Begin typing your search above and press return to search.
രാജ്യാന്തര റബര്‍ വിലയും ഉയരുന്നു, കേരള മാര്‍ക്കറ്റില്‍ ചരക്കെത്തുന്നില്ല; ടയര്‍വില കൂട്ടി നിര്‍മാതാക്കള്‍
രാജ്യാന്തര റബര്‍ വിലയും ഉയര്‍ന്നു തുടങ്ങിയതോടെ കുറഞ്ഞ നിരക്കില്‍ ഇറക്കുമതി നടത്താമെന്ന ടയര്‍ വ്യാപാരികളുടെ മോഹം പൊലിയുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി രാജ്യാന്തര വിലയും ആഭ്യന്തര നിരക്കും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു. ഇതാണ് നേര്‍ത്ത് വരുന്നത്.
രാജ്യാന്തര വില മുകളിലേക്ക്
ഒരിടവേളയ്ക്കു ശേഷം രാജ്യാന്തര വില ഉയരാന്‍ തുടങ്ങിയെന്നത് കേരളത്തിലെ കര്‍ഷകര്‍ക്കും സന്തോഷം പകരുന്നതാണ്. ആഭ്യന്തരവില രാജ്യാന്തര വിലയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന അപൂര്‍വ പ്രതിഭാസമാണ് കുറച്ചു നാളായി റബര്‍ വിപണിയില്‍ ദൃശ്യമാകുന്നത്. ഒരു സമയത്ത് 38 രൂപയോളം വന്ന വില വ്യത്യാസം ഇപ്പോള്‍ 33 രൂപയുടേതാണ്. വിദേശ ഓര്‍ഡറുകള്‍ വര്‍ധിച്ചതാണ് ബാങ്കോക്ക് വിപണിയില്‍ വില കൂടാന്‍ കാരണം. നിലവില്‍ തായ്‌ലന്‍ഡ് വില 174 രൂപയാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ആറു രൂപയോളം രാജ്യാന്തര വില കൂടിയിട്ടുണ്ട്.
ആഭ്യന്തര വില നിലവില്‍ 207 രൂപയാണ്. വരുംദിവസങ്ങളില്‍ വലിയ മാറ്റത്തിന് സാധ്യതയില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. കനത്ത മഴമൂലം കേരളത്തിലെ തോട്ടങ്ങളില്‍ ടാപ്പിംഗ് ഇതുവരെ പൂര്‍ണതോതിലെത്തിയിട്ടില്ല. ടാപ്പിംഗ് ആരംഭിച്ച തോട്ടങ്ങളില്‍ നിന്നുള്ള ചരക്ക് വിപണിയിലേക്ക് എത്തി തുടങ്ങുന്നതേയുള്ളൂ. ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം ഉയര്‍ന്നു തന്നെ നില്‍ക്കുന്നതിനാല്‍ വിലയില്‍ വലിയ ഇറക്കം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
ടയര്‍വില കൂട്ടി കമ്പനികള്‍
അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതോടെ ടയര്‍ കമ്പനികള്‍ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു. എം.ആര്‍.എഫ് ജൂലൈ 18 മുതല്‍ വില കൂട്ടുമെന്ന് പ്രഖ്യാപിച്ചു. കാര്‍, റേഡിയല്‍ ടയറുകള്‍ക്ക് മൂന്നു മുതല്‍ ഏഴ് ശതമാനം വരെ നിരക്ക് കൂട്ടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളുടെ വിലവര്‍ധന ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സിയറ്റും അപ്പോളോ ടയേഴ്‌സും ഉള്‍പ്പെടെ മറ്റ് കമ്പനികളും വരും ദിവസങ്ങളില്‍ വര്‍ധന പ്രഖ്യാപിച്ചേക്കും.
ടയര്‍ ഓഹരികളില്‍ കുതിപ്പ്
ടയര്‍ വില വര്‍ധിപ്പിച്ചേക്കുമെന്ന വാര്‍ത്ത പുറത്തുവന്നത് ഈ കമ്പനികളുടെ ഓഹരിയിലും പ്രതിഫലിച്ചു. എം.ആര്‍.എഫിന്റെ ഓഹരി 1,691 രൂപയാണ് ഉയര്‍ന്നത്. ജെ.കെ ടയേഴ്‌സിന്റെ ഓഹരിവില 481 രൂപയിലെത്തി. തിങ്കളാഴ്ച മാത്രം കൂടിയത് 30 രൂപയാണ്. സിയറ്റിന് 102 രൂപയിലധികം ഇന്ന് ഉയര്‍ന്നപ്പോള്‍ ടയേഴ്‌സും കുതിപ്പു കാട്ടി.
Next Story
Videos