റബര്‍ ടാപ്പിംഗ് നാമമാത്രം, വരവ് കുറഞ്ഞതോടെ വില കയറി തുടങ്ങി; രാജ്യാന്തര വിപണിയിലും കുതിപ്പ്

8 ദിവസത്തിനിടയ്ക്ക് 20 രൂപയോളമാണ് വില വര്‍ധിച്ചത്. എന്നാല്‍ രാജ്യാന്തര വിലയ്ക്ക് ആനുപാതികമായി കേരളത്തില്‍ വില വര്‍ധിച്ചിട്ടില്ല

സംസ്ഥാനത്ത് റബര്‍ വില വീണ്ടും ഉയര്‍ന്നു തുടങ്ങി. തോട്ടങ്ങളില്‍ ടാപ്പിംഗ് അവസാനഘട്ടത്തിലാണ്. ചൂട് കൂടിയതോടെ ഉത്പാദനം നേര്‍പകുതിയായിട്ടുണ്ട്. വിപണിയില്‍ നിന്ന് വിട്ടുനിന്ന് വിലയിടിക്കാമെന്ന ടയര്‍ കമ്പനികളുടെ നീക്കം പാളാന്‍ ഉത്പാദനക്കുറവ് കാരണമായേക്കും. ഡിസംബറില്‍ കാര്യമായി ചരക്ക് ശേഖരിക്കാന്‍ ടയര്‍ കമ്പനികള്‍ താല്പര്യം കാണിച്ചിരുന്നില്ല.
ആര്‍.എസ്.എസ്4 കിലോഗ്രാമിന് 191 രൂപയാണ് റബര്‍ബോര്‍ഡ് വില. വരും ദിവസങ്ങളില്‍ വില കൂടാനാണ് സാധ്യതയെന്ന് റബര്‍ വ്യാപാരികള്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഉത്പാദനത്തില്‍ വലിയ കുറവുണ്ട്. മണ്‍സൂണ്‍ കാലത്ത് ഭേദപ്പെട്ട വിലയുണ്ടായിരുന്നതിനാല്‍ പലരും ടാപ്പിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇത്തരം തോട്ടങ്ങളില്‍ ടാപ്പിംഗ് ഏറെക്കുറെ അവസാനിച്ചു.
വരും ദിവസങ്ങളില്‍ റബര്‍ ലഭ്യത കുറവ് വില കൂടുന്നതിന് കാരണമാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. ചെറുകിട, ഇടത്തരം കര്‍ഷകര്‍ തങ്ങളുടെ ഡിസംബറിലെ ചരക്ക് പിടിച്ചു വച്ചിരിക്കുകയാണ്. വില വീണ്ടും 200 കടന്നാല്‍ മാര്‍ക്കറ്റിലേക്ക് കൂടുതല്‍ ചരക്കെത്തിയേക്കും.

രാജ്യാന്തര വിലയിലും കുതിപ്പ്

190 വരെ താഴ്ന്ന ബാങ്കോക്ക് വില ഇപ്പോള്‍ 212 രൂപയ്ക്ക് മുകളിലാണ്. ജനുവരി ആറിന് രാജ്യാന്തര വില 192 രൂപയായിരുന്നു. 8 ദിവസത്തിനിടയ്ക്ക് 20 രൂപയോളമാണ് വില വര്‍ധിച്ചത്. എന്നാല്‍ രാജ്യാന്തര വിലയ്ക്ക് ആനുപാതികമായി കേരളത്തില്‍ വില വര്‍ധിച്ചിട്ടില്ല. അഞ്ച് രൂപയുടെ മാത്രം നേട്ടമാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് സമാന കാലയളവില്‍ ലഭിച്ചത്.
റബര്‍ ബോര്‍ഡ് വില (ജനുവരി 14, ചൊവ്വ)
ആര്‍.എസ്.എസ് 4 -191
ആര്‍.എസ്.എസ് 5 -187
ലാറ്റക്സ് -135
ബാങ്കോക്ക് വില
ആര്‍.എസ്.എസ് 1 -212.50
ആര്‍.എസ്.എസ് 2 -210.00
Related Articles
Next Story
Videos
Share it