Begin typing your search above and press return to search.
വിപരീത ദിശയില്‍ റബര്‍വില; ആഭ്യന്തര വിലയില്‍ ഇറക്കം, വിദേശത്ത് കയറ്റം
ആഭ്യന്തര വിപണിയില്‍ മാര്‍ക്കറ്റിലേക്ക് കൂടുതല്‍ ചരക്കെത്തി തുടങ്ങിയതോടെ റബര്‍വില താഴുന്ന പ്രവണത തുടരുന്നു. 250ലെത്തിയ ശേഷം കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തില്‍ വില താഴോട്ടാണ്. നിലവില്‍ റബര്‍ ബോര്‍ഡ് വില 235 രൂപയാണെങ്കിലും ഇതിലും താഴെയാണ് ഒട്ടുമിക്ക പ്രദേശങ്ങളിലും വ്യാപാരികള്‍ ചരക്കു ശേഖരിക്കുന്നത്.
വില കുറഞ്ഞേക്കുമെന്ന ഭയമാണ് വ്യാപാരികളുടെ ആവേശം കെടുത്തുന്നത്. വില കുറഞ്ഞു തുടങ്ങിയതോടെ കര്‍ഷകര്‍ക്ക് ചരക്ക് ശേഖരിച്ചു വയ്ക്കുന്ന രീതിക്കും മാറ്റം വന്നിട്ടുണ്ട്. ഒരാഴ്ച്ചയായി മാര്‍ക്കറ്റിലേക്ക് നല്ലരീതിയില്‍ ചരക്കെത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ വില ഇറക്കത്തിന് സാധ്യതയേറെയാണെന്നാണ് വിപണിയുടെ വിലയിരുത്തല്‍.
രാജ്യാന്തര വിലയില്‍ കുതിപ്പ്
റബര്‍ ഇറക്കുമതി നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും പുനരാരംഭിച്ചതും വില കുറയുന്നതിന് കാരണമായി. അടുത്ത കണ്ടെയ്‌നര്‍ ചരക്ക് വരും ദിവസങ്ങളില്‍ രാജ്യത്തെത്തും. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ കണ്ടെയ്‌നര്‍ ചാര്‍ജ് കൂടിയെന്നതിനാല്‍ ഇറക്കുമതി അത്ര ലാഭകരമല്ല. എങ്കിലും ആഭ്യന്തര വിപണിയിലെ ഡിമാന്റ് കുറഞ്ഞിരിക്കാമെന്നതിനാല്‍ ടയര്‍ വ്യാപാരികള്‍ ഇറക്കുമതിക്ക് അനുകൂലമാണ്.
അതേസമയം, രാജ്യാന്തര വിലയില്‍ ഒരാഴ്ച്ചയായി വന്‍ കുതിപ്പാണ്. കഴിഞ്ഞ ഏഴുദിവസത്തിനിടെ 14 രൂപയോളമാണ് ബാങ്കോക്ക് വില കൂടിയത്. ഈ മാസം ആദ്യം രാജ്യാന്തര വിലയേക്കാള്‍ 40 രൂപയ്ക്കടുത്ത് മേല്‍ക്കൈ ആഭ്യന്തര റബറിനുണ്ടായിരുന്നു. ഇത് ഇപ്പോള്‍ 15 രൂപയ്ക്ക് താഴെയായി. റബര്‍ കര്‍ഷകരെ സംബന്ധിച്ച് രാജ്യാന്തര വില കൂടി നില്‍ക്കുന്നതാണ് ഗുണകരം.
രാജ്യാന്തര വില ഉയര്‍ന്നു നില്‍ക്കുമ്പോള്‍ വലിയ തോതിലുള്ള ഇറക്കുമതി ലാഭകരമല്ല. അതിനാല്‍ തന്നെ ആഭ്യന്തര വിപണിയില്‍ വിലയിടിക്കുകയെന്നത് അത്ര എളുപ്പമല്ലാതെയാകും. മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ റബര്‍തോട്ടങ്ങള്‍ സജീവമാണ്. വരും ആഴ്ചകളില്‍ വിപണിയിലേക്ക് ചരക്ക് വരവ് കൂടും.
Next Story
Videos