Begin typing your search above and press return to search.
ജനസംഖ്യ വെറും 4.49 ലക്ഷം, ബ്രൂണൈയില്‍ മോദി 'പ്ലാനിംഗ്' ചെറുതല്ല; ഒരുവെടിക്ക് രണ്ടുപക്ഷി
ചൈനീസ് നീക്കങ്ങള്‍ അതേ രീതിയില്‍ തിരിച്ചടി നല്‍കാനും അതുവഴി മറ്റ് പല നേട്ടങ്ങളും മോദി മനസില്‍ കാണുന്നുണ്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടത്തിയ വിദേശ സന്ദര്‍ശനം ഏവരിലും ചെറിയ അമ്പരപ്പ് സൃഷ്ടിച്ചിരുന്നു. സാധാരണ വലിയ രാജ്യങ്ങളുമായി വ്യാപാര, വാണിജ്യ, നയതന്ത്ര ബന്ധങ്ങള്‍ക്കായിട്ടായിരുന്നു പ്രധാനമന്ത്രി വിദേശയാത്ര നടത്താറുള്ളത്. എന്നാല്‍ ഇത്തവണ ബ്രൂണൈ എന്ന അഞ്ച് ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള രാജ്യത്തിലേക്കാണ് അദ്ദേഹം വിമാനം കയറിയത്. മോദിയുടെ ബ്രൂണൈ സന്ദര്‍ശനത്തിന് പിന്നില്‍ വലിയ കാര്യങ്ങളുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
ചൈനീസ് കടന്നുവരവ്
ഭൂമിശാസ്ത്രപരമായി ബ്രൂണൈ ഉള്‍പ്പെടുന്ന അസിയാന്‍ മേഖല ഇന്ത്യയ്ക്ക് വലിയ പ്രാധാന്യമുള്ളതാണ്. അടുത്തിടെയായി ചൈനയുടെ കണ്ണുകള്‍ ബ്രൂണൈയിലുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ചൈനീസ് ഉന്നത ഉദ്യോഗസ്ഥര്‍ നിരന്തരം ഈ രാജ്യത്ത് സന്ദര്‍ശനം നടത്തുന്നുണ്ട്. ബ്രൂണൈയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും ഇപ്പോള്‍ ചൈനയാണ്. ഇന്ത്യയുടെ 286 മില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 2.6 ബില്യണ്‍ ഡോളറുമായി ചൈനയുമായുള്ള ഇടപാട് ഏറെ ഉയര്‍ന്നതാണ്. ചൈനീസ് സാന്നിധ്യം വര്‍ധിക്കുന്നുവെന്ന തിരിച്ചറിവ് തന്നെയാണ് ബ്രൂണൈ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ മോദിയെ പ്രേരിപ്പിച്ചത്.
ബ്രൂണൈയില്‍ വിവിധ പദ്ധതികളില്‍ ചൈന നിക്ഷേപം നടത്തിയിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ സ്വപ്‌ന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയിലും ആ രാജ്യം സഹകരിക്കുന്നുണ്ട്. ബ്രൂണൈയില്‍ പ്രധാനപ്പെട്ട തുറമുഖങ്ങളുടെയും പെട്രോളിയം റിഫൈനറികളുടെയും പ്രധാന നിക്ഷേപകരും ചൈനയാണ്. മറ്റ് ആസിയാന്‍ രാജ്യങ്ങള്‍ പലതും ചൈനയെ അത്രയങ്ങ് അടുപ്പിക്കാതെ നില്‍ക്കുമ്പോള്‍ ബ്രൂണൈ മറിച്ചാണ് ചിന്തിച്ചത്.
അതൃപ്തി മുതലെടുക്കാന്‍ ഇന്ത്യ
സൗത്ത് ചൈന കടലിലെ ചില ദ്വീപുകളില്‍ ചൈന അവകാശവാദം ഉന്നയിച്ചത് ബ്രൂണൈയില്‍ അസ്വസ്ഥതയ്ക്ക് കാരണമായിട്ടുണ്ട്. മുമ്പുണ്ടായിരുന്ന നല്ല ബന്ധത്തില്‍ വിള്ളല്‍ വീണിട്ടുണ്ടെന്ന സൂചനകളും ഉയര്‍ന്നിരുന്നു. കിട്ടിയ അവസരത്തില്‍ ബ്രൂണൈയെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്താനുള്ള കൗശലമാണ് മോദി ഈ സന്ദര്‍ശനത്തില്‍ സ്വീകരിച്ചിരിക്കുന്നത്.
വ്യാപാര ബന്ധവും പ്രതിരോധ കരാറുകളിലും ബ്രൂണൈയ്ക്ക് കൂടുതല്‍ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. മാത്രവുമല്ല, ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ഉടന്‍ തന്നെ നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എണ്ണ, പ്രകൃതി വാതക ലക്ഷ്യം
യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയത് മുതല്‍ റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപയോക്താവ് ഇന്ത്യയായിരുന്നു. യു.എസും പാശ്ചാത്യ രാജ്യങ്ങളും ഉപരോധവുമായി രംഗത്തു വന്നപ്പോള്‍ ലാഭനിരക്കില്‍ എണ്ണ വാങ്ങിക്കൂട്ടിയാണ് ഇന്ത്യ പ്രതികരിച്ചത്. എന്നാല്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഡിസ്‌കൗണ്ട് കുറഞ്ഞു വരികയാണ്. കൂടുതല്‍ ലാഭത്തില്‍ എണ്ണയും പ്രകൃതിവാതകവും വാങ്ങാന്‍ ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളെ കൂടി കണ്ടുവയ്‌ക്കേണ്ടതുണ്ട്.
എണ്ണ, പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ ബ്രൂണയിലേക്ക് കണ്ണെറിയുന്നതിന്റെ മറ്റൊരു കാരണവും ഇതാണ്. എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ബ്രൂണൈ അംഗമല്ലാത്തതിനാല്‍ ഡിസ്‌കൗണ്ട് നിരക്കില്‍ എണ്ണ വില്പന നടത്തുന്നതിന് തടസവുമില്ല. ഭാവിയില്‍ ബ്രൂണൈയുമായുള്ള എണ്ണ ഇടപാട് ഉയര്‍ന്ന തലത്തിലെത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.
Next Story
Videos