റബര്‍ കര്‍ഷകര്‍ക്ക് വില്ലന്‍ 'ആസിയാന്‍'; വില തിരിച്ചുപിടിക്കാന്‍ വിട്ടുനില്‍ക്കല്‍ നീക്കവുമായി കര്‍ഷകര്‍

റെക്കോഡ് വിലയില്‍ നിന്ന് വഴുതിവീണ റബര്‍ വീണ്ടും പച്ചപിടിക്കുന്നു. ഇടയ്ക്ക് വ്യാപാരികള്‍ ചരക്ക് ശേഖരിക്കാന്‍ മടിച്ചിരുന്നു. എന്നാല്‍ രാജ്യാന്തര വില നേരിയ തോതില്‍ ഉയര്‍ന്നതോടെ ഈ പ്രവണ ആഭ്യന്തര മാര്‍ക്കറ്റില്‍ മാറിയിട്ടുണ്ട്. റബര്‍ ബോര്‍ഡ് വില ആര്‍.എസ്.എസ്4ന് 184 രൂപയുണ്ടെങ്കിലും ഇതിലും പത്തു രൂപയോളം കുറച്ചാണ് കച്ചവടക്കാര്‍ ചരക്ക് ശേഖരിക്കുന്നത്.
വന്‍തോതില്‍ ഇറക്കുമതി നടത്തി ആഭ്യന്തര മാര്‍ക്കറ്റിനെ അസ്ഥിരപ്പെടുത്താനുള്ള ടയര്‍ കമ്പനികളുടെ നീക്കം വിജയിച്ചിരുന്നു. 180 രൂപയ്ക്ക് താഴേക്ക് വില കൂപ്പുകുത്തിയതോടെ കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നവംബര്‍ 14 മുതല്‍ റബര്‍ഷീറ്റ് പിടിച്ചുവച്ച് പ്രതിഷേധിക്കാന്‍ റബര്‍ ഉത്പാദകര്‍ തീരുമാനിച്ചിട്ടുണ്ട്. റബര്‍ വില 200 രൂപയിലെത്തും വരെ പരമാവധി ചരക്ക് പിടിച്ചു വയ്ക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുമെന്ന് നാഷണല്‍ കണ്‍സോഷ്യം ഓഫ് റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി (എന്‍.സി.ആര്‍.പി.എസ്) ജനറല്‍ സെക്രട്ടറി ബാബു ജോസഫ് ധനംഓണ്‍ലൈനോട് പ്രതികരിച്ചു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ റബര്‍ ഉത്പാദനത്തില്‍ 1.5 ശതമാനം വര്‍ധനയുണ്ടായി. സീസണിന്റെ തുടക്കത്തില്‍ തന്നെ മികച്ച വില ലഭിച്ചതോടെ തോട്ടങ്ങള്‍ സജീവമായതാണ് കാരണം. ടാപ്പിംഗ് നേരത്തെ ആരംഭിച്ചതിനാല്‍ ഇത്തവണ ഡിസംബറോടെ ഉത്പാദനം കുറയുമെന്നാണ് വിലയിരുത്തല്‍. രാജ്യാന്തര വില ഉയരുകയും ആഭ്യന്തര ഉത്പാദനം കുറയുകയും ചെയ്യുന്നതോടെ വില 200ലേക്ക് വീണ്ടും എത്തുമെന്നാണ് പ്രതീക്ഷയെന്ന് ബാബു ജോസഫ് വ്യക്തമാക്കി.

പ്രതിസന്ധിക്ക് കാരണം കോംബൗണ്ട് റബര്‍

പ്രകൃതിദത്ത റബറില്‍ അസംസ്‌കൃത രാസവസ്തു ചേര്‍ത്ത റബര്‍ ഇന്ത്യയിലേക്ക് വന്‍തോതില്‍ ഇറക്കുമതി നടത്തുന്നുണ്ട്. കോംമ്പൗണ്ട് റബര്‍ വരുന്നതിലേറെയും ആസിയാന്‍ രാജ്യങ്ങളില്‍ നിന്നാണ്. സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുള്ളതിനാല്‍ ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇത്തരം സംയുക്ത റബറിന് 5 മുതല്‍ 10 ശതമാനം തീരുവ മാത്രമാണ് ഈടാക്കാന്‍ സാധിക്കുക. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രകൃതിദത്ത റബറിന് 25 ശതമാനമോ 30 രൂപയോ ആണ് ഇറക്കുമതി തീരുവ. ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് റബര്‍ ഇറക്കുമതി വ്യാപകമാക്കാന്‍ ടയര്‍ കമ്പനികളെ പ്രേരിപ്പിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് ടയര്‍ കമ്പനികള്‍ നടത്തുന്ന ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Lijo MG
Lijo MG  

Sub-Editor

Related Articles
Next Story
Videos
Share it