ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 19, 2021

ഇന്ത്യയില്‍ നിന്നും 19,000 ത്തിലേറെ ബിരുദധാരികളെ റിക്രൂട്ട് ചെയ്തതായി ഇന്‍ഫോസിസ്

ഡിജിറ്റല്‍ ആക്‌സിലറേഷനായുള്ള ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഐടി മേജര്‍ ഇന്‍ഫോസിസ് ഇന്ത്യയില്‍ നിന്നും 19,230 ബിരുദധാരികളെയും 1,941 പേരെ ബിരുദധാരികളെയും അസോസിയേറ്റ് ഡിഗ്രി ഹോള്‍ഡര്‍മാരെയും റിക്രൂട്ട് ചെയ്തതായി ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി അറിയിച്ചു.
തട്ടിപ്പ് വ്യാപകം; എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് പണം പിന്‍വലിക്കുന്നത് മരവിപ്പിച്ച് എസ്ബിഐ
തട്ടിപ്പുകള്‍ വ്യാപകമായത് കണ്ടെത്തിയതിനെത്തുടര്‍ന്ന് എസ്ബിഐ എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് പണം പിന്‍വലിക്കുന്നത് മരവിപ്പിച്ചു. തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് ഐടി വിഭാഗം ശ്രമം നടത്തുകയാണ്. ഡെപ്പോസിറ്റ് മെഷീന്‍ സേവനം നിര്‍ത്തിയത് താല്‍ക്കാലികമായിട്ടാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെപ്പോസിറ്റ് മെഷീനില്‍ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നിക്ഷേപിക്കാനും പണം പിന്‍വലിക്കാനും സൗകര്യമുള്ള എടിഎം ഡെപ്പോസിറ്റ് മെഷീനുകളുണ്ട്. ഇവയില്‍ പലയിടത്തും തട്ടിപ്പ് നടന്നതായി കണ്ടെത്തി. വിഷയം പഠിച്ച് പരിഹരിക്കാനുള്ള ശ്രമത്തിലാണ് സ്റ്റേറ്റ് ബാങ്കിന്റെ ഐടി വിഭാഗമെന്നാമ് റിപ്പോര്‍ട്ട്.
ഹോള്‍മാര്‍ക്കിംഗും ബിഐഎസ് രജിസ്‌ട്രേഷനും; ഉടന്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി
ഹോള്‍മാര്‍ക്കിംഗ്, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്്) രജിസ്‌ട്രേഷന്‍ എന്നിവ ഇല്ലാത്ത സ്വര്‍ണ വ്യാപാരികള്‍ക്കെതിരെ ഒരു മാസത്തേക്ക് നടപടി പാടില്ലെന്ന് ഹൈക്കോടതി. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച റിട്ട് പെറ്റീഷന്‍ തിര്‍പ്പാക്കിയാണ് ജസ്റ്റിസ് വി ജി അരുണിന്റെ നിര്‍ദേശം.
മ്യൂച്വല്‍ ഫണ്ട്; 42,148 കോടി രൂപയുടെ നിക്ഷേപ വളര്‍ച്ച
മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) നിക്ഷേപം 4.67 ലക്ഷം കോടി രൂപയായെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) അറിയിച്ചു. നിക്ഷേപം മെയ് 31 വരെ 4,67,366.13 കോടി രൂപയായി. 2016 ഓഗസ്റ്റ് 31 ലെ 1,25,394 കോടി രൂപയില്‍ നിന്നാണ് വളര്‍ച്ച. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ 42,148 കോടി രൂപയുടെ നിക്ഷേപ വളര്‍ച്ചയുണ്ടായി. 2016 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മെയ് വരെ എസ്‌ഐപി അക്കൗണ്ടുകളില്‍ നാല് മടങ്ങ് വര്‍ധനയുണ്ടായി.
ഹ്യുണ്ടായ് അല്‍കാസര്‍ അവതരിപ്പിച്ചു: വില 16.30 ലക്ഷം രൂപ
ഇന്ത്യയിലെ വാഹന പ്രേമികള്‍ ഏറെ നാള്‍ കാത്തിരുന്ന ഹ്യുണ്ടായിയുടെ സെവന്‍ സീറ്റര്‍ വാഹനമായ അല്‍കാസര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 16.30 ലക്ഷം രൂപ (എക്സ് ഷോറൂം) തൊട്ടുള്ള വിലയ്ക്ക് അല്‍കാസര്‍ ഇന്ത്യയില്‍ സ്വന്തമാക്കാനാകും. പെട്രോള്‍ പതിപ്പിന് 16.30 ലക്ഷവും ഡീസല്‍ പതിപ്പിന് 16.53 ലക്ഷവുമാണ് തുടക്കവില. മോഡല്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ തങ്ങളുടെ ആദ്യ സെവന്‍ സീറ്റര്‍ വാഹനത്തിന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു. ക്രെറ്റയെ അടിസ്ഥാനമാക്കി രൂപകല്‍പ്പന ചെയ്ത അല്‍കാസര്‍ 6, 7 സീറ്റ് കോണ്‍ഫിഗറേഷനിലും ഇന്ത്യയില്‍ ലഭ്യമാണ്.
ഭക്ഷണം വാഹനങ്ങളില്‍ തന്നെ ലഭ്യമാക്കുന്ന കെടിഡിസിയുടെ പദ്ധതി തുടങ്ങി
കെടിഡിസിയുടെ ഭക്ഷണം വാഹനങ്ങളില്‍ തന്നെ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമാകുന്നു. ടൂറിസം രംഗത്തെ ഏറ്റവും വിപുലമായ ഹോട്ടല്‍ ശൃംഖലയാണ് കെടിഡിസിയുടേത്. ഇപ്പോഴത്തെ സ്ഥിതിയില്‍ കെടിഡിസി ഹോട്ടലുകള്‍ ജനങ്ങളിലേക്ക് തന്നെ ഇറങ്ങിച്ചെല്ലാനാണ് ഒരുങ്ങുന്നത്. കെടിഡിസി ഹോട്ടലുകളിലേക്ക് ചെന്നാല്‍ സ്വന്തം വാഹനത്തില്‍ തന്നെ ഇരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും കഴിക്കാനും സൗകര്യം ഒരുക്കുന്നതാണ് പുതിയ പദ്ധതി.

