ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 16, 2021

ജൂണിലെ ആദ്യ രണ്ടാഴ്ച ഇന്ത്യയുടെ കയറ്റുമതി 46 ശതമാനം ഉയര്‍ന്നു
ജൂണ്‍ 1-14 കാലയളവില്‍ ഇന്ത്യയുടെ കയറ്റുമതി 46 ശതമാനം ഉയര്‍ന്ന് 14 ബില്യണ്‍ ഡോളറിലെത്തിയതായി രേഖകള്‍. വാണിജ്യ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം എഞ്ചിനീയറിംഗ്, രത്‌നങ്ങള്‍, ജ്വല്ലറി, പെട്രോളിയം ഉല്‍പന്നങ്ങള്‍ തുടങ്ങിയ മേഖലകളാണ് നേട്ടം കൈവരിച്ചത്.
എഫ്എംസിജി മേഖലയില്‍ ഉണര്‍വ് പ്രകടമാകുന്നു
കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനനുസരിച്ച് എഫ്എംസിജി മേഖല പുനരുജ്ജീവനത്തിന്റെ അടയാളങ്ങള്‍ കാണിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പലചരക്ക് കടകളിലുടനീളം അതിവേഗം നീങ്ങുന്ന ഉപഭോക്തൃവസ്തുക്കളുടെ (എഫ്എംസിജി) വില്‍പനയില്‍ 15-20 ശതമാനം വര്‍ധനയും സൂപ്പര്‍മാര്‍ക്കറ്റുകളിലും സ്റ്റാന്‍ഡ്് എലോണ്‍ മോഡേണ്‍ ട്രേഡ് ഔട്ട്ലെറ്റുകളിലും 25-30 ശതമാനം വര്‍ധനയും കാണപ്പെടുന്നതായി വന്‍കിട കമ്പനികളുടെ വ്യവസായ എക്‌സിക്യൂട്ടീവുകള്‍ പറയുന്നു.
2026 ഓടെ ഇന്ത്യയില്‍ 330 ദശലക്ഷം 5 ജി വരിക്കാരുണ്ടാകുമെന്ന് റിപ്പോര്‍ട്ട്
ഇനി അഞ്ച് വര്‍ഷം കൂടെ കഴിഞ്ഞാല്‍ രാജ്യത്ത് 330 ദശലക്ഷം 5 ജി വരിക്കാരുണ്ടായേക്കാമെന്ന്് എറിക്‌സണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്. ഡാറ്റ ഉപയോഗം ഓരോ സ്മാര്‍ട്ട്ഫോണിനും 40 ജിബിയിലെത്താന്‍ അപ്പോഴേക്കും കഴിയുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ പ്രതിമാസമുള്ള ശരാശരി ഡാറ്റ ഉപഭോഗം 14.6 ജിബി എന്ന നിലയിലാകുമെന്നും ഇത്തരത്തില്‍ രാജ്യം ഡാറ്റ ഉപഭോഗം ഏറ്റവും ഉയര്‍ന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി തുടരുമെന്നും എറിക്സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ട് 2021 പറയുന്നു.
ഏറ്റവും വേഗതയേറിയ ഡൗണ്‍ലോഡിംഗ് ജിയോയ്‌ക്കെന്ന് ട്രായ് റിപ്പോര്‍ട്ട്
മെയ് മാസത്തില്‍ 20.7 എംബിപിഎസ് ഡൗണ്‍ലോഡ് വേഗതയുള്ള 4 ജി ചാര്‍ട്ടില്‍ ജിയോ ഒന്നാമതെത്തി. അതേ സമയം മെയ് മാസത്തില്‍ 6.7 എംബിപിഎസ് ഡാറ്റാ വേഗതയുമായി അപ്ലോഡ് വിഭാഗത്തില്‍ വോഡഫോണ്‍ ഐഡിയ ഒന്നാമതെത്തി. ടെലികോം റെഗുലേറ്റര്‍ ട്രായ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഡാറ്റ പ്രകാരമാണിത്.
ഒരുജില്ല ഒരു ഉല്‍പ്പന്നം; ലക്ഷ്യം 108 യൂണിറ്റെന്ന് വ്യവസായ വകുപ്പ്
വ്യാവസായികാടിസ്ഥാനത്തില്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നതിനുള്ള ഒരു ജില്ല ഒരു ഉല്‍പ്പന്നം പദ്ധതിയില്‍ ലക്ഷ്യമിടുന്നത് 108 യൂണിറ്റുകളെന്ന് വ്യവസായ വകുപ്പ്. ഈ വര്‍ഷം മാത്രമുള്ള കണക്കാണിത്. സംസ്ഥാനത്ത് കൂടുതല്‍ ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും. ഇത്തരത്തില്‍ ആരംഭിക്കുന്ന വ്യവസായങ്ങള്‍ക്ക് പദ്ധതി ചെലവിന്റെ 35 ശതമാനം വരെയാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുക.
