റബര്‍ വിലയെ 'ഇടിവില്‍' നിന്ന് രക്ഷിച്ച് തായ്‌ലന്‍ഡ്; ടയര്‍ കമ്പനികള്‍ക്ക് തിരിച്ചടി

ഒരിടവേളയ്ക്കു ശേഷം അന്താരാഷ്ട്ര റബര്‍വില ആഭ്യന്തര വിപണിയെ മറികടന്നു. തായ്‌ലന്‍ഡിലെ കനത്ത മഴയില്‍ ടാപ്പിംഗ് നിലച്ചതാണ് വില കുതിച്ചുയരാന്‍ കാരണം. ഓഗസ്റ്റ് തുടക്കത്തില്‍ കേരളത്തിലെ വിലയേക്കാള്‍ 40 രൂപയോളം കുറവായിരുന്നു അന്താരാഷ്ട്ര വില. പത്തു ദിവസത്തിനിടെയാണ് വിലയില്‍ വലിയ മാറ്റം വന്നത്. നിലവില്‍ ബാങ്കോക്ക് വില കിലോയ്ക്ക് 238 രൂപയാണ്. കേരളത്തിലെ വ്യാപാരികള്‍ 233-236 രൂപ നിരക്കിലാണ് ചരക്ക് ശേഖരിക്കുന്നത്.

കനത്ത മഴയില്‍ ടാപ്പിംഗ് നിശ്ചലം

കനത്ത മഴമൂലം തായ്‌ലന്‍ഡില്‍ ടാപ്പിംഗ് ഏറെക്കുറെ നിലച്ച മട്ടാണ്. വന്‍തോതില്‍ ചരക്ക് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത് വില ഇടിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ടയര്‍ വ്യാപാരികള്‍. കഴിഞ്ഞ ആഴ്ച്ചകളില്‍ വലിയ തോതില്‍ ചരക്ക് എത്തുകയും ചെയ്തിരുന്നു. എന്നാല്‍, അന്താരാഷ്ട്ര വില ഉയരുന്നതോടെ ഇറക്കുമതി ലാഭകരമല്ലാതായി മാറുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കണ്ടെയ്‌നര്‍ വാടക അടക്കം വലിയതോതില്‍ ഉയര്‍ന്നിരുന്നു.
ഇറക്കുമതി അനാകര്‍ഷകമാകുന്നതോടെ ആഭ്യന്തര വിപണിയില്‍ നിന്ന് കൂടുതല്‍ ചരക്ക് ശേഖരിക്കാന്‍ ടയര്‍ വ്യാപാരികള്‍ നിര്‍ബന്ധിതരാകും. ഇത് ആഭ്യന്തര വില വലിയ തോതില്‍ ഇടിയാതിരിക്കാന്‍ സഹായിക്കും. 250 രൂപ വരെ എത്തിയ റബര്‍വില പിന്നീട് പടിപടിയായി ഇടിയുകയായിരുന്നു. ടാപ്പിംഗ് സജീവമായതോടെ കൂടുതല്‍ ചരക്ക് വിപണിയിലേക്ക് എത്തിയതും വില താഴാന്‍ കാരണമായി.

ടയര്‍ ഓഹരികള്‍ താഴ്ച്ചയില്‍

റബര്‍ വില ഉയര്‍ന്നു നില്‍ക്കുന്നത് ടയര്‍ കമ്പനികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ജൂണില്‍ അവസാനിച്ച പാദത്തില്‍ മിക്ക കമ്പനികളുടെയും ലാഭത്തില്‍ കുറവു വന്നിരുന്നു. രണ്ടാംപാദത്തിലും ലാഭം കുറയുമെന്ന സൂചനകളുള്ളതിനാല്‍ ടയര്‍ കമ്പനികളുടെ ഓഹരികള്‍ ക്ഷീണത്തിലാണ്. എം.ആര്‍.എഫ്, ജെ.കെ ടയേഴ്‌സ്, അപ്പോളോ ടയേഴ്‌സ്, സിയറ്റ് ടയേഴ്‌സ് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.
Related Articles
Next Story
Videos
Share it