പ്രതീക്ഷിച്ചത് 250 രൂപ താങ്ങുവില; റബര്‍ കര്‍ഷകര്‍ക്ക് കിട്ടിയത് ഇത്രമാത്രം

റബര്‍ കര്‍ഷകരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു താങ്ങുവില പ്രഖ്യാപിക്കുകയെന്നത്. ഇത്തവണത്തെ ബജറ്റില്‍ ധനമന്ത്രി റബര്‍ കര്‍ഷകര്‍ക്ക് അനുകൂല പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, റബര്‍ ബോര്‍ഡിനുള്ള വിഹിതം 268 കോടി രൂപയില്‍ നിന്ന് 320 കോടി രൂപയാക്കിയെന്നത് മാത്രമാണ് നേട്ടം. റബര്‍ ബോര്‍ഡിന് കിട്ടിയ വിഹിതം കര്‍ഷകര്‍ക്ക് കാര്യമായി ഗുണം ചെയ്യുന്നതുമല്ല.
ആവശ്യം താങ്ങുവില
കര്‍ഷകരുടെ പ്രധാന ആവശ്യം കിലോയ്ക്ക് 250 രൂപ വീതം താങ്ങുവില പ്രഖ്യാപിക്കണം എന്നതായിരുന്നു. നിലവില്‍ 212 രൂപ വിലയുണ്ടെങ്കിലും ഇത് ശാശ്വതമല്ല. വര്‍ഷങ്ങള്‍ക്കു ശേഷമാണ് വില 200 കടക്കുന്നത്. ഈ സാഹചര്യത്തിലാണ് താങ്ങുവില പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. വില പിടിച്ചുനിര്‍ത്താനും ഇറക്കുമതി കുറയ്ക്കാനുമായി നികുതി കൂട്ടണമെന്ന ആവശ്യവും പരിഗണിച്ചില്ല.
ഇറക്കുമതി നികുതി കൂട്ടി വിദേശത്തു നിന്നുള്ള റബര്‍ വരവ് നിയന്ത്രിക്കണമെന്ന ആവശ്യം കര്‍ഷകര്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഇതും പരിഗണിക്കാന്‍ കേന്ദ്രം കൂട്ടാക്കിയില്ല. വരും മാസങ്ങളില്‍ കണ്ടെയ്‌നര്‍ ലഭ്യത കൂടുന്നതോടെ റബര്‍ ഇറക്കുമതി വലിയതോതില്‍ ഉയരുമെന്നാണ് സൂചന. ഇത് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാകും.
ആഭ്യന്തര, അന്താരാഷ്ട്ര വില കൂടുന്നു
റബര്‍ വിപണിയില്‍ വില മുകളിലേക്ക് തന്നെയാണ്. 215 രൂപ വരെ നല്‍കിയാണ് ചിലയിടങ്ങളില്‍ വ്യാപാരികള്‍ റബര്‍ ഷീറ്റ് ശേഖരിക്കുന്നത്. തോട്ടങ്ങളില്‍ പൂര്‍ണതോതില്‍ ടാപ്പിംഗ് തുടങ്ങാത്തതിനാല്‍ ചരക്ക് ലഭ്യത കുറവാണ്. അന്താരാഷ്ട്ര വിലയും ഒരിടവേളയ്ക്കുശേഷം ഉയരുന്നുണ്ട്. ബാങ്കോക്ക് മാര്‍ക്കറ്റില്‍ ആര്‍.എസ്.എസ്1 181 രൂപയിലെത്തി. 165 രൂപ വരെ ഇടിഞ്ഞ ശേഷം ഒരാഴ്ച കൊണ്ടാണ് ഈ കുതിപ്പ്.
Related Articles
Next Story
Videos
Share it