യുപിഐ ഇടപാടുകള്‍: ഗൂഗിള്‍ പേ ആപ്പിനെ പിന്തള്ളി ഫോണ്‍പേ ഒന്നാമത്

ഫോണ്‍പേ ആണ് ഇന്ത്യയില്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി ഏറ്റവുമധികം ഇടപാടുകള്‍ ഡിസംബര്‍ മാസത്തില്‍ നടത്തിയ ആപ്പ്.

നേരത്തെ മുന്‍നിരയില്‍ ഉണ്ടായിരുന്ന ഗൂഗിള്‍ പേ ആപ്പിനെ പിന്തള്ളിയാണ് വാള്‍മാര്‍ട്ട് പിന്തുണയുള്ള ഫോണ്‍പേ ഈ നേട്ടം കൈവരിച്ചത്.

നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) കണക്കുപ്രകാരം 1.82 ട്രില്യണ്‍ രൂപയുടെ മൂല്യമുള്ള 902.03 മില്യണ്‍ ഇടപാടുകളാണ് ഫോണ്‍പേ കഴിഞ്ഞ മാസം നടത്തിയത്. ഗൂഗിള്‍ പേയ്ക്ക് 1.76 ട്രില്യണ്‍ രൂപയുടെ 854.49 മില്യണ്‍ ഇടപാടുകളാണ് ഉണ്ടായിരുന്നത്.

എന്നാല്‍ നവംബറിനെ അപേക്ഷിച്ചു ഇടപാടുകളുടെ എണ്ണത്തില്‍ 11 ശതമാനം ഇടിവാണ് ഗൂഗിള്‍ പേക്ക് ഉണ്ടായത്.

നവംബറില്‍ ഗൂഗിള്‍ പേയില്‍ 1.61 ട്രില്യണ്‍ രൂപയുടെ മൂല്യമുള്ള 960.02 മില്യണ്‍ ഇടപാടുകള്‍ നടന്നപ്പോള്‍ ഫോണ്‍പെയ്ക്ക് ഉണ്ടായിരുന്നത് 1.75 ട്രില്യണ്‍ രൂപയുടെ 868.4 മില്യണ്‍ ഇടപാടുകള്‍ ആയിരുന്നു.

ഒക്ടോബറിലെ കണക്കു പ്രകാരം ഗൂഗിള്‍ പേ 857.81 മില്യണ്‍ ഇടപാടുകള്‍ നടത്തിയപ്പോള്‍ ഫോണ്‍പേ 839.88 ദശലക്ഷം ഇടപാടുകളുമായി രണ്ടാം സ്ഥാനത്തായിരുന്നു.

ഇടപാടുകളുടെ കണക്കെടുക്കുമ്പോള്‍ ഈ രണ്ടു ആപ്പുകളും കൂടി യുപിഐ മാര്‍ക്കറ്റിന്റെ 78 ശതമാനത്തിലധികവും കയ്യടക്കിയിരിക്കുന്നുവെന്നു കാണാം. ഡിസംബറിലെ ഇടപാടുകളുടെ മൂല്യം അനുസരിച്ച് വിപണിയുടെ 86 ശതമാനവും ഈ രണ്ട് അപ്പുകള്‍ക്കാണ്.

നവംബറില്‍ ഈ രണ്ട് ആപ്ലിക്കേഷനുകള്‍ക്കും കൂടി ഇടപാടുകളുടെ 82 ശതമാനത്തിലധികവും 86 ശതമാനം മൂല്യവും ഉണ്ടായിരുന്നു. പേടിഎം പേയ്‌മെന്റ് ബാങ്ക് ആപ്പ് ആണ് ഫോണ്‍പേയും ഗൂഗിള്‍ പേയും ഉപയോഗിക്കുന്നത്. ഡിസംബറിലെ കണക്ക് അനുസരിച്ചു ഇരുവരും നടത്തിയത് 256.36 മില്യണ്‍ ഇടപാടുകളാണ്. മൂല്യം അനുസരിച്ചു ഇത് 31,291.83 കോടി രൂപയാണ്.

അതെ സമയം ഈ രംഗത്തു പുതുതായി പ്രവേശിച്ച വാട്‌സ്ആപ്പ് 29.72 കോടി രൂപയുടെ മൂല്യമുള്ള 810,000 ഇടപാടുകളാണ് ഡിസംബറില്‍ നടത്തിയത്. നവംബറില്‍ ഇത് 13.87 കോടി രൂപയുടെ 310,000 ഇടപാടുകള്‍ ആയിരുന്നു.

മറ്റ് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ദാതാക്കളായ ആമസോണ്‍ പേ 3,508.93 കോടി രൂപയുടെ 40.53 ദശലക്ഷം ഇടപാടുകള്‍ നടത്തിയപ്പോള്‍എന്‍പിസിഐയുടെ ഭീം ആപ്പ് 7,748.29 കോടി രൂപയുടെ 24.8 ദശലക്ഷം ഇടപാടുകള്‍ ചെയ്തു.

ഡിസംബറില്‍ 4.16 ട്രില്യണ്‍ രൂപയുടെ 2.23 ബില്യണ്‍ ഇടപാടുകള്‍ ആണ് യുപിഐ കൈകാര്യം ചെയ്തത്. ഇത് ഇടപാടിന്റെ കാര്യത്തിലും മൂല്യത്തിലും സര്‍വകാല റെക്കോര്‍ഡാണ്. കൂടാതെ തുടര്‍ച്ചയായ മൂന്നാം മാസവും 2 ബില്യണ്‍ രൂപയുടെ റെക്കോര്‍ഡ് ഭേദിച്ചു.

നവംബറില്‍ യുപിഐ 3.9 ട്രില്യണ്‍ രൂപയുടെ മൂല്യമുള്ള 2.21 ബില്യണ്‍ ഇടപാടുകള്‍ ആയിരുന്നു നടത്തിയത്. ഒക്ടോബറില്‍ ഇത് 3.86 ട്രില്യണ്‍ രൂപയുടെ ഇടപാടുകളായിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it