പേജറുകളില്‍ കയറിക്കൂടി മൊസാദ് അട്ടിമറി, തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള; പശ്ചിമേഷ്യയില്‍ ഇനിയെന്ത്?

ഇസ്രയേലി ചാരക്കണ്ണുകളെ വെട്ടിക്കാന്‍ ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു. തായ്‌വാനില്‍ നിന്നും വാങ്ങിയ ആയിരക്കണക്കിന് പേജറുകളാണ് കഴിഞ്ഞ ദിവസം ഒരുമിച്ച് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഒരു പെണ്‍കുട്ടിയടക്കം 9 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദാണെന്ന് ലെബനന്‍ ആരോപിച്ചു. ആക്രമണത്തില്‍ ലെബനനിലെ ഉന്നത ഉദ്യോഗസ്ഥരും ഇറാന്‍ അംബാസഡറുമടക്കം മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. കൂടുതല്‍ പേര്‍ക്കും മുഖത്തും വയറിലും കൈകളിലുമാണ് പരിക്കേറ്റത്. ലെബനനില്‍ ആളുകളുടെ പോക്കറ്റില്‍ കിടന്ന പേജറുകള്‍ പൊട്ടിത്തെറിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.

എന്താണ് പേജര്‍

ചെറിയ ടെക്‌സ് മെസേജുകള്‍ അയക്കുവാനും സ്വീകരിക്കുവാനും ഉപയോഗിക്കുന്ന ചെറിയ ഇലക്ട്രോണിക് ഉപകരണമാണ് ബീപ്പര്‍ എന്ന പേരിലും അറിയപ്പെടുന്ന പേജറുകള്‍. മൊബൈല്‍ ഫോണിനും മുമ്പ് വ്യാപകമായിരുന്ന ബീപ്പറുകള്‍ റേഡിയോ തരംഗങ്ങള്‍ വഴിയാണ് പ്രവര്‍ത്തിക്കുന്നത്. ന്യൂമെറിക് (നമ്പരുകള്‍) അല്ലെങ്കില്‍ ആല്‍ഫാന്യൂമെറിക് (ടെക്സ്റ്റ്) രൂപത്തിലാണ് സന്ദേശങ്ങള്‍ കൈമാറുന്നത്. ഉപയോഗിക്കുന്നയാളിന്റെ ലൊക്കേഷന്‍ കണ്ടെത്താന്‍ എളുപ്പത്തില്‍ സാധിക്കാത്തതിനാല്‍ തീവ്ര-രഹസ്യ സംഘങ്ങള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് ഇല്ലാത്ത സ്ഥലങ്ങളില്‍ പോലും ആശയവിനിമയം സാധ്യമാണ്. എന്നാല്‍ ഫീച്ചറുകള്‍ നിറഞ്ഞ മൊബൈല്‍ ഫോണുകള്‍ വന്നതോടെ പേജറുകളുടെ ഉപയോഗം കുറയുകയായിരുന്നു. ഇസ്രയേലി ചാരസംഘടനകളുടെ നിരീക്ഷണത്തില്‍ നിന്നും പുറത്തുകടക്കാന്‍ ഈ വര്‍ഷം ഫെബ്രുവരി മുതലാണ് സ്മാര്‍ട്ട് ഫോണുകള്‍ ഉപേക്ഷിച്ച് പുതിയ പേജറുകള്‍ വാങ്ങിയത്.

