Begin typing your search above and press return to search.
ആടിയുലഞ്ഞ് റബര്‍മേഖല, ടാപ്പിംഗ് അവസാനിപ്പിച്ച് കര്‍ഷകര്‍; വെല്ലുവിളിയായി ചൈനീസ് ഡിമാന്റും
റബര്‍ വിലയില്‍ കനത്ത ഇടിവ് തുടര്‍ക്കഥയായതോടെ ടാപ്പിംഗ് ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. മലയോര മേഖലകളില്‍ ഉള്‍പ്പെടെ ചെറുകിട, ഇടത്തരം കര്‍ഷകരില്‍ പലരും താല്‍ക്കാലികമായി ടാപ്പിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. പണിക്കൂലി പോലും ലഭിക്കാത്തതാണ് പലരെയും ഈ മേഖലയില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.
രണ്ടുമാസം മുമ്പ് 250 രൂപ വില വന്നപ്പോള്‍ റബര്‍ മേഖലയില്‍ ഉത്സവപ്രതീതിയായിരുന്നു. എന്നാല്‍, 170 രൂപ പോലും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. വില ഇനിയും കുറയുമെന്ന് ഉറപ്പായതിനാല്‍ ടാപ്പിംഗ് നടത്തുന്നവര്‍ ചരക്ക് ശേഖരിച്ചു വയ്ക്കാന്‍ ശ്രമിക്കുന്നില്ല. സംസ്ഥാനത്തിന്റെ പലയിടത്തും വ്യാപാരികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചരക്ക് ശേഖരിച്ചിരുന്നില്ല. വന്‍തോതില്‍ വില കുറയുന്നതു മൂലം നഷ്ടം സംഭവിക്കുമെന്ന കാരണം പറഞ്ഞായിരുന്നു ഇത്.
വെട്ടിച്ചുരുക്കാതെ ഇറക്കുമതി
ഓഗസ്റ്റില്‍ 75,000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്ത ടയര്‍ കമ്പനികള്‍ സെപ്റ്റംബറില്‍ 61,000 ടണ്ണാണ് വിദേശത്തു നിന്നെത്തിച്ചത്. ഒക്ടോബറിലെ കണക്ക് പുറത്തു വന്നിട്ടില്ല. വരും മാസങ്ങളിലും ഇറക്കുമതി കുറയ്ക്കാന്‍ ഉദ്ദേശമില്ലെന്നാണ് ടയര്‍ കമ്പനികളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന സൂചന. ഡിസംബര്‍ ആകുമ്പോള്‍ റബര്‍വില 100-120 രൂപയിലേക്ക് കൂപ്പുകുത്തിയാലും അത്ഭുതപ്പെടാനില്ലെന്നാണ് വിപണി നല്‍കുന്ന സൂചന.
ടയര്‍ വില്പനയും ഇടിഞ്ഞു
രാജ്യത്ത് വാഹന വില്പനയുടെ ഇടിവിനൊപ്പം ടയര്‍ വില്പനയിലും കാര്യമായ കുറവുണ്ട്. സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പ്രതിസന്ധി സാധാരണക്കാരുടെ വാങ്ങല്‍ ശേഷിയെ ബാധിക്കുന്നുണ്ട്. ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ക്ക് വിദേശ വിപണികളില്‍ വലിയ സ്വാധീനമുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് പാദങ്ങളായി കയറ്റുമതിയില്‍ വലിയ ഇടിവുണ്ടായിട്ടുണ്ട്. യൂറോപ്യന്‍, ആഫ്രിക്കന്‍ വിപണികളില്‍ വേണ്ടത്ര ഡിമാന്‍ഡില്ലെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
പ്രകൃതിദത്ത റബറിന്റെയും ടയറിന്റെയും ഏറ്റവും വലിയ ഉപയോക്താക്കളാണ് ചൈന. കുറച്ചു നാളുകളായി ചൈനീസ് സമ്പദ്‌വ്യവസ്ഥ അത്ര മെച്ചപ്പെട്ട രീതിയിലല്ല മുന്നോട്ടു പോകുന്നത്. ചൈനീസ് ഡിമാന്‍ഡ് കുറഞ്ഞതും ഇപ്പോഴത്തെ പ്രതിസന്ധി കാരണമായിട്ടുണ്ട്.
Next Story
Videos