Begin typing your search above and press return to search.
40 മടങ്ങ് റിട്ടേണ്‍ നല്‍കിയ ഓഹരി! സ്വകാര്യ നിക്ഷേപത്തെക്കുറിച്ച് മനസ് തുറന്ന് പൊറിഞ്ചു വെളിയത്ത്
തന്റെ സ്വകാര്യ നിക്ഷേപത്തെക്കുറിച്ച് മനസ് തുറന്ന് ഇന്ത്യയിലെ പ്രമുഖ വാല്യു ഇന്‍വെസ്റ്ററും ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനും സി.ഇ.ഒയുമായ പൊറിഞ്ചു വെളിയത്ത്. പി.റ്റി.സി ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയുടെ ഓഹരി കുറഞ്ഞ വിലക്കാണ് ഞാന്‍ വാങ്ങിയത്. അന്നത് വാര്‍ത്തയിലും ഇടം പിടിച്ചിരുന്നു. ഈ ഓഹരികള്‍ 13,000 രൂപ വരെ ഉയര്‍ന്നു. 40 മടങ്ങോളമാണ് ഈ ഇടപാടിലൂടെ തനിക്ക് റിട്ടേണ്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിപണിയില്‍ ചില അനിശ്ചിതത്വങ്ങളുണ്ടെങ്കിലും ഇന്ത്യന്‍ ഓഹരി വിപണി നിക്ഷേപകരുടെ സ്വര്‍ഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധനം ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ ധനം ബിസിനസ് മീഡിയ റിസര്‍ച്ച് വിഭാഗം മേധാവി സഞ്ജയ് ഏബ്രഹാമുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അടുത്ത 25 വര്‍ഷം കൂടുതല്‍ സമ്പത്ത് വരും
ഇക്വിറ്റി നിക്ഷേപത്തില്‍ അപകട സാധ്യതയുള്ളതായി പറയാറുണ്ടെങ്കിലും അത്തരത്തിലൊരു റിസ്‌കുള്ളതായി ഞാന്‍ കരുതുന്നില്ല. ഒരു കമ്പനിയുടെ ഉടമസ്ഥാവകാശം വാങ്ങുകയാണെന്ന് മനസിലാക്കി ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപങ്ങള്‍ നടത്തുന്നതിലാണ് ഇക്വിറ്റി നിക്ഷേപത്തിന്റെ കാതല്‍. വിപണിയിലെ ചെറിയ അസ്വാരസ്യങ്ങള്‍ കണക്കിലെടുക്കാതെ ദീര്‍ഘകാലത്തേക്ക് വാല്യൂ ഇന്‍വെസ്റ്റ്‌മെന്റ് നടത്തുകയാണ് വേണ്ടത്. 22 വര്‍ഷത്തെ പ്രവര്‍ത്തന കാലയളവില്‍ ഇക്വിറ്റി ഇന്റലിജന്‍സ് 21 ശതമാനം സംയോജിക വാര്‍ഷിക വളര്‍ച്ചാ നിരക്കിലാണ് (സി.എ.ജി.ആര്‍) മുന്നോട്ടുപോകുന്നത്. അതായത് 10 ലക്ഷം രൂപ നിക്ഷേപിച്ചയാളുടെ സമ്പത്ത്, ഒന്നും ചെയ്തില്ലെങ്കില്‍ പോലും, ഇപ്പോള്‍ 7 കോടിയോളം രൂപയായി വളര്‍ന്നിട്ടുണ്ടാകും. അടുത്ത 20 വര്‍ഷം കൊണ്ട് നമ്മുടെ സാമ്പത്തിക രംഗം 30 ലക്ഷം കോടി രൂപയുടെ വിപണിയായി മാറുമെന്നാണ് പ്രവചനം. സ്വാതന്ത്ര്യത്തിന് ശേഷമുള്ള 75 വര്‍ഷക്കാലമുണ്ടായ സമ്പത്തിനേക്കാള്‍ കൂടുതലായിരിക്കും അടുത്ത 25 വര്‍ഷം രാജ്യത്തുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.പി നിക്ഷേപം 50,000 കോടി രൂപയാകും
വിദേശനിക്ഷേപകര്‍ ഇന്ത്യയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നത് ഗുരുതരമായ വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിന്നും ഒരുലക്ഷം കോടിയോ രണ്ടുലക്ഷം കോടിയോ പിന്‍വലിക്കുന്നത് വലിയൊരു കാര്യമല്ല. ഇന്ത്യയില്‍ നിലവില്‍ 25,000 കോടിയുടെ പ്രതിമാസ എസ്.ഐ.പി നിക്ഷേപമുണ്ടെന്നാണ് കണക്ക്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് 50,000 കോടി രൂപയായി മാറുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കൂടുതലാളുകള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെത്തും. ലോകത്തിലെ ഏറ്റവും മികച്ചതും ജനാധിപത്യവത്കരിച്ചതുമായ ഓഹരി വിപണിയാണ് നമ്മുടെ രാജ്യത്തുള്ളത്. കൂടുതല്‍ കൃത്യവും സുരക്ഷിതവും ബ്രോക്കര്‍മാരെക്കുറിച്ച് ഭയമില്ലാതെ ഓഹരി നിക്ഷേപം നടത്താവുന്നതുമായ സുതാര്യമായ സംവിധാനമാണ് നമ്മുടെ രാജ്യത്തുള്ളത്. ബ്രോക്കര്‍മാരെക്കുറിച്ച് ആശങ്കപ്പെടേണ്ട ഒരു കാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറി. ഏറ്റവും മികച്ച അത്യാധുനിക ഡിജിറ്റല്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുമായി ഇന്ന് നമ്മള്‍ ലോകത്തിലെ ഏറ്റവും മികച്ച ഓഹരി വിപണികളിലൊന്നാണ്. 10,000 രൂപ കയ്യിലുള്ളയാള്‍ക്ക് പോലും ഇന്ന് ഓഹരി വിപണിയില്‍ നിക്ഷേപം നടത്താവുന്നതാണ്. മൂലധന വിപണിയില്‍ വികസിത രാഷ്ട്രങ്ങളേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യയെന്നും പൊറിഞ്ചു കൂട്ടിച്ചേര്‍ത്തു.
ട്രംപ് വന്നാല്‍
യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നത് ലോകത്തെ നല്ലയാളുകള്‍ക്ക് നല്ല കാലമാണെന്നും പൊറിഞ്ഞു അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ സാമ്പത്തിക രംഗത്ത് ഇതുമായി ബന്ധപ്പെട്ട് പോസിറ്റീവും അതുപോലെ നെഗറ്റീവുമായ കാര്യങ്ങള്‍ സംഭവിക്കാം. ജിയോപൊളിറ്റിക്കല്‍ രംഗത്ത് ഇന്ത്യക്ക് മികച്ച സ്ഥാനമാണുള്ളത്. കഴിഞ്ഞ കുറച്ച് കാലമായി ലോകം ഇക്കാര്യം മനസിലാക്കി. റഷ്യയില്‍ നിന്നും കുറഞ്ഞ വിലക്ക് എണ്ണവാങ്ങാനും അതേസമയം അമേരിക്കയുമായി ചങ്ങാത്തത്തിലാകാനും ഇന്ത്യക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
Videos