സ്പുട്‌നിക്-വി വാക്‌സിന്‍ വിപിഎസ് ലേക്ഷോറില്‍ ലഭ്യമാകും

റഷ്യയില്‍ വികസിപ്പിച്ചെടുത്ത സ്പുട്‌നിക്-വി വാക്‌സിന്‍ കൊച്ചി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ ലഭ്യമാകും. ഇന്ത്യയില്‍ സ്പുട്‌നിക് വാക്സിന്‍ നിര്‍മിക്കുന്ന ഡോ. റെഡ്ഡീസ് ലാബുമായി ആശുപത്രി അധികൃതര്‍ കരാര്‍ ഒപ്പുവച്ചു. വാക്‌സിന്‍ ലഭിക്കാന്‍ ബുക്കിങ്ങിനായി 75580 90011 എന്ന നമ്പറില്‍ വിളിക്കുക. രാജ്യത്തെ കടുത്ത വാക്‌സിന്‍ ക്ഷാമത്തിനിടയിലാണ് സ്പുട്‌നിക് വാക്‌സിന്‍ എത്തുന്നത്.

പരിശോധിച്ചത് 1,21,743 സാമ്പിളുകള്‍, സംസ്ഥാനത്ത്

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 1,21,743 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ പുതുതായി കോവിഡ് കണ്ടെത്തിയത് 12,443 പേര്‍ക്ക്. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂര്‍ 527, കാസര്‍ഗോഡ് 493, പത്തനംതിട്ട 433, ഇടുക്കി 324, വയനാട് 222 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. 24 മണിക്കൂറിനിടെ 1,21,743 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്നാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.


Related Articles
Next Story
Videos
Share it