Begin typing your search above and press return to search.
ജോക്കിക്കും വീസ്റ്റാറിനും പുതിയ എതിരാളി, അടിവസ്ത്രം വില്‍ക്കാന്‍ റിലയന്‍സും രംഗത്ത്; കൂട്ടിന് ഇസ്രയേലി കമ്പനി
പുതിയ ബിസിനസ് മേഖലകളില്‍ കൈവയ്ക്കുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്. എഫ്.എം.സി.ജി രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്താനും മറ്റ് കമ്പനികളെ ഏറ്റെടുത്ത് ബിസിനസ് വിപുലപ്പെടുത്താനുമുള്ള നീക്കത്തിലാണ് കമ്പനി. അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉത്പന്നങ്ങളുടെ വിപണിയില്‍ 2030ഓടെ യു.എസ്.എയ്ക്കും ചൈനയ്ക്കും പിന്നില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വരുമാനം നേടാന്‍ സാധിക്കുന്ന മേഖലകളിലേക്ക് ബിസിനസ് വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് റിലയന്‍സിന്റെ മുന്നേറ്റം.
ഇന്നര്‍വെയര്‍ രംഗത്തേക്കും
റിലയന്‍സ് പുതുതായി ലക്ഷ്യമിടുന്നത് സ്ത്രീകളുടെയും പുരുഷന്മാരുടെയും ഇന്നര്‍വെയേഴ്‌സ് രംഗത്ത് സ്വാധീനമുറപ്പിക്കാനാണ്. ജോക്കി മുതല്‍ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വീസ്റ്റാര്‍ വരെയുള്ള ബ്രാന്‍ഡുകള്‍ക്ക് എതിരാളിയാകാനാണ് റിലയന്‍സിന്റെ വരവ്. ഇന്നര്‍വെയര്‍ രംഗത്ത് ആഗോള സാന്നിധ്യമുള്ള ഇസ്രയേലി കമ്പനിയായ ഡെല്‍റ്റ ഗലീല്‍ (Delta Galil) എന്ന കമ്പനിയുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിനാണ് റിലയന്‍സ് തുടക്കമിട്ടിരിക്കുന്നത്. 50:50 പങ്കാളിത്തമുള്ളതാകും പുതിയ കമ്പനി.
ഡെല്‍റ്റ ഗലീലിന്റെ ഈ രംഗത്തുള്ള അനുഭവസമ്പത്ത് സംയുക്ത സംരംഭത്തിന് ഗുണം ചെയ്യും. 1975ല്‍ സ്ഥാപിതമായ ഡെല്‍റ്റ ഗലീലിന് കാല്‍വിന്‍ ക്ലെയിന്‍ (calvin klein), കൊളംബിയ (columbia), ടോമി ഹില്‍ഫിഗര്‍ (tommy hilfiger) എന്നീ കമ്പനികളുടെ ആഗോള ലൈസന്‍സുണ്ട്. അടുത്തിടെ അഡിഡാസ്, പോളോ തുടങ്ങിയ വന്‍കിട കമ്പനികളുമായും ഇസ്രയേലി കമ്പനി കരാറിലെത്തിയിരുന്നു.
പുതിയ സംരംഭത്തില്‍ റിലയന്‍സിന് പുതിയ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനൊപ്പം ഡെല്‍റ്റയുടെ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. പുതിയ സഹകരണത്തിലൂടെ അടിവസ്ത്ര വിപണിയില്‍ റിലയന്‍സിന്റെ സാന്നിധ്യം വര്‍ധിക്കും. 2022ല്‍ അടിവസ്ത്ര രംഗത്തെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ ക്ലോവിയയുടെ (clovia) 89 ശതമാനം ഓഹരികള്‍ റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് (RRVL) സ്വന്തമാക്കിയിരുന്നു. മറ്റ് ചില അടിവസ്ത്ര ബ്രാന്‍ഡുകളെയും റിലയന്‍സ് ഇടക്കാലത്ത് ഏറ്റെടുത്തിട്ടുണ്ട്. റിലയന്‍സ് ഏറ്റെടുത്ത ഈ കമ്പനികളെല്ലാം ചേര്‍ന്ന് കഴിഞ്ഞ സാമ്പത്തികവര്‍ഷം 2,000 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്.
ഇന്ത്യയുടെ അടിവസ്ത്ര മാര്‍ക്കറ്റ്
ഇന്ത്യയുടെ അടിവസ്ത്ര വിപണി 61,091 കോടി രൂപയുടേതായിരുന്നു 2023ല്‍. 2025ഓടെ ഇത് 75,466 കോടി രൂപയുടേതാകുമെന്നാണ് പ്രതീക്ഷ. വിപണിയുടെ 60 ശതമാനവും സ്ത്രീകളുടെ അടിവസ്ത്രങ്ങളാണ് കൈയാളുന്നത്. പുരുഷന്മാരുടെ 30 ശതമാനവും ശേഷിക്കുന്നത് കുട്ടികളുടെ വിഭാഗത്തിലുമാണ്. ഇന്ത്യന്‍ ഇടത്തരക്കാരുടെ വരുമാനം വര്‍ധിക്കുന്നത് ഈ രംഗത്തെ ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ വിറ്റുവരവ് കൂട്ടിയിട്ടുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടാണ് റിലയന്‍സ് ഒരു മുഴം മുന്നേ എറിയുന്നത്.
Next Story
Videos