Begin typing your search above and press return to search.
കേരളത്തിലെ തീയറ്ററുകളിലും ഇനി ഫുട്‌ബോള്‍ ലൈവ്; പി.വി.ആറിന്റെ പുതിയ നീക്കം ക്ലിക്കാകുമോ?
വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി തീയറ്ററുകളില്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യാന്‍ പി.വി.ആര്‍ ഐനോക്‌സ്. ആദ്യ ഘട്ടത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ സംപ്രേക്ഷണമാകും തീയറ്ററുകളിലൂടെ ചെയ്യുക. ഇതിനായി തല്‍സമയ സംപ്രേക്ഷണാവകാശമുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി പി.വി.ആര്‍ കരാറിലെത്തി. കൊച്ചി അടക്കം ഫുട്‌ബോളിന് വേരോട്ടമുള്ള സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലാകും ഇത്തരത്തില്‍ ലൈവ് തീയറ്റര്‍ ടെലികാസ്റ്റ് നടത്തുക.
കേരളത്തില്‍ കൊച്ചിയിലെ തിരഞ്ഞെടുത്ത മള്‍ട്ടിപ്‌ളെക്‌സുകളിലാകും ഫുട്‌ബോള്‍ സംപ്രേക്ഷണം. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഗുവാഹാതി, പൂനെ തുടങ്ങിയ നഗരങ്ങളിലെ പി.വി.ആര്‍ തീയറ്ററുകളിലും മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി, ടോട്ടന്‍ഹാം തുടങ്ങി ആരാധകരേറെയുള്ള ടീമുകളുടെ മല്‍സരങ്ങളാകും ആദ്യ ഘട്ടത്തിലുണ്ടാകുക.
നവംബര്‍ പത്തിന് നടക്കുന്ന ആഴ്‌സണല്‍-ചെല്‍സി പോരാട്ടമാകും പി.വി.ആറില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മല്‍സരം. ഈ വര്‍ഷം ജൂണില്‍ നടന്ന ഐസിസി ട്വന്റി-20 ലോകകപ്പ് തീയറ്ററുകളിലൂടെ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതു വലിയ വിജയമായിരുന്നു.
പി.വി.ആര്‍ വരുമാനം കൂടി, നഷ്ടം കുറഞ്ഞു
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ പി.വി.ആര്‍ ഇനോക്‌സിന്റെ വരുമാനത്തില്‍ വലിയ വര്‍ധനയുണ്ടായി. ജൂണ്‍ പാദത്തെ 1,191 കോടി രൂപയില്‍ നിന്ന് 1,622 കോടിയായിട്ടാണ് വരുമാനം ഉയര്‍ന്നത്. മുന്‍ പാദത്തിലെ നഷ്ടം 179 കോടി രൂപയായിരുന്നെങ്കില്‍ ഇത്തവണയിത് 12 കോടിയായി ചുരുങ്ങി. എന്നാല്‍ മുന്‍ വര്‍ഷത്തെ സെപ്റ്റംബര്‍ പാദവുമായി തട്ടിച്ചുനോക്കുമ്പോള്‍ കണക്കുകള്‍ അത്ര ശുഭകരമല്ല. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ വരുമാനം 2,000 കോടി രൂപയും ലാഭം 166 കോടി രൂപയുമായിരുന്നു.
Next Story
Videos