പേജറുകള്‍ ദുരൂഹമായി പൊട്ടിത്തെറിച്ചതെങ്ങനെ

സെല്ലുലാര്‍ നെറ്റ്‌വര്‍ക്കുമായി ബന്ധമില്ലാത്ത പേജറുകള്‍ എങ്ങനെയാണ് ഒരേസമയത്ത് പൊട്ടിത്തെറിച്ചതെന്ന് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ഇതുസംബന്ധിച്ച് നിരവധി വിശദീകരണങ്ങള്‍ പ്രചരിക്കുന്നുണ്ട്. തായ്‌വാനിലെ ഗോള്‍ഡ് അപ്പോളോ കമ്പനിയില്‍ നിന്ന് അടുത്തിടെ ഹിസ്ബുള്ള ഓര്‍ഡര്‍ നല്‍കിയ 5,000 പേജറുകളില്‍ മാസങ്ങള്‍ക്ക് മുമ്പ് ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചുവെന്നാണ് ഒരുവിഭാഗം വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം. പേജറിലെ ബാറ്ററികള്‍ ചൂടുപിടിപ്പിച്ച് പൊട്ടിത്തെറിപ്പിച്ചതാണെന്ന് വാദവും ഉയരുന്നുണ്ട്. എന്നാല്‍ വിതരണ ശൃംഖലയില്‍ കടന്നുകയറി പേജറുകളില്‍ സ്‌ഫോടക വസ്തു ഘടിപ്പിച്ചതാണെന്ന വാദത്തിനാണ് മുന്‍ഗണന. ഇതിന് ഏറെക്കാലത്തെ തയ്യാറെടുപ്പ് വേണ്ടിവന്നിട്ടുണ്ടാകാമെന്നും വിദഗ്ധര്‍ പറയുന്നു. പേജറിലെ ഏതെങ്കിലും ഇലക്ട്രോണിക് കംപോണന്റില്‍ 10 മുതല്‍ 20 ഗ്രാം വരെ അതീവ പ്രഹര ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരിക്കാമെന്നാണ് ബ്രിട്ടീഷ് സൈനിക വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം. ആല്‍ഫാ ന്യൂമെറിക് സന്ദേശമുപയോഗിച്ച് ഇവയെ ട്രിഗര്‍ ചെയ്ത് സ്‌ഫോടനമുണ്ടാക്കാന്‍ സാധിക്കുമെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

നിര്‍മിച്ചത് അജ്ഞാത കമ്പനി

തായ്‌വാനിലെ ഗോള്‍ഡ് അപ്പോളോ കമ്പനിയില്‍ നിന്നും പേജറുകള്‍ വാങ്ങിയെന്നാണ് ഹിസ്ബുള്ള കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ നിലവില്‍ പേജറുകള്‍ ഉത്പാദിപ്പിക്കുന്നില്ലെന്നാണ് ഗോള്‍ഡ് അപ്പോളോ കമ്പനിയുടെ വിശദീകരണം. ബി.എ.സി എന്നൊരു യൂറോപ്യന്‍ കമ്പനിക്ക് പേജറുകള്‍ വില്‍ക്കാനുള്ള ലൈസന്‍സ് നല്‍കിയിരുന്നുവെന്നും ഇവര്‍ പറയുന്നു. ഈ കമ്പനിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുണ്ടെങ്കില്‍ മാത്രമേ ഇത്തരത്തിലൊരു ആക്രമണം നടത്താന്‍ കഴിയൂ എന്നാണ് പ്രതിരോധ വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം. മാസങ്ങള്‍ക്ക് മുമ്പ് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന സമയത്ത് തന്നെ ഇതില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്നുവെന്നാണ് അനുമാനം. അത്യാധുനിക ഉപകരണങ്ങള്‍ കൊണ്ട് പരിശോധിച്ചാലും കണ്ടുപിടിക്കാന്‍ കഴിയാത്ത തരത്തിലാണ് ഇവ ഇലക്ട്രോണിക് കംപോണന്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചത്. ഇതെങ്ങനെ സാധ്യമായെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്.

