റബര്‍ @200, 12 വര്‍ഷത്തിനുശേഷം; തോട്ടങ്ങളില്‍ ആവേശം, പക്ഷേ ചരക്ക് കുറവ്

നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റബര്‍വില 200 തൊട്ടു. റബര്‍ബോര്‍ഡ് നല്കുന്ന വില 197 രൂപയാണെങ്കിലും മലയോര മേഖലകളില്‍ 200 രൂപയ്ക്കാണ് ചെറുകിട കച്ചവടക്കാര്‍ റബര്‍ഷീറ്റ് ശേഖരിക്കുന്നത്. കടുത്ത മഴയില്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് നടക്കാത്തത് മൂലം ചരക്ക് വരവ് തീരെ കുറവാണ്.
വില ഡബിള്‍ സെഞ്ചുറി അടിച്ചപ്പോള്‍ വേണ്ടത്ര ചരക്ക് കൈയിലില്ലെന്നതിന്റെ നിരാശയിലാണ് കര്‍ഷകര്‍. എങ്കിലും മഴക്കാലത്ത് റബര്‍ത്തോട്ടങ്ങള്‍ സജീവമാകാന്‍ വിലകൂടിയത് സഹായിച്ചിട്ടുണ്ട്. റബര്‍ തോട്ടങ്ങളിലെല്ലാം റെയിന്‍ഗാര്‍ഡ് പിടിപ്പിക്കുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. മഴമാറി നില്‍ക്കുന്നതും കര്‍ഷകര്‍ക്ക് അനുഗ്രഹമാണ്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍.ഡി.എ സര്‍ക്കാര്‍ ഇടത്തരം വരുമാനക്കാരെ തൃപ്തിപ്പെടുത്താനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വാഹന വില്പനയിലടക്കം വലിയ തോതിലുള്ള ഉണര്‍വിന് കാരണമാകും. ഇത് ടയര്‍ വില്പനയില്‍ അടക്കം അനുകൂലമായി സ്വാധീനിക്കും.
രാജ്യാന്തര വിലയും ഉയരുന്നു
തായ്‌ലന്‍ഡ്, മലേഷ്യ മുതലായ റബര്‍ കൃഷി വ്യാപകമായുള്ള രാജ്യങ്ങളില്‍ വില കൂടിക്കൊണ്ടിരിക്കുകയാണ്. തായ്‌ലന്‍ഡില്‍ ആര്‍.എസ്.എസ്1 213 രൂപയ്ക്കടുത്താണ്. തായ്‌ലന്‍ഡില്‍ ഇത്തവണ റബര്‍ ഉത്പാദനത്തില്‍ 30-50 ശതമാനം കുറവുണ്ടാകുമെന്നാണ് വിവരം. അവിടെ കടുത്ത മഴയ്ക്ക് പിന്നാലെ റബര്‍ മരങ്ങളില്‍ കേടുണ്ടായതും ഉത്പാദനം കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രധാന രാജ്യങ്ങളിലെല്ലാം ഉത്പാദനം പിന്നോട്ടു പോകുമെന്നത് വരും മാസങ്ങളില്‍ വില കൂടാനുള്ള പ്രവണതയിലേക്ക് വിരല്‍ ചൂണ്ടുന്നു. രാജ്യാന്തര വില കൂടി നില്‍ക്കുന്നതിനാല്‍ ടയര്‍ കമ്പനികള്‍ക്ക് ഇറക്കുമതി അത്ര ലാഭകരമാകില്ല. അതുകൊണ്ട് തന്നെ ആഭ്യന്തര മാര്‍ക്കറ്റിനെ കൂടുതല്‍ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ടയര്‍ കമ്പനികള്‍.
ടയര്‍ കമ്പനികള്‍ സജീവം
റബര്‍ വരവ് കുറയാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് വിലകൂട്ടി ചരക്ക് ശേഖരിക്കാനുള്ള താല്പര്യം ടയര്‍ കമ്പനികളില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതും പെട്ടെന്ന് വിലകൂടാനുള്ള കാരണമാകും. ഇപ്പോള്‍ റെയിന്‍ഗാര്‍ഡ് ഇടുന്ന തോട്ടങ്ങളില്‍ നിന്നുള്ള ചരക്ക് വിപണിയിലെത്താന്‍ ഒരു മാസമെങ്കിലും പിടിക്കും. ഇതും വിലയില്‍ അനുകൂലമായി പ്രതിഫലിക്കും.
Lijo MG
Lijo MG  

Sub-Editor

Related Articles
Next Story
Videos
Share it