റബര്‍ വില സര്‍വകാല റെക്കോഡില്‍; കുതിപ്പ് 13 വര്‍ഷത്തിന് ശേഷം

സംസ്ഥാനത്ത് റബര്‍വില റെക്കോഡ് മറികടന്നു. റബര്‍ബോര്‍ഡ് ഇന്ന് (ഓഗസ്റ്റ് 8) പ്രസിദ്ധീകരിച്ച വില 244 രൂപയാണ്. എന്നാല്‍ സംസ്ഥാനത്ത് പലയിടത്തും ചെറുകിട വ്യാപാരികള്‍ 247-249 രൂപയ്ക്കാണ് ചരക്ക് ശേഖരിക്കുന്നത്. റബര്‍ വരവ് കുറഞ്ഞതോടെ ടയര്‍ നിര്‍മാതാക്കള്‍ വിപണിയില്‍ നിന്ന് പരമാവധി ചരക്ക് ശേഖരിക്കാനാണ് താല്പര്യപ്പെടുന്നത്. ഈ പ്രവണത വരും ദിവസങ്ങളില്‍ വില വലിയ തോതില്‍ ഉയര്‍ത്തുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
2011 ഏപ്രില്‍ അഞ്ചിനായിരുന്നു ഇതിനു മുമ്പ് റബര്‍വില റെക്കോഡ് ഉയരത്തിലെത്തിയത്. അന്ന് 243 രൂപയ്ക്കായിരുന്നു ചെറുകിട വ്യാപാരികള്‍ ചരക്കു ശേഖരിച്ചത്. പിന്നീടൊരിക്കലും ഈ വില വന്നില്ലെന്ന് മാത്രമല്ല വലിയതോതില്‍ താഴേക്ക് പോകുകയും ചെയ്തു. സംസ്ഥാനത്തെ റബര്‍ കര്‍ഷകരില്‍ പലരും തോട്ടങ്ങളില്‍ മറ്റ് കൃഷികള്‍ ആരംഭിച്ചിരുന്നു.
300ലേക്ക് കുതിക്കും?
ആഗോള തലത്തിലെ ഉത്പാദന കുറവും ടയര്‍ നിര്‍മാണത്തിനായുള്ള റബറിന്റെ ആവശ്യകത വര്‍ധിച്ചതും വില ഇനിയും ഉയരാന്‍ ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും റബര്‍ വിലയിലെ ഉയര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. ആഗോളതലത്തില്‍ ചരക്കുനീക്കത്തിനുള്ള ചെലവ് വര്‍ധിച്ചിട്ടുണ്ട്. കണ്ടെയ്‌നര്‍ ചാര്‍ജ് കൂടിയത് ഇറക്കുമതി ലാഭകരമല്ലാതാക്കുന്നു.
ആഭ്യന്തര വിലയ്‌ക്കൊപ്പം രാജ്യാന്തര വിലയിലും കയറ്റം തുടരുകയാണ്. ബാങ്കോക്കില്‍ ആര്‍.എസ്.എസ്1ന് 209 രൂപയാണ്. 165 രൂപ വരെ താഴ്ന്ന ശേഷമാണ് ഈ കുതിപ്പ്. രാജ്യാന്ത, ആഭ്യന്തര വിലകള്‍ തമ്മിലുള്ള അന്തരം 32 രൂപയ്ക്ക് മുകളിലാണ്. ഈ ട്രെന്റ് നിലനിന്നാല്‍ കിലോയ്ക്ക് 300 രൂപയിലേക്ക് റബര്‍ കുതിക്കാനുള്ള സാധ്യതയുണ്ട്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ടയര്‍ കമ്പനികള്‍
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും റബര്‍ കൃഷി വ്യാപകമാക്കാന്‍ 11,000 കോടി രൂപയുടെ പദ്ധതി വന്‍കിട റബര്‍ കമ്പനികള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. രണ്ടുലക്ഷം ഹെക്ടര്‍ സ്ഥലത്ത് സര്‍ക്കാര്‍ സഹായത്തോടെ റബര്‍ കൃഷി ചെയ്യാനാണ് നീക്കം. ഇതുവരെ 30 ശതമാനം സ്ഥലത്ത് റബര്‍ കൃഷി ആരംഭിച്ചതായി ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
കേരളത്തിന് വരുംവര്‍ഷങ്ങളില്‍ റബര്‍ കൃഷിയിലെ മേധാവിത്വം നഷ്ടപ്പെടാന്‍ ഈ നീക്കം വഴിയൊരുക്കിയേക്കും. വില കുറഞ്ഞു നിന്ന സമയത്ത് സംസ്ഥാനത്തെ കര്‍ഷകരില്‍ പലരും റബര്‍ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് നീങ്ങിയിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ റബര്‍ മരങ്ങള്‍ ടാപ്പിംഗിന് തയാറാകുമ്പോള്‍ കേരളത്തിന്റെ വിഹിതം കുറഞ്ഞേക്കും.
Lijo MG
Lijo MG  

Sub-Editor

Related Articles

Next Story

Videos

Share it