റബര്‍ ബോര്‍ഡിന് ഒരു വില, വ്യാപാരികള്‍ക്ക് മറ്റൊരു വില; കര്‍ഷകര്‍ക്ക് നിരാശ മാത്രം

വന്‍തോതില്‍ ഇടിഞ്ഞ റബര്‍വിലയില്‍ നേരിയ ഉണര്‍വ്. രാജ്യാന്തര വില വീണ്ടും കിലോയ്ക്ക് 202 രൂപയിലെത്തി. കഴിഞ്ഞ ദിവസം രാജ്യാന്തര വിലയും 200ല്‍ താഴെയെത്തിയിരുന്നു. അതേസമയം, ആഭ്യന്തര വിപണിയില്‍ ഒരു രൂപ കൂടിയെന്ന് റബര്‍ ബോര്‍ഡ് അവകാശപ്പെടുമ്പോഴും കര്‍ഷകര്‍ക്ക് അതിന്റെ നേട്ടമില്ലെന്നതാണ് ശ്രദ്ധേയം. റബര്‍ ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്ന വില കിലോയ്ക്ക് 182 രൂപയാണ്.
ആര്‍.എസ്.എസ്4 ഗ്രേഡിന്റെ വിലയാണിത്. എന്നാല്‍ ടയര്‍ കമ്പനികളില്‍ നിന്നുള്ള ഡിമാന്‍ഡ് കുറവായതും വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുന്നതിനാലും വ്യാപാരികള്‍ ഇതിലും വളരെ കുറഞ്ഞ നിരക്കിലാണ് ചരക്ക് ശേഖരിക്കുന്നത്. മലയോര മേഖലകളില്‍ 168 മുതല്‍ 175 രൂപ വരെയാണ് ശരാശരി കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. റബര്‍ വില 230 രൂപ പിന്നിട്ട സമയത്ത് കൂടിയ വിലയ്ക്ക് ചരക്കെടുത്തിരുന്നു വ്യാപാരികള്‍. പിന്നീട് വിലയിടിഞ്ഞു തുടങ്ങിയപ്പോള്‍ നിലപാട് മാറ്റുകയും ചെയ്തു.

വില്ലന്‍ മാന്ദ്യവും ഇറക്കുമതിയും

റബര്‍ ഉത്പാദനത്തില്‍ വലിയ വര്‍ധനയില്ലെങ്കിലും വില താഴേക്ക് പതിക്കാന്‍ രണ്ട് കാരണങ്ങളാണ്. ഇറക്കുമതി വല്ലാതെ വര്‍ധിച്ചതാണ് പ്രധാന കാരണം. മറ്റൊന്ന്, സാമ്പത്തിക രംഗത്തെ മാന്ദ്യമാണ്. ടയര്‍ വില്പന അടക്കം കുറഞ്ഞത് റബര്‍ ഡിമാന്‍ഡില്‍ പ്രതിഫലിക്കുന്നുണ്ട്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലത്ത് മുന്‍ വര്‍ഷത്തേക്കാള്‍ ഇറക്കുമതി 22 ശതമാനം വര്‍ധിച്ചു. 2,54,488 ടണ്‍ കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇറക്കുമതി ചെയ്തിരുന്നത്. ഇത്തവണയത് 3,10,413 ടണ്ണായി വര്‍ധിച്ചു.
ടയര്‍ കമ്പനികളുടെ കൈവശം ആവശ്യത്തിലധികം റബര്‍ സ്റ്റോക്കുണ്ട്. ഡിസംബര്‍ അവസാനിക്കുംമുമ്പ് റബര്‍വിലയില്‍ വലിയ കുതിപ്പിന് സാധ്യത കാണുന്നില്ലെന്നാണ് റബര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. കമ്പനികളോട് വിപണിയില്‍ സജീവമായി ഇടപെടണമെന്ന് റബര്‍ ബോര്‍ഡ് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇറക്കുമതി വര്‍ധിപ്പിച്ച് ആഭ്യന്തര വില കുറയ്ക്കാനാണ് അവര്‍ക്ക് താല്പര്യം.
Lijo MG
Lijo MG  

Sub-Editor

Related Articles
Next Story
Videos
Share it