ടയര്‍ കമ്പനികളുടെ സമ്മര്‍ദ്ദം മറികടന്ന് റബറിന്റെ കുതിപ്പ്; അന്താരാഷ്ട്ര വിലയും മറികടന്നു

വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം കേരളത്തിലെ റബര്‍വില അന്താരാഷ്ട്ര വിലയെ മറികടന്നു. ഇറക്കുമതി വര്‍ധിപ്പിക്കാന്‍ ടയര്‍ കമ്പനികള്‍ ശ്രമിക്കുമ്പോഴും സ്വഭാവിക റബറിന്റെ ലഭ്യതക്കുറവാണ് വിലകൂടാന്‍ കാരണം. ബാങ്കോക്ക് വില കിലോയ്ക്ക് 202 രൂപയിലേക്ക് താഴ്ന്നപ്പോള്‍ കേരളത്തില്‍ ചെറുകിട കര്‍ഷകര്‍ ചരക്ക് വില്‍ക്കുന്നത് 203-205 രൂപ നിരക്കിലാണ്. ആര്‍.എസ്.എസ്4 ഷീറ്റിന്റെ വിലയാണിത്.
വരുംദിവസങ്ങളിള്‍ റബര്‍വിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. തോട്ടങ്ങള്‍ ഇതുവരെ സജീവമാകാത്തത് കാരണം മാര്‍ക്കറ്റിലേക്ക് വലിയതോതില്‍ ചരക്കെത്തുന്നില്ല. മഴ കുറഞ്ഞതോടെ തോട്ടങ്ങളില്‍ റെയിന്‍ഗാര്‍ഡ് ഇടുന്ന ജോലികള്‍ ഊര്‍ജിതമായിട്ടുണ്ട്.
വില ഇടിയാന്‍ സാധ്യത കുറവ്
രാജ്യാന്തര വിലയേക്കാള്‍ കൂടുതലായാല്‍ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കൂട്ടി വില ഇടിക്കുകയാണ് ടയര്‍ കമ്പനികളുടെ സ്ഥിരം തന്ത്രം. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ആഗോള തലത്തില്‍ സ്വഭാവിക റബറിന്റെ ലഭ്യത വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്. തായ്‌ലന്‍ഡിലും മലേഷ്യയിലും ഉത്പാദനം ഇടിഞ്ഞതാണ് കാരണം. കാലാവസ്ഥ വ്യതിയാനം മൂലം റബര്‍ ഉത്പാദക രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധി ഉടനെ അവസാനിക്കാനും സാധ്യതയില്ല.
ടയര്‍ കയറ്റുമതിയുടെ നേട്ടം കര്‍ഷകര്‍ക്കും
ഇന്ത്യയില്‍ നിന്നുള്ള ടയര്‍ കയറ്റുമതി ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. ഇത് സ്വഭാവിക റബറിന്റെ ഡിമാന്‍ഡിന് ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. കര്‍ഷകരെ സംബന്ധിച്ച് ഗുണം ചെയ്യുന്നതാണ് ടയര്‍ കയറ്റുമതി. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെയുള്ള ടയര്‍ കയറ്റുമതി നാലുവര്‍ഷം കൊണ്ട് ഇരട്ടിയായി. റബറിന്റെ ആവശ്യകതയിലും വര്‍ധനയുണ്ടാക്കാന്‍ ഇതു കാരണമായിട്ടുണ്ട്.
റബര്‍ വില 200-220 നിലവാരത്തില്‍ കുറച്ചധികം കാലം തുടര്‍ന്നേക്കാമെന്ന സൂചനകളാണ് ഈ രംഗത്തുള്ളവര്‍ നല്‍കുന്നത്. ഉപയോഗം കൂടുന്നതിന് ആനുപാതികമായി ഉത്പാദനം ഉയരാത്തതാണ് കാരണം. അതേസമയം റെയിന്‍ഗാര്‍ഡിനും മരുന്നു തളിക്കാനും സര്‍ക്കാരില്‍ നിന്നുള്ള സഹായം ഇതുവരെ കര്‍ഷകരുടെ കൈയിലെത്തിയിട്ടില്ല. ഹെക്ടറിന് 4,000 രൂപ വീതമാണ് ഈ പദ്ധതിയിലൂടെ കര്‍ഷകരുടെ അക്കൗണ്ടിലെത്തുക.
Lijo MG
Lijo MG  

Sub-Editor

Related Articles

Next Story

Videos

Share it