Begin typing your search above and press return to search.
33 മാസത്തെ വന്‍ 'തിരിച്ചിറക്കത്തില്‍' ക്രൂഡ്ഓയില്‍; കാരണം ചൈനയെങ്കില്‍ നേട്ടം ഇന്ത്യയ്ക്ക്
അന്താരാഷ്ട്ര എണ്ണവില 33 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. 2021 ഡിസംബറിനുശേഷം ആദ്യമായിട്ടാണ് ക്രൂഡ്ഓയില്‍ വില 70 ഡോളറിന് താഴെയാകുന്നത്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് ഈ വര്‍ഷത്തെയും 2025ലെയും ആഗോള എണ്ണ ആവശ്യകത വെട്ടിക്കുറച്ചതിനു പിന്നാലെയാണ് വിലയിലും ഇടിവുണ്ടായത്.
ഡബ്ല്യു.ഡി.ഐ ക്രൂഡ്ഓയില്‍ നാലു ശതമാനത്തോളം ഇടിഞ്ഞ് 66 ഡോളറിലാണ്. ബ്രെന്റ് ഇനം ക്രൂഡിന് 69.60 ഡോളറും മര്‍ബന്‍ ക്രൂഡിന് 70 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. 2024ല്‍ ക്രുഡ്ഓയില്‍ ആവശ്യകത പ്രതിദിനം 2.11 മില്യണ്‍ ബാരലാകുമെന്നായിരുന്നു ഒപെകിന്റെ പ്രവചനം. ഇത് 2.03 മില്യണ്‍ ബാരലായി കുറയുമെന്നാണ് പുതിയ നിഗമനം.
2025ലെ ആവശ്യകതയും വലിയ തോതില്‍ കുറയുമെന്നാണ് ഒപെക് പറയുന്നത്. പ്രതിദിനം 1.74 മില്യണ്‍ ഡോളറില്‍ ഡിമാന്‍ഡ് എത്തുമെന്നാണ് സംഘടനയുടെ പ്രതീക്ഷ. ലിബിയയില്‍ നിന്നുള്ള എണ്ണ വിതരണം പഴയരീതിയില്‍ പുനസ്ഥാപിച്ചതാണ് കഴിഞ്ഞയാഴ്ച്ച എണ്ണവിലയില്‍ കുറവുണ്ടാകാന്‍ കാരണം.
വിലയിടിവിന് കാരണം ചൈന
ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡ് തുടര്‍ച്ചയായി കുറയുന്നതാണ് എണ്ണവിലയെ ബാധിക്കുന്നത്. ചൈനയില്‍ നിന്നുള്ള കയറ്റുമതി ഒന്നരവര്‍ഷത്തിനിടെയിലെ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും ആഭ്യന്തര ഡിമാന്‍ഡ് കാര്യമായി ഉയരുന്നില്ല. ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ചൈന. അതുകൊണ്ട് തന്നെ ചൈനയില്‍ ഉണ്ടാകുന്ന ഡിമാന്‍ഡ് കുറവ് എണ്ണവിലയെ വലിയതോതില്‍ ബാധിക്കും.
ചൈനയില്‍ നിന്നുള്ള കയറ്റുമതി ജൂലൈയിലെ 7 ശതമാനത്തില്‍ നിന്ന് 8.7 ശതമാനമായി ഉയര്‍ന്നെങ്കിലും ഇറക്കുമതി കുറയുകയാണ് ചെയ്തത്. ചൈനയുടെ എണ്ണ ആവശ്യകതയിലെ ഇടിവാണ് ഇതു കാണിക്കുന്നത്.
ഇന്ത്യയ്ക്ക് നേട്ടം
അന്താരാഷ്ട്ര വിപണിയില്‍ എണ്ണയ്ക്കുണ്ടാകുന്ന ഏതൊരു തിരിച്ചടിയും ഇന്ത്യയെ സന്തോഷിപ്പിക്കുന്നതാണ്. ആവശ്യകതയുടെ 80 ശതമാനത്തില്‍ അധികവും ഇറക്കുമതി ചെയ്യുകയാണെന്നത് തന്നെ കാരണം. ക്രൂഡ്ഓയില്‍ വില വന്‍തോതില്‍ ഇടിഞ്ഞതോടെ കൂടിയ അളവില്‍ എണ്ണ സംഭരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയ സമയത്തും ഇന്ത്യ കുറഞ്ഞ നിരക്കില്‍ എണ്ണ ശേഖരിച്ചിരുന്നു.
Next Story
Videos