റബര്‍ വിലയില്‍ 'ഡബിള്‍' കുതിപ്പ്; ടയര്‍ നിര്‍മാതാക്കളുടെ ഇറക്കുമതി നീക്കം ഫലം കാണുമോ?

ഇടയ്ക്കു പതുങ്ങിയ റബര്‍ വില വീണ്ടും കുതിക്കുന്നു. ആഭ്യന്തര വിലയ്‌ക്കൊപ്പം അന്താരാഷ്ട്ര തലത്തിലും നിരക്ക് ഉയരുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി ദൃശ്യമാകുന്നത്. ഇടയ്ക്ക് 164 രൂപ വരെ പോയ ബാങ്കോക്ക് വില ഒരാഴ്ചയ്ക്കിടെ 15 രൂപയോളം വര്‍ധിച്ചു.
കേരള മാര്‍ക്കറ്റിലും കുതിപ്പ്
നിലവില്‍ കേരളത്തിലെ വ്യാപാരികള്‍ റബര്‍ ഷീറ്റ് ശേഖരിക്കുന്നത് 210 രൂപയ്ക്കാണ്. വില കൂടുമെന്ന ധാരണയില്‍ 212 രൂപ വരെ ചിലയിടങ്ങളില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. ജൂണ്‍ പത്തിനാണ് റബര്‍വില 200 കടന്നത്. അതിനുശേഷം കാര്യമായ അനക്കം വിലയില്‍ സംഭവിച്ചില്ല. അടിക്കടി കനത്ത മഴ പെയ്യുന്നത് തോട്ടങ്ങളിലെ ടാപ്പിംഗിനെ ബാധിക്കുന്നുണ്ട്.
രാജ്യാന്തര വില ഇടിഞ്ഞതാണ് ചരക്ക് ദൗര്‍ലഭ്യം ഉണ്ടായിട്ടു പോലും വില കുതിക്കാതിരിക്കാന്‍ കാരണമായത്. ഒരുഘട്ടത്തില്‍ രാജ്യാന്തര വിലയും ആഭ്യന്തര വിലയും തമ്മില്‍ 38 രൂപയോളം വ്യത്യാസം വന്നിരുന്നു. ആഭ്യന്തര വില ഒരുപരിധിയില്‍ കൂടുതല്‍ ഉയരാത്തതിന് കാരണവും ഇതുതന്നെ.
165 രൂപ വരെ താഴ്ന്ന ശേഷം ഇപ്പോള്‍ രാജ്യാന്തര വിലയും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. നിലവില്‍ 179 രൂപയാണ് ബാങ്കോക്ക് വില. രാജ്യാന്തര തലത്തില്‍ കണ്ടെയ്‌നര്‍ ലഭ്യത ഉയര്‍ന്നതും കയറ്റുമതി കൂടിയതും വില കൂടാന്‍ ഇടയാക്കിയിട്ടുണ്ട്.
നിലവില്‍ ആഭ്യന്തര, രാജ്യാന്തര വിലകള്‍ തമ്മിലുള്ള വ്യത്യാസം 30 രൂപയാണ്. വില വ്യത്യാസം നേര്‍ത്തതായാല്‍ ഇറക്കുമതി കാര്യമായ നേട്ടം സമ്മാനിക്കില്ല. എന്നിരുന്നാലും ചരക്കുലഭ്യത കൂട്ടി വിലയിടിക്കാന്‍ ടയര്‍ നിര്‍മാതാക്കള്‍ക്ക് സാധിക്കും.

Related Articles

Next Story

Videos

Share it