കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കല്‍ ഡിസംബറിന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമലിന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു.
സൈക്കോവ് ഡി വാക്‌സിന്‍ ഉടന്‍ വിപണിയിലെത്തും
സൈഡസ് കാഡില (Zydus Cadila) യുടെ സൈക്കോവ് ഡി വാക്‌സിന്‍ (zycov d vaccine) ഉടന്‍ വിപണിയിലെത്തുമെന്ന് ആരോഗ്യ മന്ത്രാലയം. മൂന്ന് ഡോസ് വാക്‌സിന്‍ (Vaccine) ആയതിനാല്‍ സൈക്കോവ് ഡി വാക്‌സിന്റെ വിലയില്‍ വ്യത്യാസം ഉണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ഒക്ടോബറില്‍ ഉണ്ടായേക്കും.
ജി.എസ്.ടി; ജനുവരി മുതല്‍ ചെരുപ്പിനും വസ്ത്രങ്ങള്‍ക്കും വിലകൂടും
ചരക്ക് സേവന നികുതി പരിഷ്‌കരിക്കുന്നതോടെ അടുത്തവര്‍ഷം ജനുവരി മുതല്‍ വസ്ത്രങ്ങള്‍ക്കും ചെരുപ്പിനും വിലവര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ ഉല്‍പ്പന്നങ്ങളുടെ ജി.എസ്.ടി അഞ്ച് ശതമാനത്തില്‍നിന്ന് 12ശതമാനമായേക്കും. അതേസമയം, നികുതി നിരക്കിന്റെ പൂര്‍ണമായ വിശദാംശങ്ങള്‍ കേന്ദ്രം പുറത്തുവിട്ടിട്ടില്ല.
ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കല്‍ നീട്ടി
ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് മുതലായ രേഖകളുടെ കാലാവധി 2021 നവംബര്‍ 30 വരെ നീട്ടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. 1988-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം, 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ എന്നിവ പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. ഈ കാലയളവിനുള്ളില്‍ത്തന്നെ വാഹന ഉടമകള്‍ രേഖകള്‍ പുതുക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
200 മില്യണ്‍ ഡോളറിലധികം സമാഹരിച്ചതായി ഓല ഇലക്ട്രിക്
200 മില്യണ്‍ ഡോളറിലധികം സമാഹരിച്ചതായി ഓല ഇലക്ട്രിക്. റൈഡ്-ഹെയ്‌ലിംഗ് സ്റ്റാര്‍ട്ടപ്പിന്റെ ഇ വി വിഭാഗത്തിനാണ് ഫാല്‍ക്കണ്‍ എഡ്ജ്, സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷന്‍ എന്നിവയില്‍ നിന്ന് ഫണ്ടിംഗ് ലഭിച്ചത്.
10,000 ഇന്ത്യക്കാരെ നിയമിക്കാന്‍ യുഎസ് കമ്പനി; തിരുവനന്തപുരത്ത് ഉള്‍പ്പടെ റിക്രൂട്ട്മെന്റ്
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സേവന ദാതാക്കളായ ഫിഡിലിറ്റി ഇന്‍ഫര്‍മേഷന്‍ സര്‍വീസ്(എഫ്ഐഎസ്) ഇന്ത്യയില്‍ മാസ് റിക്രൂട്ട്മെന്റിന് ഒരുങ്ങുന്നു. രാജ്യത്തെ ചെറു നഗരങ്ങളിലെ ബിരുദധാരികള്‍ക്കാണ് അവസരം. തിരുവനന്തപുരം, ഗുരുഗ്രാം, ജയ്പൂര്‍, നാഗ്പൂര്‍, മംഗളൂരു, കാണ്‍പൂര്‍, കോയമ്പത്തൂര്‍, ജസന്ദര്‍, സോലാപൂര്‍, ഗുവാഹത്തി എന്നീ നഗരങ്ങളിലെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയാണ് റിക്രൂട്ട്മെന്റ് നടക്കുക. ഒരു വര്‍ഷം എടുത്ത് പൂര്‍ത്തിയാക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ തെരഞ്ഞെടുക്കുന്നവരെ എഫ്ഐഎസിന്റെ ഇന്ത്യയിലെ വിവധ ഓഫീസുകളില്‍ നിയമിക്കും.
സ്വര്‍ണ വായ്പ; കൈകോര്‍ത്ത് ഇന്‍ഡെല്‍ മണിയും ഇന്‍ഡസ് ഇന്‍ഡ് ബാങ്കും
ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍മണിയും ഇന്‍ഡസ്ഇന്‍ഡ് ബാങ്കും സ്വര്‍ണപ്പണയ വായ്പയ്ക്കായി കൈകോര്‍ക്കുന്നു. കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുകയാണ് ലക്ഷ്യം. വായ്പയുടെ 80 ശതമാനം ഇന്‍ഡസ്ഇന്‍ഡ് ബാങ്കും 20 ശതമാനം ഇന്‍ഡെല്‍മണിയുമാണ് നല്‍കുക. പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുന്നതിനു മുന്നോടിയായി ഇന്‍ഡെല്‍മണി വായ്പാ സഹകരണത്തിന്റെ പൈലറ്റ് പ്രൊജക്ട് സെപ്തംബറില്‍ ആരംഭിച്ചിട്ടുണ്ട്. വായ്പാ പദ്ധതി രാജ്യവ്യാപകമായി വിപണിയുടെ വിവിധ മേഖലകളിലേക്കെത്തിക്കാന്‍ പരസ്പര സഹകരണത്തിലൂടെ ഇന്‍ഡെല്‍മണിക്കും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനും കഴിയും.
തുടര്‍ച്ചയായ മൂന്നാം ദിനവും രാജ്യത്തെ ഓഹരി വിപണിയില്‍ തകര്‍ച്ച. സെന്‍സെക്സ് 286 പോയ്ന്റ് ഇിടിഞ്ഞ് 59,126 ലും നിഫ്റ്റി 91 പോയ്ന്റ് ഇടിഞ്ഞ് 17,618 ലുമാണ് ക്ലോസ് ചെയ്തത്. റിസര്‍വ് ബാങ്കിന്റെ പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷനി (പിസിഎ) ല്‍ നിന്നു ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനെ നീക്കിയതിന് പിന്നാലെ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നിലവില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മാത്രമാണ് ആര്‍ബിഐ നിരീക്ഷണപട്ടികയിലുള്ളത്.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 16 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. കല്ല്യാണ്‍ ജുവലേഴ്സാണ് കേരള കമ്പനികളില്‍ മികച്ച നേട്ടമുണ്ടാക്കിയത്. 4.22 ശതമാനം. ഫെഡറല്‍ ബാങ്കിന്റെ ഓഹരിയും 3.5 ശതമാനത്തോളം ഉയര്‍ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.29 ശതമാനം), കെഎസ്ഇ (0.56 ശതമാനം), കിംഗ്സ് ഇന്‍ഫ്ര വെഞ്ച്വര്‍ ലിമിറ്റഡ് (2.29 ശതമാനം), വി- ഗാര്‍ഡ് (0.12 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
സംസ്ഥാനത്ത് വ്യാഴാഴ്ച 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,087 ആയി. ടിപിആര്‍ നിരക്ക് 15.32 ശതമാനമായി.