ചാനലുകള്‍ പരിശോധിക്കുന്നതിനും സബ്സ്‌ക്രിപ്ഷന്‍ പരിഷ്‌ക്കരിക്കുന്നതിനും വെബ്‌പോര്‍ട്ടലുമായി ട്രായ്
ആളുകള്‍ക്ക് ചാനലുകള്‍ പരിശോധിക്കുന്നതിനും സബ്സ്‌ക്രിപ്ഷന്‍ പരിഷ്‌ക്കരിക്കുന്നതിനും ടിവി ചാനല്‍ സെലക്ടര്‍ വെബ് പോര്‍ട്ടല്‍ ആരംഭിച്ച് ട്രായ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇതിനായി ആപ്പ് തുടങ്ങിയിരുന്നെങ്കിലും ആപ്പ് ഉപയോഗിക്കാന്‍ കഴിയാത്ത ഉപഭോക്താക്കള്‍ക്കായാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചതെന്ന് ട്രായ്. 'വിലയും ഗുണനിലവാരവും അഭിരുചിയും ഒപ്റ്റിമൈസ് ചെയ്ത് മികച്ച ചാനല്‍ സംയോജനം കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍' പോര്‍ട്ടല്‍ വരിക്കാരെ സഹായിക്കും.
ബിറ്റ്‌കോയിനും ഡോഴ്‌കോയിനും വീണു
ബുധനാഴ്ച്ച നഷ്ടത്തില്‍ കാലുവെച്ചാണ് ബിറ്റ്‌കോയിനും ഡോഴ്‌കോയിനും അടങ്ങുന്ന ക്രിപ്റ്റോ വിപണി. കഴിഞ്ഞ മൂന്നു ദിവസത്തെ ഭേദപ്പെട്ട പ്രകടനത്തിന് ശേഷം നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് തിരിഞ്ഞതാണ് കാരണം. ടെസ്ല മേധാവി മസ്‌കിന്റെ ട്വീറ്റ് ക്രിപ്റ്റോ വിപണിക്ക് ഉണര്‍വ് സമ്മാനിച്ചെങ്കിലും ഇന്ന് രാവിലെ നഷ്ടം രേഖപ്പെടുത്തി.
ഇന്നും വിലവര്‍ധന: സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക്
രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.70 രൂപയാണ് ഇന്നത്തെ വില. ഡീസല്‍വില 93.93 രൂപയായും ഉയര്‍ന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഈ മാസം ഇത് ഒന്‍പതാം തവണയാണ് രാജ്യത്ത്‌ ഇന്ധനവില വര്‍ധിപ്പിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 96.76 രൂപയും ഡീസലിന് 93.11 രൂപയാണ് ഇന്നത്തെ പുതുക്കിയ നിരക്ക്. കൊച്ചിയില്‍ യഥാക്രമം 97.13, 92.47 രൂപ എന്നിങ്ങനെയാണ് പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില.
നാലു ദിവസത്തെ മുന്നേറ്റം അവസാനിച്ചു, സൂചികകളില്‍ ഇടിവ്
തുടര്‍ച്ചയായ നാലു ദിവസത്തെ മുന്നേറ്റം അവസാനിച്ചു. ഓഹരി സൂചികകളില്‍ ഇടിവ്. സെന്‍സെക്‌സ് 271.07 പോയ്ന്റ് ഇടിഞ്ഞ് 52501.98 പോയ്ന്റിലും നിഫ്റ്റി 101.70 പോയ്ന്റ് ഇടിഞ്ഞ് 15767.55 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1441 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1790 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 124 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 11 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 13.72 ശതമാനം നേട്ടവുമായി എഫ്എസിടി മുന്നിലുണ്ട്. റബ്ഫില ഇന്റര്‍നാഷണല്‍ 11.32 ശതമാനം നേട്ടമുണ്ടാക്കി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (3.88 ശതമാനം), വണ്ടര്‍ ലാ ഹോളിഡേയ്‌സ് (3.52 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.55 ശതമാനം), ഹാരിസണ്‍സ് മലയാളം (2.32 ശതമാനം), നിറ്റ ജലാറ്റിന്‍ (2.12 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (1.04 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു.
കോവിഡ് അപ്‌ഡേറ്റ്‌സ്
കേരളത്തില്‍ ഇന്ന്
രോഗികള്‍: 13270
മരണം: 147
ഇന്ത്യയില്‍ ഇതുവരെ :
രോഗികള്‍:29,633,105
മരണം:379,573
ലോകത്ത് ഇതുവരെ :
രോഗികള്‍:176,642,863
മരണം:3,822,685





Related Articles
Next Story
Videos
Share it