Begin typing your search above and press return to search.
എണ്ണയ്ക്കായി ഇന്ത്യന്‍ 'നോട്ടം' ലാറ്റിനമേരിക്കയില്‍; ഒപെക് കുറവ് മറികടക്കാന്‍ ദീര്‍ഘകാല ലക്ഷ്യം
ഇന്ത്യയുടെ എണ്ണ ഉപഭോഗം 2028ല്‍ എത്തുമ്പോഴേക്കും പ്രതിദിനം 6.6 മില്യണ്‍ ബാരലിലെത്തുമെന്ന് റിപ്പോര്‍ട്ട്. എണ്ണ ഉപയോഗം കൂടുകയും പരമ്പരാഗത വിപണികളില്‍ നിന്നുള്ള ലഭ്യത കുറയുകയും ചെയ്യുന്നതോടെ പുതിയ മാര്‍ക്കറ്റുകള്‍ കണ്ടെത്താന്‍ രാജ്യം നിര്‍ബന്ധിതരാകും. നിലവില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ സിംഹഭാഗവും ഗള്‍ഫ്, റഷ്യ എന്നിവിടങ്ങളില്‍ നിന്നാണ്.
ഒപെക് പ്ലസ് രാജ്യങ്ങള്‍ ഉത്പാദനം വെട്ടിക്കുറയ്ക്കുന്നത് ഇന്ത്യയ്ക്കും ചൈനയ്ക്കും അടക്കം പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. ഇത്തരമൊരു അവസ്ഥയില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ ആശ്രയിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായേക്കുമെന്ന് യു.എസ് എനര്‍ജി ഇന്‍ഫോര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലാറ്റിനമേരിക്കന്‍ എണ്ണയില്‍ കണ്ണ്
ഒരുകാലത്ത് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ ഭൂരിഭാഗവും കൈയാളിയിരുന്നത് ഗള്‍ഫ് രാജ്യങ്ങളായിരുന്നു. എന്നാല്‍ ഈ ട്രെന്റ് തുടര്‍ച്ചയായി കുറയുന്നതിനാണ് കുറച്ചു കാലമായി കാണുന്നത്. 2022ല്‍ 2.6 മില്യണ്‍ ബാരല്‍ ആയിരുന്നു പ്രതിദിന ഇറക്കുമതിയെങ്കില്‍ 2023ല്‍ 2 ബില്യണ്‍ ബാരലായി താഴ്ന്നു. റഷ്യന്‍ എണ്ണയുടെ വരവ് വര്‍ധിച്ചതാണ് ഗള്‍ഫ് എണ്ണയുടെ പ്രതാപം കുറയാന്‍ കാരണം.
യു.എസ്, കാനഡ, ബ്രസീല്‍, കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഗയാന, അര്‍ജന്റീന എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ ഉത്പാദനം കൂടിയിട്ടുണ്ട്. ഉത്പാദനം കുറച്ച് ഡിമാന്‍ഡ് പിടിച്ചു നിര്‍ത്താനുള്ള ഒപെക്കിന്റെ ശ്രമങ്ങള്‍ പഴയതുപോലെ ഫലിക്കാതിരിക്കാന്‍ ഇതൊരു കാരണമാണ്. ഒപെക്ക് ഇതര രാജ്യങ്ങളിലെ പ്രതിദിന ഉത്പാദനം 1.5 മില്യണ്‍ ബാരലിലേക്ക് അടുത്ത വര്‍ഷം എത്തുമെന്നാണ് വിപണിയുടെ കണക്കുകൂട്ടല്‍.
ഇന്ത്യയുടെ എണ്ണം ഉപയോഗം 2037 വരെ പ്രതിവര്‍ഷം 4-5 ശതമാനം വീതം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. അസംസ്‌കൃത എണ്ണ ശുദ്ധീകരിക്കാനുള്ള പ്ലാന്റുകളുടെ നിര്‍മാണമോ വിപുലീകരണമോ ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഭാവിയിലേക്കുള്ള എണ്ണ ആവശ്യകത മുന്നില്‍ കണ്ടുള്ളതാണ് ഈ നീക്കങ്ങള്‍.
അതേസമയം, രാജ്യാന്തര തലത്തില്‍ എണ്ണ വിലയില്‍ കുറവുണ്ടായിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ രൂക്ഷത കുറഞ്ഞതാണ് കാരണം. ബ്രെന്റ് ഇനം രണ്ടര ശതമാനം താഴ്ന്ന് 79.55 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 75.86 ഉം യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 78.68 ഉം ഡോളറിലും വ്യാപാരം നടക്കുന്നു.
Next Story
Videos