റെയില്‍വേ മോഡല്‍ 'പരീക്ഷണം' കെ.എസ്.ആര്‍.ടി.സിയിലും; യൂത്തിനെ പിടിക്കാന്‍ അടിമുടി മാറ്റം

കെ.ബി. ഗണേഷ്‌കുമാര്‍ മന്ത്രിയായി ചുമതലയേറ്റ ശേഷം വലിയ പരിഷ്‌കാരങ്ങളാണ് കെ.എസ്.ആര്‍.ടി.സിയില്‍ നടക്കുന്നത്. കൂടുതല്‍ ബസുകളും റൂട്ടുകളും ഉള്‍പ്പെടുത്തി വരുമാനം വര്‍ധിപ്പിക്കാനാണ് നീക്കം. കെ.എസ്.ആര്‍.ടി.സി ബസുകളിലേക്ക് യുവാക്കളെ കൂടുതലായി ആകര്‍ഷിക്കാനുള്ള പദ്ധതികളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
പുതിയ ആപ്പ് അണിയറയില്‍
ടിക്കറ്റ് ബുക്കിംഗിനായി നിലവില്‍ സംവിധാനമുണ്ടെങ്കിലും യാത്രക്കാര്‍ സംതൃപ്തരല്ല. റീഫണ്ടിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കാലതാമസം വരുന്നതും ബുക്കിംഗില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതുമാണ് പലരെയും കെ.എസ്.ആര്‍.ടി.സി ബുക്കിംഗ് സൈറ്റുകളില്‍ നിന്ന് അകറ്റുന്നത്.
ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കാനാണ് പദ്ധതി. ഉപഭോക്തൃ സൗഹൃദ ആപ്പ് നിര്‍മിച്ച് യുവതലമുറയെ കെ.എസ്.ആര്‍.ടി.സിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുകയെന്ന ലക്ഷ്യവും പുതിയ നീക്കത്തിന് പിന്നിലുണ്ട്.
ആപ്പുമായി കണക്ട് ചെയ്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. യാത്രക്കാരുടെ സമയം ലാഭിക്കാനും കാത്തുനില്‍പ്പ് ഒഴിവാക്കാനും ഇതുവഴി സാധിക്കും. റെയില്‍വേ ഈ സൗകര്യം വളരെ മുമ്പുതന്നെ ഏര്‍പ്പെടുത്തിയിരുന്നു. ചില ഇതരസംസ്ഥാന ബസുകളിലും ട്രാക്കിംഗ് സംവിധാനമുണ്ട്.
സ്റ്റാന്‍ഡുകളില്‍ ബസ് ടൈമിംഗ് ബോര്‍ഡുകള്‍
നിലവില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളില്‍ ബസ് സമയം ചോദിച്ചറിയുകയാണ് ഏകവഴി. യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ബസിന്റെ സമയക്രമം അറിയാന്‍ ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ സ്ഥാപിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് പദ്ധതിയുണ്ട്. ഈ ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ പരസ്യം നല്‍കി വരുമാനം ഉണ്ടാക്കാമെന്ന സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
കുറഞ്ഞ നിരക്കില്‍ ശാസ്ത്രീയമായി ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി ഡ്രൈവിംഗ് സ്‌കൂള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. 23 സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഡ്രൈവിംഗ് പഠനത്തിന് അവസരം ഒരുക്കുന്നത്. സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളുകളെ അപേക്ഷിച്ച് ഫീസ് നിരക്കില്‍ 40 ശതമാനത്തോളം കുറവുണ്ടാകും. കാറും ഇരുചക്രവാഹനവും പഠിക്കുന്നതിന് 11,000 രൂപയാണ് ഫീസ്. കാര്‍ മാത്രം പഠിക്കുന്നതിന് 9000 രൂപയാകും.
Related Articles
Next Story
Videos
Share it