‍ രാജ്യാന്തരതലത്തില്‍ എല്‍ പി ജി വില കുത്തനെ ഇടിഞ്ഞപ്പോള്‍ മുതലാണ് കേന്ദ്രം സബ്‌സിഡി നല്‍കാതെ ആയത്. അന്ന് ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍ പി ജി സിലിണ്ടറിന് വില 581.50 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വില 884.50 രൂപ (ന്യൂഡല്‍ഹിയില്‍) ആണ്. എല്‍ പി ജി സബ്‌സിഡി പിടിച്ചുവെച്ചതോടെ കേന്ദ്രത്തിന് പതിനായിരക്കണക്കിന് കോടി രൂപ ലാഭിക്കാനും സാധിച്ചിരുന്നു.
വന്നു, ആരോഗ്യ ഐഡി കാര്‍ഡും
കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് ഇന്ന് തുടക്കമായി. അതോടെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഇനി 14 അക്ക ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭിക്കും. നിലവില്‍ ആറ് കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ആദ്യഘട്ടമായി യൂണിക് ഹെല്‍ത്ത് ഐഡി (യുഎച്ച്‌ഐഡി) നടപ്പാക്കിയിട്ടുണ്ട്. ഇന്നുമുതല്‍ ഇത് രാജ്യവ്യാപകമായി. മൊബൈല്‍ നമ്പര്‍, പേര്, വിലാസം, ജനനത്തീയതി, ലിംഗം എന്നിവയാണ് യുഎച്ച്‌ഐഡി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കേണ്ടത്. വാക്‌സിന്‍ എടുത്ത മിക്കവര്‍ക്കും ഹെല്‍ത്ത് ഐഡി ലഭ്യമായിട്ടുണ്ട്. ഇത് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ കാണാം.
ജിഡിപി വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഇക്ര
റേറ്റിംഗ് ഏജന്‍സിയായ ഇക്ര ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം 8.5 ശതമാനത്തില്‍ നിന്ന് ഒന്‍പത് ശതമാനമായി ഉയര്‍ത്തി. കോവിഡ് വാക്‌സിന്‍ വ്യാപകമായി എല്ലാവരിലേക്കും എത്തുന്നത് സമ്പദ് വ്യവസ്ഥയില്‍ പുതിയൊരു ആത്മവിശ്വാസം കൊണ്ടുവരാന്‍ ഉതകുന്നുണ്ടെന്ന് ഇക്ര റിപ്പോര്‍ട്ടില്‍ പറയുന്നു. മികച്ച ഖാരിഫ് ഉല്‍പ്പാദനം കാര്‍ഷിക മേഖലയിലെ ഉപഭോഗ ശേഷി കൂട്ടുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വളര്‍ച്ചാ അനുമാനം മെച്ചപ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബര്‍ ഒന്നുമുതല്‍ കെ എസ് ആര്‍ ടി സി ടിക്കറ്റ് നിരയ്ക്ക് കുറയ്ക്കും
അടുത്ത മാസം ഒന്നുമുതല്‍ കെ എസ് ആര്‍ ടി സി ടിക്കറ്റ് നിരയ്ക്ക് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ലോ ഫ്‌ളോര്‍ - വോള്‍വോ ബസുകളില്‍ സൈക്കിളും ഇലക്ട്രിക് സ്‌കൂട്ടറുകളും കൊണ്ടുപോകാന്‍ അനുമതി നല്‍കുമെന്നും അതിനുള്ള നിരക്ക് ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ലാഭമെടുപ്പ്: നേരിയ മുന്നേറ്റത്തിലൊതുങ്ങി സൂചികകള്‍
നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെ ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ച ഓഹരി വിപണി നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം സെന്‍സെക്‌സ് 60000 കടന്നതോടെ ഐറ്റി, ഫാര്‍മ, എഫ്എംസിജി തുടങ്ങിയ മേഖലകളിലെല്ലാം നിക്ഷേപകര്‍ ലാഭമെടുപ്പിന് തയാറായി. ഇതോടെ തുടക്കത്തില്‍ കുതിച്ച വിപണ ദിവസാവസാനം നേരിയ നേട്ടം മാത്രം സ്വന്തമാക്കി ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് 29.41 പോയ്ന്റ് ഉയര്‍ന്ന് 60077.88 പോയ്ന്റിലും നിഫ്റ്റി 1.90 പോയ്ന്റ് ഉയര്‍ന്ന് 17855.10 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1592 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1682 ഓഹരികളുടെ വിലിയിടിഞ്ഞു. 176 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 11 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. സിഎസ്ബി ബാങ്ക് 2.87 ശതമാനം നേട്ടവുമായി പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നു. കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (2.61 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (2.20 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (1.59 ശതമാനം), അപ്പോളോ ടയേഴ്‌സ് (1.29 ശതമാനം), ഫെഡറല്‍ ബാങ്ക് (0.93 ശതമാനം), നിറ്റ ജലാറ്റിന്‍ (0.40 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള ഓഹരികളില്‍ പെടുന്നു.





Related Articles
Next Story
Videos
Share it