പ്രോവിഡന്റ് ഫണ്ട് വെബ്സൈറ്റ് തകരാറില്‍, ആയിരകണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു; ജീവനക്കാരുടെ കുറവും തിരിച്ചടി

ഇന്ത്യയിലെ തൊഴിലാളികളുടെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷിതത്വ പദ്ധതിയാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്. ഏകദേശം ആറ് കോടി അംഗങ്ങളാണ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരും സ്വകാര്യ കമ്പനികളിലെ ജീവനക്കാരും പി.എഫില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും നിരന്തരം ആശ്രയിക്കുന്ന വെബ്സൈറ്റാണ് ഇ.പി.എഫിന്റേത്.

ഹാങ് ആകുന്നതായി പരാതികള്‍

എന്നാല്‍ ഇ.പി.എഫ് ഉപയോഗിക്കുന്ന സോഫ്റ്റ് വെയര്‍ കാലഹരണപ്പെട്ടതാണ് എന്ന പരാതികളാണ് ഉപയോക്താക്കളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. വെബ്സൈറ്റില്‍ വിവിധ സേവനങ്ങള്‍ക്കായി പ്രവേശിക്കുന്ന അംഗങ്ങള്‍ക്ക് ഒട്ടേറെ തടസങ്ങളാണ് വെബ്സൈറ്റില്‍ ഉണ്ടാകുന്നത്. വെബ്സൈറ്റിന്റെ വേഗതയാണ് പ്രധാന പ്രശ്നമായി ഭൂരിഭാഗം ഉപയോക്താക്കളും ഉന്നയിക്കുന്നത്.
മിക്കവരും വെബ്സൈറ്റുകളില്‍ രാവിലെ 9 മണിക്കും വൈകിട്ട് 6 മണിക്കും ഇടയിലാണ് പ്രവേശിക്കുന്നത്. ഈ സമയങ്ങളില്‍ വെബ്സൈറ്റ് നിരന്തരം ഹാങ് ആകുന്നതായും വളരെ സാവധാനത്തില്‍ പ്രവര്‍ത്തിക്കുന്നതായുമാണ് പരാതികള്‍ ഉളളത്.
ഇപ്പോള്‍ അധികം ഉപയോഗിക്കാത്ത ഇന്റര്‍നെറ്റ് എക്സ്പ്ലോററിലാണ് വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഇത് വെബ്സൈറ്റിന്റെ പ്രവര്‍ത്തനം തകരാറിലാക്കുന്നുണ്ട്. അംഗങ്ങളുടെ പി.എഫ് വിഹിതം അടയ്ക്കല്‍, ക്ലയിമുകള്‍ സമര്‍പ്പിക്കുക, അടിസ്ഥാന വിവരങ്ങള്‍ തിരുത്താനുളള അപേക്ഷ സമര്‍പ്പിക്കുക, അംഗങ്ങളുടെ നോമിനികളെ നിശ്ചയിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വെബ്സൈറ്റ് വഴിയാണ് നടക്കുന്നത്.
കാലഹരണപ്പെട്ട സോഫ്റ്റ് വെയര്‍ പരിഷ്കരിച്ച് ഉയര്‍ന്ന ട്രാഫിക് കൈകാര്യം ചെയ്യാന്‍ പ്രാപ്തമായ വെബ്സൈറ്റ് പി.എഫ് ഓര്‍ഗനൈസേഷന്‍ കൊണ്ടു വരണമെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

ജീവനക്കാരുടെ കുറവും പ്രശ്നം

കൂടാതെ പി.എഫ് അംഗങ്ങള്‍ വിവിധ ക്ലയിമുകള്‍ സമര്‍പ്പിക്കുമ്പോള്‍, അവ പരിശോധിച്ച് തീര്‍പ്പാക്കുന്നതും ഈ വെബ്സൈറ്റ് മുഖാന്തിരമാണ്. അംഗങ്ങളുടെ പ്രതിമാസ പി.എഫ് വിഹിതം ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കുന്ന പ്രക്രിയ ആരംഭിച്ചത് 2012 മുതലാണ്.
കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതി പരിഷ്കരിച്ചപ്പോള്‍ അതിനാവശ്യമായ ജീവനക്കാരെ പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ നല്‍കിയിട്ടില്ലെന്ന പരാതികളും ഉയരുന്നുണ്ട്. ഉയര്‍ന്ന പെന്‍ഷന്‍ തിരഞ്ഞെടുത്തവരുടെ ഒട്ടേറെ അപേക്ഷകളില്‍ കുടിശ്ശിക നിശ്ചയിക്കാന്‍ ഉളളതായും ഉപയോക്താക്കള്‍ പറയുന്നു.

Related Articles

Next Story

Videos

Share it