യാത്രക്കാർക്കുള്ള സേവനം: സിയാലിന് ആഗോള പുരസ്‌കാരം

യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ മികവിന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ തേടി വീണ്ടും രാജ്യാന്തര പുരസ്‌കാരം. എയര്‍പോര്‍ട്ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എസിഐ) ഡയറക്റ്റര്‍ ജനറല്‍സ് റോള്‍ ഓഫ് എക്‌സലന്‍സിലാണ് സിയാല്‍ ഇടം നേടിയിരിക്കുന്നത്. വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്കിടയില്‍ നടത്തുന്ന അഭിപ്രായ സര്‍വെയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം നല്‍കുന്നത്.

വിമാനയാത്രികര്‍ക്ക് ലഭ്യമാക്കുന്ന സേവനങ്ങളില്‍ അവരുടെ സംതൃപ്തി അളക്കുന്നതിനുള്ള രാജ്യാന്തര തലത്തിലെ തന്നെയുള്ള പ്രമുഖ ബെഞ്ച്മാര്‍ക്കിംഗാണ് എസിഐ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി (എഎസ്‌ക്യു). എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റിയില്‍ സുസ്ഥിരമായി മികവ് പുലര്‍ത്തുന്ന എയര്‍പോര്‍ട്ടുകളെയാണ് റോള്‍ ഓഫ് എക്‌സലന്‍സില്‍ ഉള്‍പ്പെടുത്തുക. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അഞ്ചു തവണ സിയാല്‍ എഎസ്‌ക്യു അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. സര്‍വീസ് ക്വാളിറ്റി എക്‌സലന്‍സില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഒരു റോള്‍ മോഡലായി തുടരുമെന്ന് എസിഐ വേള്‍ഡ് ഡയറക്റ്റര്‍ ജനറല്‍ ലൂയി ഫിലിപ്പെ ഡി ഒലിവേറിയ, സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്റ്റര്‍ എസികെ നായര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

സെപ്തംബര്‍ എട്ട്, ഒന്‍പത് തിയതികളില്‍ കാനഡയിലെ മോണ്‍ട്രിയലില്‍ നടക്കുന്ന ചടങ്ങില്‍ വെച്ചാണ് പുരസ്‌കാര വിതരണം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it