അടിച്ചുകയറി റബര്‍ വില, പുതിയ റെക്കോഡിലേക്ക്? വിട്ടുകൊടുക്കാതെ രാജ്യാന്തര വിലയും

കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ആവേശം പകര്‍ന്ന് വിലയിലെ കുതിപ്പ്. രാജ്യാന്തര വിലയിലും മുന്നേറ്റം പ്രകടമായതോടെ ടയര്‍ നിര്‍മാതാക്കളുടെ ഇറക്കുമതി വേണ്ടത്ര ഫലം കണ്ടേക്കില്ല. സംസ്ഥാനത്ത് ചെറുകിട വ്യാപാരികള്‍ 218-220 രൂപ വരെ നല്‍കി റബര്‍ഷീറ്റ് ശേഖരിക്കുന്നുണ്ട്. വില ഇനിയും ഉയരുമെന്ന സൂചനകളാണ് കൂടുതല്‍ വില നല്‍കാന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്.
ഒരിടവേളയ്ക്കുശേഷം രാജ്യാന്തര വിലയിലും പ്രകടമായ കയറ്റമുണ്ട്. ബാങ്കോക്ക് വില നിലവില്‍ 188 രൂപയാണ്. ആഭ്യന്തര വിലയും രാജ്യാന്തര വിലയും തമ്മിലുള്ള വ്യത്യാസം 28 രൂപയാണ്. ഒരു ഘട്ടത്തില്‍ 40 രൂപയ്ക്ക് അടുത്ത് വ്യത്യാസം വന്നതാണ്. രാജ്യാന്തര വില കൂടി തുടങ്ങിയിട്ടു ഒരാഴ്ചയായുള്ളൂ. 164 രൂപ വരെ താഴ്ന്ന ശേഷമാണ് വില ഉയരാന്‍ സാധിച്ചത്. കണ്ടെയ്‌നര്‍ ലഭ്യത കൂടിയതോടെ വിദേശ അന്വേഷണങ്ങള്‍ വര്‍ധിച്ചതാണ് രാജ്യാന്തര വിലയ്ക്ക് രക്ഷയായത്.
ആഭ്യന്തര വില 250 എത്തുമോ?
റബര്‍ തോട്ടങ്ങള്‍ കൂടുതല്‍ സജീവമാകുന്ന സമയമാണിത്. ഇനിയുള്ള ദിവസങ്ങളില്‍ വിപണിയിലേക്ക് കൂടുതല്‍ ചരക്കെത്തും. ഇത് ഏതുരീതിയില്‍ വിലയില്‍ പ്രതിഫലിക്കുമെന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്. എന്നാല്‍ പൂര്‍ണതോതില്‍ ഉത്പാദനം നടന്നാലും വില വലിയ തോതില്‍ താഴില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിദേശത്തേക്ക് ഇന്ത്യയില്‍ നിന്ന് ടയറുകളുടെ കയറ്റുമതി വര്‍ധിച്ചിട്ടുണ്ട്. ആവശ്യത്തിന് പ്രകൃതിദത്ത റബര്‍ കിട്ടാത്ത അവസ്ഥയിലാണ് ടയര്‍ മേഖല.
ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ടയര്‍ മേഖല
പ്രകൃതിദത്ത റബറിന്റെ ലഭ്യത കുറഞ്ഞതോടെ ഇറക്കുമതി നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച് ടയര്‍ നിര്‍മാതാക്കളുടെ സംഘടനയായ ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ (ആത്മ). കണ്ടെയ്നര്‍-കപ്പല്‍ ലഭ്യത കുറഞ്ഞതോടെ ഒന്നര മാസമായി റബര്‍ ഇറക്കുമതി നിലച്ചിരിക്കുകയാണ്.
ആഭ്യന്തര ഉത്പാദനം നേര്‍ത്തതോടെ റബര്‍ ലഭ്യതയും കൂപ്പുകുത്തി. പല വന്‍കിട ടയര്‍ കമ്പനികളും നിര്‍മാണം വെട്ടിക്കുറച്ചിരിക്കുകയാണ്. ലോകത്തെ മുന്‍നിര ടയര്‍ നിര്‍മാതാക്കളും കയറ്റുമതിക്കാരുമാണ് ഇന്ത്യ. പ്രകൃതിദത്ത റബര്‍ കിട്ടാതായത് ടയര്‍ മേഖലയുടെ നട്ടെല്ല് തകര്‍ക്കുമെന്നാണ് ആത്മയുടെ വാദം.
രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ പ്രകൃതിദത്ത റബറിന്റെ 70 ശതമാനവും ടയര്‍ നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. ലഭ്യത കുറഞ്ഞതിനൊപ്പം അസംസ്‌കൃത വസ്തുക്കളുടെ വില കൂടുകയും ചെയ്തതോടെ ടയര്‍ കമ്പനികളും പ്രതിസന്ധിയിലായി. ഒരു ശതമാനം മുതല്‍ 2.5 ശതമാനം വരെ ടയര്‍ വിലയില്‍ മിക്ക കമ്പനികളും വര്‍ധന വരുത്തിയിട്ടുണ്ട്.
Related Articles
Next Story
Videos
Share it