യുഎസില്‍ കോവിഡ് വാക്‌സിനേഷന്‍ തുടങ്ങി; പ്രതീക്ഷയോടെ ലോകം

കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ആദ്യ ഘട്ടത്തിന് തിങ്കളാഴ്ചയോടെ രാജ്യത്ത് തുടക്കമായി. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യമാണ് രാജ്യത്ത് ആരംഭിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഏറ്റവും അധികം രോഗികളുള്ളതും 30,000ത്തിലേറെ പേര്‍ വൈറസ് ബാധ മൂലം മരണപ്പെട്ടതുമായ സ്ഥലമാണ് അമേരിക്ക എന്നതിനാല്‍ തന്നെ വാക്‌സിന്‍ ഫലത്തെ ആകാംക്ഷയോടെയാണ് ലോകജനത മുഴുവന്‍ ഉറ്റു നോക്കുന്നത്. ഫൈസര്‍ വാക്‌സിനാണ് അമേരിക്കയില്‍ വിതരണം ചെയ്യുന്നത്. വെള്ളിയാഴ്ചയാണ് യുഎഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും വാക്‌സിന് അനുമതി നല്‍കിയത്.

636 കേന്ദ്രങ്ങളില്‍ വിതരണം ചെയ്യാനുള്ള വാക്‌സിനുമായി മിഷിഗണിലെ ഫൈസര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് ഞായറാഴ്ചയാണ് ആദ്യ ട്രക്ക് പുറപ്പെട്ടത്. തിങ്കളാഴ്ച ഏകദേശം 150 ആശുപത്രികളിലാണ് കുത്തി വെയ്പ്പ് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ 30 ലക്ഷം ഡോസ് ആണ് വിതരണം ചെയ്യുന്നത്.
ഏപ്രിലോടെ 10 കോടി പേര്‍ക്കു നല്‍കുകയാണു ലക്ഷ്യം. അമേരിക്കന്‍ ജനതയ്ക്ക് മുഴുവന്‍ അടുത്ത മാസം പാതിയോടെ വാക്‌സിന്‍ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭരണകൂടം.
നേരത്തെ നിശ്ചയിക്കപ്പെട്ടത് പോലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റില്‍ തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സ് സാന്ദ്ര ലിന്‍ഡ്‌സെയാണ് ആദ്യം വാക്‌സിന്‍ സ്വീകരിച്ചത്. മറ്റ് വാക്‌സിനുകള്‍ സ്വീകരിക്കുന്നതിന് സമാനമമായ അനുഭവം തന്നെയാണ് കൊവിഡ് വാക്‌സിനെടുത്തപ്പോഴും തോന്നിയതെന്ന് ഇവര്‍ പറയുന്നു.
അതേസമയം ചരിത്രത്തിലെ വളരെ വേദനാജനകമായ സമയത്തിന്റെ അവസാനത്തിന്റെ അടയാളമായിരിക്കട്ടെ ഇതെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it