റിലയൻസ് കാപ്പിറ്റലിന്റെ ഭരണം റിസർവ് ബാങ്ക് ഏറ്റെടുത്തു; അനിൽ അംബാനിക്കു വീണ്ടും തിരിച്ചടി

അനിൽ അംബാനി ഗ്രൂപ്പിലെ റിലയൻസ് കാപ്പിറ്റൽ പാപ്പർ നടപടികളിലേക്ക്. കമ്പനിയുടെ ഡയറക്ടർ ബോർഡിനെ നീക്കം ചെയ്ത റിസർവ് ബാങ്ക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു. കമ്പനിയുടെ പാപ്പർ നടപടികൾ തുടങ്ങാൻ കമ്പനി നിയമ ബാേർഡിനെ അഡ്മിനിസ്ട്രേറ്റർക്ക് സമീപിക്കാം. പലിശയടക്കം 27, 181 കോടി രൂപയുടെ ബാധ്യതകൾ കമ്പനിക്കുണ്ട്. കമ്പനിയുടെ അറ്റമൂല്യം മൈനസ് 13,700 കോടി രൂപയാണ്. എന്നാൽ കമ്പനിയുടെ ബാധ്യതകൾ 40,000 കോടിക്കു മുകളിലാണെന്നു നിരീക്ഷകർ കരുതുന്നു.

വർഷങ്ങളായി നഷ്ടത്തിലോടുന്ന കമ്പനി അഞ്ചു വർഷം കൊണ്ട് 19,000-ൽ പരം കോടിയുടെ നഷ്ടം റിപ്പോർട്ട് ചെയ്തു. അനിൽ അംബാനിയായിരുന്നു കമ്പനി ചെയർമാൻ. റിലയൻസ് മ്യൂച്വൽ ഫണ്ട് അടക്കം ആസ്തികൾ മിക്കതും ഈ വർഷങ്ങളിൽ വിറ്റു.
റിലയൻസ് കാപ്പിറ്റൽ അടക്കം ആറു ലിസ്റ്റഡ് കമ്പനികളാണു ഗ്രൂപ്പിനുള്ളത്. റിലയൻസ് ഇൻഫ്രാ, റിലയൻസ് പവർ, റിലയൻസ് നേവൽ, റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് ഹോം എന്നിവയാണു മറ്റു കമ്പനികൾ. ഇതിൽ പവർ മാത്രമേ കഴിഞ്ഞ പാദത്തിൽ അറ്റാദായമുണ്ടാക്കിയിട്ടുള്ളു. ഗ്രൂപ്പിൻ്റെ ആറു കമ്പനികൾക്കും കൂടി 50,868.9 കോടി രൂപ വിറ്റുവരവിൽ 18,615.7 കോടി രൂപ അറ്റ നഷ്ടമുണ്ട്. കമ്പനികളുടെ അറ്റമൂല്യം മൈനസ് 59,284 കോടി രൂപയാണ്. മൊത്തം കടം 1,31,016 കോടി രൂപ.
റിലയൻസ് കമ്യൂണിക്കേഷൻസും റിലയൻസ് നേവലും പാപ്പർ നടപടികളിലാണ്. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിലും റിലയൻസ് പവറിലും അനിൽ അംബാനി മൂലധനം ഇറക്കുമെന്ന് ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഇനി അതിൻ്റെ കാര്യവും സംശയത്തിലായി.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it