യു.പി.ഐ വഴി ഇനി 5 ലക്ഷം രൂപ വരെ അയയ്ക്കാം; ആദ്യ ഘട്ടത്തില്‍ ഈ കാറ്റഗറികളില്‍ മാത്രം

യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴി പണം അടയ്ക്കുന്നവരാണോ നിങ്ങള്‍. ഏങ്കില്‍ ഒരു സന്തോഷവാര്‍ത്ത. യു.പി.ഐ വഴിയുള്ള ഇടപാടുകളുടെ പരിധി ഉയര്‍ത്തി. ആദ്യ ഘട്ടത്തില്‍ ചില പ്രത്യേക കാറ്റഗറികളിലുള്ള ഇടപാടുകളിലാകും ഈ ഇളവ് ലഭിക്കുക.

നികുതി പേയ്‌മെന്റുകള്‍, ആശുപത്രി ബില്ലുകള്‍, വിദ്യാഭ്യാസ സംബന്ധമായ സര്‍വീസുകള്‍, ഐ.പി.ഒ എന്നിവയ്ക്കാണ് 5 ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ ചെയ്യാന്‍ സാധിക്കുക. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ നിര്‍ദേശം യു.പി.ഐയെ ആശ്രയിക്കുന്ന നിരവധി പേര്‍ക്ക് ഗുണം ചെയ്യുന്നതാണ്.

നികുതി പേയ്‌മെന്റ് പ്രക്രിയ ലളിതമാക്കാനും ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്കായി യു.പി.ഐ ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ പരിഷ്‌കാരം കൊണ്ടുവന്നിരിക്കുന്നത്. ബാങ്കുകളും യു.പി.ഐ ആപ്പുകളും പുതിയ പുതിയ പരിധിയിലേക്ക് മാറാന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.പി.സി.ഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇടപാട്

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യു.പി.ഐ ഇടപാട് നടത്താന്‍ കഴിയുന്ന യു.പി.ഐ സര്‍ക്കിള്‍ എന്ന പുതിയ ഫീച്ചറും എന്‍.പി.സി.ഐ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഒരു യു.പി.ഐ ഉപയോക്താവിന്റെ അക്കൗണ്ട് ഉപയോഗിച്ച് അദ്ദേഹത്തിന്റെ അനുമതിയുടെയോ അല്ലെങ്കില്‍ മറ്റൊരാളെ ചുമതലപ്പെടുത്തിയോ ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന ഫീച്ചറാണിത്.
Related Articles
Next Story
Videos
Share it