Begin typing your search above and press return to search.
പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് സ്തംഭനത്തോടെ തുടക്കം; ബഹളമയം
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കം. ഒച്ചപ്പാടുകള്‍ക്കിടയില്‍ ആദ്യ ഒരു മണിക്കൂര്‍ സഭാനടപടികള്‍ നിര്‍ത്തിവെക്കേണ്ടി വന്നു. അദാനിക്കെതിരായ യു.എസ് കോടതിയിലെ കുറ്റപത്രത്തെക്കുറിച്ച് പാര്‍ലമെന്റ് വിശദമായി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുകയാണ്. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെയും വയനാട് അടക്കം വിവിധ ഉപതെരഞ്ഞെടുപ്പുകളുടെയും ഫലം പുറത്തു വന്നതിനു പിന്നാലെ നടക്കുന്ന സമ്മേളനത്തില്‍, അതിന്റെ ആവേശവും പ്രതിഫലിക്കുന്നു.
വിവാദ വഖഫ് നിയമഭേദഗതി അടക്കം 15 ബില്ലുകള്‍ ഈ സമ്മേളനത്തിന്റെ പരിഗണനക്ക് വരുന്നുണ്ട്. മര്‍ച്ചന്റ് ഷിപ്പിംഗ് ബില്‍, കോസ്റ്റല്‍ ഷിപ്പിംഗ് ബില്‍, ഇന്ത്യന്‍ പോര്‍ട്ട്‌സ് ബില്‍, ബാങ്കിംഗ് നിയമഭേദഗതി ബില്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടും. സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പായിരിക്കേ, പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ലമെന്റിനെയും ജനാധിപത്യത്തെയും തുടര്‍ച്ചയായി അനാദരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
യു.പി സംഘര്‍ഷവും വിഷയമാകും
യു.പിയിലെ സംഘര്‍ഷ സാഹചര്യങ്ങളാണ് പാര്‍ലമെന്റില്‍ പ്രധാനമാവുന്ന മറ്റൊരു സംഭവം. കോടതി ഉത്തരവനുസരിച്ച് സംഭാലിലെ മസ്ജിദില്‍ സര്‍വേ നടത്താന്‍ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതിശന തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും വെടിവെയ്പിലും മരണം നാലായി. 20 പോലീസുകാര്‍ക്കെങ്കിലും പരിക്കേറ്റു. സംഭാല്‍ താലൂക്കില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞിരിക്കുകയാണ്. 12-ാം ക്ലാസ് വരെയുള്ള വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. 1529ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ ഇവിടെ ഉണ്ടായിരുന്ന ക്ഷേത്രം തകര്‍ത്തു ജുമാ മസ്ജിദ് പണിതുവെന്നാണ് ഹിന്ദുപക്ഷത്തിന്റെ വാദം. ഹിന്ദു സംഘടനകളുടെ ഹരജിയിലാണ് സംഭാല്‍ സിവില്‍ ജഡ്ജി സര്‍വേക്ക് ഉത്തരവിട്ടത്. സര്‍വേ നടപടികള്‍ക്ക് എത്തിയവരെ ജനക്കൂട്ടം കല്ലെറിഞ്ഞ് ഓടിക്കാന്‍ ശ്രമിച്ചു. ഇത് വന്‍സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു.
ഒപ്പിടാന്‍ ഡിജിറ്റല്‍ പേനകള്‍
ഹാജര്‍ രേഖപ്പെടുത്താന്‍ ലോക്‌സഭ അംഗങ്ങള്‍ ഇന്നു മുതല്‍ ഇലക്‌ട്രോണിക് ടാബുകളിലെ ഡിജിറ്റല്‍ പേനകള്‍ ഉപയോഗിക്കുകയാണ്. ലോക്‌സഭാ ലോബിയിലെ നാലു കൗണ്ടറുകളിലായി ഇലക്‌ട്രോണിക് ടാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പാര്‍ലമെന്റ് കടലാസ് രഹിതമാക്കാനുളള നടപടികളിലെ പുതിയ ഉദ്യമമാണിത്. അതേസമയം, ഈ രീതിയിലല്ലാതെ പതിവു രീതിയില്‍ ഒപ്പിടാനുള്ള സൗകര്യം തുടരുകയും ചെയ്യും. ഡിസംബര്‍ 20 വരെയാണ് ശീതകാല പാര്‍ലമെന്റ് സമ്മേളനം.
Next Story
Videos