ഐ.ഐ.ടിയില്‍ പഠിച്ചിട്ടും രക്ഷയില്ല, കാംപസ് പ്ലേസ്‌മെന്റ് ലഭിക്കാതെ ആയിരങ്ങള്‍

മിടുക്കന്‍മാര്‍ മാത്രം പഠിക്കുന്ന ഇടമായാണ് രാജ്യത്തെ മികവിന്റെ കേന്ദ്രങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളെ (IITs) വിശേഷിപ്പിക്കുന്നത്. പഠിച്ചിറങ്ങുന്ന എല്ലാവര്‍ക്കും തന്നെ കാംപസ്‌ പ്ലേമെന്റ് വഴി വമ്പന്‍ ഐ.ടി കമ്പനികളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ലഭിക്കുന്നുവെന്നതായിരുന്നു ഐ.ഐ.ടികളുടെ മുഖ്യ ആകര്‍ഷണം. എന്നാല്‍ ആ വസന്തകാലം അവസാനിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. 2024ല്‍ പഠിച്ചിറങ്ങിയ 8,000ത്തോളം ഐ.ഐ.ടിക്കാരും കാംപസ് പ്ലേസമെന്റില്‍ ജോലി കണ്ടെത്താനാകാതെ വിഷമത്തിലാണ്. രാജ്യത്തെ തൊഴില്ലാമയുടെ നേര്‍ സൂചകമായി ഐ.ഐ.ടിയില്‍ നിന്നുള്ള കണക്കുകളെയും കൂട്ടിവായിക്കാവുന്നതാണ്.

ഓരോ വർഷവും കുറയുന്നു

ഐ.ഐ.ടി കാണ്‍പൂരിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ധീരജ് സിംഗ് വിവരാവകാശ രേഖയിലൂടെ (Right to Information/RTIs)നേടിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. ആര്‍.ടി.ഐ വഴി ലഭിച്ച വിവരങ്ങള്‍ കൂടാതെ, മാധ്യമങ്ങള്‍, വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ എന്നിവയെയും അടിസ്ഥാനപ്പെടുത്തിയുള്ള വിവരങ്ങളാണ് ലിങ്കഡ്ഇന്നില്‍ (LinkedIn) പോസ്റ്റ് ചെയ്തത്. 2024ല്‍ 21,500 വിദ്യാര്‍ത്ഥികളാണ് രാജ്യത്തെ 23 ഐ.ഐ.ടികളില്‍ പ്രവേശനം നേടിയത്. ഇതില്‍ 13,410 പേര്‍ക്ക് കാംപസ് പ്ലേസ്‌മെന്റ് ലഭിച്ചപ്പോള്‍ 8,090 പേരും തൊഴില്‍ കാത്തിരിക്കുകയാണ്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കാംപസ്‌ പ്ലേസ്‌മെന്റ് ലഭിക്കാത്തവരുടെ എണ്ണം ഈ വര്‍ഷം ഇരട്ടിയായി. കഴിഞ്ഞ വര്‍ഷം 20,000പേര്‍ കാംപസ് പ്ലേസ്‌മെന്റിനു ശ്രമിച്ചതിൽ 15,830 പേര്‍ക്കും ശരാശരി 17.1 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ ജോലി ലഭിച്ചു. 4,180 പേര്‍ക്ക് പക്ഷെ കാംപസ് പ്ലേസ്‌മെന്റ് ലഭിച്ചിരുന്നില്ല.
അതേപോലെ 2022ലും 17,900 പേര്‍ രജിസ്റ്റര്‍ ചെയതതില്‍ മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് കാംപസ് പ്ലേസ്‌മെന്റ് ലഭിക്കാതെയുണ്ട്.
ശമ്പള പാക്കേജില്‍ വന്‍ ഇടിവ്
ഐ.ഐ.ടിയില്‍ പഠിച്ചിറങ്ങുന്ന ചുരുക്കം ചിലര്‍ ഒരു കോടിയും രണ്ടുകോടിയുമൊക്കെ ശമ്പളത്തോടെ പ്ലേസ്‌മെന്റ് സ്വന്തമാക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേര്‍ക്കും 10 ലക്ഷത്തില്‍ താഴെ വാര്‍ഷിക പാക്കേജാണ് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിലര്‍ക്കിത് 3.6 ലക്ഷം മുതല്‍ 6 ലക്ഷം രൂപവരെയാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ ജോലി കിട്ടാത്തവര്‍ക്കായി പൂര്‍വ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയും ഐ.ഐ.ഐ.ടി ഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തുന്നുണ്ട്. കുറെ പേര്‍ക്ക് ഇതു വഴി ജോലി കണ്ടെത്താനാകും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it