കുപ്പിവെള്ളത്തിന് അഞ്ചു രൂപ കൂടുതല്‍ വാങ്ങിയ കാറ്ററിംഗ് സര്‍വീസുകാരന് പിഴ ലക്ഷം രൂപ; പരാതി പറയാന്‍ മടി വേണ്ട

കുപ്പിവെള്ളത്തിന് അഞ്ചു രൂപ വീതം യാത്രക്കാരില്‍ നിന്ന് കൂടുതലായി ഈടാക്കിയ കാറ്ററിംഗ് സര്‍വീസുകാര്‍ക്ക് ഒരുലക്ഷം രൂപ പിഴയിട്ട് റെയില്‍വേ. റെയില്‍ നീര്‍ എന്ന ബ്രാന്‍ഡിന് നിശ്ചിത വിലയായ 15 രൂപക്കു പകരം 20 രൂപ ചോദിച്ചു വാങ്ങുന്നതിന്റെ വീഡിയോ ചിത്രം പൂജ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലെ ഒരു യാത്രക്കാരന്‍ സമൂഹ മാധ്യമങ്ങളില്‍ നല്‍കിയത് വൈറലായിരുന്നു. ഈ യാത്രക്കാരന്‍ ട്രെയിനില്‍ നിന്നു തന്നെ റെയില്‍വേയുടെ 139 എന്ന ഹെല്‍പ്‌ലൈന്‍ നമ്പറില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കാറ്ററിംഗ് കമ്പനിക്ക് പിഴ ഇട്ടത്. പരാതി നല്‍കിയതിനു തൊട്ടു പിന്നാലെ കാറ്ററിംഗ് സര്‍വീസ് പ്രതിനിധി എത്തുകയും, അധികമായി വാങ്ങിയ അഞ്ചു രൂപ തിരിച്ചു കൊടുക്കുകയും ചെയ്തിരുന്നു.

റെയില്‍വേക്ക് എങ്ങനെ പരാതി നല്‍കാം?

താഴെ പറയുന്ന രീതിയില്‍ റെയില്‍വേക്ക് പരാതി നല്‍കാന്‍ യാത്രക്കാര്‍ക്ക് സൗകര്യമുണ്ട്.
ഹെല്‍പ്‌ലൈന്‍ നമ്പരായ 139 ഡയല്‍ ചെയ്ത് പരാതി അറിയിക്കുക.
റെയില്‍വേ വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ നല്‍കുക.
പരാതി നല്‍കാനുള്ള നിശ്ചിത ഫോറമായ റെയില്‍മദദില്‍ പരാതി എഴുതി നല്‍കുക.
9717680982 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കുക.
സുരക്ഷാപരമായ ആവശ്യങ്ങള്‍ക്ക് 182ല്‍ വിളിക്കുക.
Related Articles
Next Story
Videos
Share it