റബര്‍ വിലയില്‍ 'ആഘാതം' സൃഷ്ടിച്ച് ടയര്‍ കമ്പനികളുടെ നീക്കം; കര്‍ഷകര്‍ക്ക് ആശങ്കയായി കൂലിയും

കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് റബര്‍വില ഇടിയുന്നു. അനൗദ്യോഗികമായി 250 കടന്ന ശേഷം പിന്നീട് വിലയില്‍ ഇറക്കമാണ്. നിലവില്‍ 234-236 രൂപയ്ക്കാണ് വില്പന നടക്കുന്നത്. വില അടിക്കടി കുറയുന്നതിനാല്‍ ചെറുകിട വ്യാപാരികളും വലിയ ആവേശം കാണിക്കുന്നില്ല. വരുംദിവസങ്ങളില്‍ വലിയ ഇടിവുണ്ടായേക്കുമെന്ന സൂചനകളുള്ളതിനാല്‍ ചരക്ക് കൈവശം വയ്ക്കാന്‍ കര്‍ഷകര്‍ക്കും താല്പര്യമില്ല.

കര്‍ഷകര്‍ ചരക്കിറക്കുന്നു

റബര്‍വില ഇനിയും കൂടുമെന്ന ധാരണയില്‍ 250 രൂപ എത്തിയിട്ടും വില്‍ക്കാതെ കാത്തിരിക്കുകയായിരുന്നു ചെറുകിട കര്‍ഷകര്‍. നേട്ടം കൊയ്യാമെന്ന ധാരണയില്‍ ചരക്ക് സ്റ്റോക്ക് ചെയ്ത ചെറുകിട വ്യാപാരികള്‍ക്കും വില പെട്ടെന്ന് താഴേക്ക് പോയത് തിരിച്ചടിയായി. റബര്‍ ബോര്‍ഡ് വിലയേക്കാള്‍ മൂന്നു രൂപ വരെ കൂട്ടിയായിരുന്നു വ്യാപാരികള്‍ പലയിടത്തും റബര്‍ഷീറ്റ് സംഭരിച്ചിരുന്നത്. വില കുറയുന്ന പ്രവണത വളര്‍ന്നതോടെ വിപണിയില്‍ ചെറിയ അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്നുണ്ട്.
വര്‍ഷങ്ങളായി ടാപ്പിംഗ് നടക്കാതിരുന്ന തോട്ടങ്ങള്‍ സജീവമായതോടെ കൂടുതല്‍ ചരക്ക് വിപണിയിലെത്തുമെന്ന പ്രതീക്ഷയിലാണ് ടയര്‍ വ്യാപാരികള്‍. ഇതിനൊപ്പം ഇറക്കുമതി കൂടി വര്‍ധിക്കുന്നതോടെ റബര്‍വില വീണ്ടും 200ന് താഴേക്ക് എത്തിയേക്കാമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഇപ്പോഴത്തെ വിലവര്‍ധവിന് കാരണം ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാത്രമായിരുന്നുവെന്നും അത് പഴയപടി എത്തുന്നതോടെ 180-190 നിരക്കിലേക്ക് റബര്‍വില ഇടിയുമെന്നുമാണ് ടയര്‍ കമ്പനികളുടെ കണക്കുകൂട്ടല്‍.

ഇറക്കുമതി വീണ്ടും സജീവമാകും

കണ്ടെയ്‌നര്‍ ക്ഷാമം മാറിയതോടെ ഇറക്കുമതി പഴയ തോതിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ ഒരു ലക്ഷം ടണ്‍ റബര്‍ കൂടി ഇറക്കുമതിയായി എത്തും. രാജ്യത്തെ പ്രമുഖ റബര്‍ കമ്പനികള്‍ സംയുക്തമായാണ് റബര്‍ ഇറക്കുമതി ചെയ്യുന്നത്. റബര്‍ ഉപഭോഗം ഈ വര്‍ഷം റെക്കോഡ് തലത്തില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ടയര്‍ വ്യാപാരികള്‍. ഭാവിയിലെ ആവശ്യത മുന്നില്‍ കണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും കൃഷി വ്യാപിപ്പിച്ചതും ഇതുകൊണ്ടാണ്.

60 ദിവസം കൊണ്ട് 50 രൂപയുടെ വര്‍ധന

ജൂണ്‍ പത്തിനാണ് സംസ്ഥാനത്ത് റബര്‍വില 200 കടക്കുന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു ഇത്. 200ല്‍ നിന്ന് 250ലെത്താന്‍ വേണ്ടിവന്നത് വെറും 60 ദിവസം മാത്രം. എന്നാല്‍ 250 രൂപ തൊട്ടശേഷം പിന്നീട് ഇറക്കമായിരുന്നു. ചരക്കില്ലാത്ത കാലത്ത് മാത്രം വില കൂടിയത് ഫലത്തില്‍ കര്‍ഷകര്‍ക്ക് കാര്യമായ ഗുണം ചെയ്തില്ല.
റബര്‍വില ഉയര്‍ന്നപ്പോള്‍ തൊഴിലാളികളുടെ കൂലിയും ആനുപാതികമായി വര്‍ധിപ്പിച്ചിരുന്നു. വില വീണ്ടും താഴെ പോകുന്ന പ്രവണത വളര്‍ന്നതോടെ റബര്‍ മേഖലയില്‍ മ്ലാനത പടര്‍ന്നിട്ടുണ്ട്.
Lijo MG
Lijo MG  

Sub-Editor

Related Articles
Next Story
Videos
Share it