തിരിച്ചടിക്കുമെന്ന് ലെബനന്‍

അടുത്തിടെയുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ യുദ്ധഭീതി തുടരുന്നതിനിടെയാണ് ലോകത്തെ ഞെട്ടിച്ച പേജര്‍ സ്‌ഫോടന പരമ്പരയുണ്ടാകുന്നത്. സുരക്ഷാകാര്യങ്ങളില്‍ വലിയ ശ്രദ്ധപുലര്‍ത്തുന്ന ഹിസ്ബുള്ളയ്ക്ക് അടുത്തകാലത്ത് നേരിട്ട ഏറ്റവും വലിയ തിരിച്ചടി കൂടിയാണിത്. സംഭവത്തിന് പിന്നാലെ പേജറുകള്‍ അടിയന്തരമായി ഉപേക്ഷിക്കാന്‍ ഹിസ്ബുള്ള പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഭവം രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച ലെബനന്‍ പലസ്തീന്‍ ജനതയോടുള്ള പിന്തുണ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളയും ആഹ്വാനം ചെയ്തത് പശ്ചിമേഷ്യയെ വീണ്ടും പ്രതിസന്ധിയിലാക്കി. സംഭവത്തില്‍ യു.എന്നിന് പരാതി നല്‍കുമെന്നും ലെബനന്‍ പറഞ്ഞു.

ആക്രമണത്തിന് പിന്നില്‍ മൊസാദ്?

ഇറാന്‍ നേതൃത്വം നല്‍കുന്ന പ്രതിരോധത്തിന്റെ അച്ചുതണ്ടില്‍ ( Axis Of Resisitance) അംഗമായ ഹിസ്ബുള്ള ഗാസ യുദ്ധം തുടങ്ങിയത് മുതല്‍ ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ യുദ്ധത്തിലാണ്. ഇതുമൂലം ഇവിടെ താമസിച്ചിരുന്ന 60,000 ഇസ്രായേലികളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇവരെ തിരിച്ചെത്തിക്കാനുള്ള ദൗത്യം കൂടി യുദ്ധത്തിനുണ്ടെന്ന ഇസ്രയേല്‍ സുരക്ഷാ ക്യാബിനറ്റിന്റെ തീരുമാനം വന്നതിന് പിന്നാലെയാണ് പേജര്‍ ആക്രമണമുണ്ടായതെന്നും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രതിനിധിയോട് രാജ്യത്തിന്റെ സുരക്ഷയുറപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ഇതെല്ലാം ആക്രമണത്തിന് പിന്നില്‍ ചാരസംഘടനയായ മൊസാദാണെന്നതിന് തെളിവാണെന്നാണ് ഹിസ്ബുള്ള ചൂണ്ടിക്കാട്ടുന്നത്.

പശ്ചിമേഷ്യയില്‍ ഇനിയെന്ത്?

മാസങ്ങളായി ഗാസയില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്നുണ്ടെങ്കിലും മറ്റ് രാജ്യങ്ങള്‍ പൂര്‍ണതോതില്‍ യുദ്ധത്തിലേക്ക് നീങ്ങിയിട്ടില്ല. ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന ഇറാന്റെ ഭീഷണി നിലനില്‍ക്കുന്നുമുണ്ട്. ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതി വിഭാഗം കഴിഞ്ഞ ദിവസം ഇസ്രയേലിലേക്ക് ബാലിസ്റ്റിക്ക് മിസൈലാക്രമണം നടത്തിയിരുന്നു. ചെങ്കടല്‍ വഴിയുള്ള ഇസ്രയേല്‍ ബന്ധങ്ങളുള്ള കപ്പലുകളെ ലക്ഷ്യമിട്ടും ഹൂതികളുടെ ആക്രമണം തുടരുകയാണ്. ഇറാന്റെ പിന്തുണയോടെ ഇസ്രയേലിനെതിരെ ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കാന്‍ അമേരിക്കയും മേഖലയില്‍ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഹിസ്ബുള്ള ആഹ്വാനം ചെയ്തതോടെ മേഖല പൂര്‍ണതോതില്‍ യുദ്ധത്തിലേക്ക് പോകുമോ എന്നാണ് ഇപ്പോള്‍ ലോകം വീക്ഷിക്കുന്നത്. പശ്ചിമേഷ്യ പൂര്‍ണതോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെയെല്ലാം ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

Related Articles

Next Story

Videos

Share it