റബര്‍ വിപണിയില്‍ തിരിച്ചിറക്കം, ചരക്ക് വരവ് കുറഞ്ഞപ്പോള്‍ വിലയും കൂപ്പുകുത്തി; കര്‍ഷകര്‍ക്ക് നിരാശ

ഡിസംബര്‍ പകുതിയോടെ 200 കടന്ന് മുന്നേറുമെന്ന പ്രതീക്ഷ തെറ്റിച്ച് റബര്‍ വില കൂപ്പുകുത്തുന്നു. ഒരുവേള 200ന് അടുത്തു വരെ എത്തിയ റബര്‍ നിലവില്‍ 185 രൂപയ്ക്കാണ് ചെറുകിട വ്യാപാരികള്‍ ശേഖരിക്കുന്നത്. വിലയിടിവ് തുടരുന്ന പശ്ചാത്തലത്തില്‍ വിപണിയിലേക്കുള്ള ചരക്ക് വരവ് കൂടിയിട്ടുണ്ട്. രാജ്യാന്തര വിലയിലും കഴിഞ്ഞ രണ്ട് ദിവസമായി ഇടിവാണ്.
ബാങ്കോക്ക് വില 204 രൂപയാണ്. 212 രൂപ വരെ എത്തിയശേഷമാണ് താഴേക്ക് പോയത്. ആഗോള തലത്തില്‍ സമ്പദ് രംഗത്ത് നിലനില്‍ക്കുന്ന മാന്ദ്യം തന്നെയാണ് റബറിനെയും ബാധിച്ചിരിക്കുന്നത്. ചൈന അടക്കം റബര്‍ കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് താഴ്ന്ന നിലയിലാണ്. മുന്‍ വര്‍ഷത്തേക്കാള്‍ ഉത്പാദനം കുറഞ്ഞിട്ടും വില കാര്യമായി ഉയരാത്തതിന് കാരണം ഇതാണ്.

ഉത്പാദനം കുറഞ്ഞു

കേരളത്തിലെ തോട്ടങ്ങളില്‍ ഇത്തവണ നേരത്തെ തന്നെ ടാപ്പിംഗ് തുടങ്ങിയിരുന്നു. മണ്‍സൂണ്‍ കാലത്ത് മികച്ച വില ലഭിച്ചതിനാല്‍ കര്‍ഷകരിലേറെയും റെയിന്‍ഗാര്‍ഡ് ഘടിപ്പിച്ച് ടാപ്പിംഗ് സജീവമാക്കിയിരുന്നു. ഇത്തരം തോട്ടങ്ങള്‍ ഇപ്പോള്‍ ടാപ്പിംഗിന്റെ അവസാന ഘട്ടത്തിലാണ്. മിക്ക തോട്ടങ്ങളിലും പാല്‍ ഉത്പാദനം നാലിലൊന്നായി ചുരുങ്ങിയിട്ടുണ്ട്.
ഇടക്കാലത്ത് കര്‍ഷകര്‍ റബര്‍ഷീറ്റ് പിടിച്ചുവയ്ക്കുന്ന നീക്കങ്ങള്‍ നടത്തിയിരുന്നു. വിവിധ റബര്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഇത്. എന്നാല്‍ വലിയരീതിയില്‍ വിലയിടിഞ്ഞതോടെ പലരും ചരക്ക് വിറ്റൊഴിവാക്കുകയാണ്. അതേസമയം, വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സമീപനമാണ് ടയര്‍ കമ്പനികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.
Related Articles
Next Story
Videos
Share it