Begin typing your search above and press return to search.
ചരക്ക് പിടിച്ചുവയ്ക്കല്‍ നീക്കം ഫലംകാണുന്നു; റബര്‍ വിലയില്‍ ഉണര്‍വ്, വിപണിയില്‍ ലഭ്യതക്കുറവ്
റബര്‍ഷീറ്റ് വിപണിയിലേക്ക് ഇറക്കാതെ പരമാവധി പിടിച്ചുവയ്ക്കാനുള്ള കര്‍ഷകരുടെ നീക്കം ഫലംകാണുന്നു. വിപണിവില 180 രൂപയ്ക്ക് താഴെ പോയപ്പോഴായിരുന്നു ചെറുകിട കര്‍ഷക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചത്. വിപണിയിലേക്കുള്ള റബര്‍ലഭ്യത കുറച്ച് വില വര്‍ധിപ്പിക്കുന്നതിനായിരുന്നു നീക്കം. ബഹിഷ്‌കരണം ഒരാഴ്ച പിന്നിടുമ്പോള്‍ വിപണിയിലേക്കുള്ള ചരക്ക് വരവില്‍ വലിയ തോതില്‍ കുറവുണ്ടായിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
ബഹിഷ്‌കരണത്തിനൊപ്പം തോട്ടങ്ങളില്‍ ഉത്പാദനം കുറഞ്ഞതും ചരക്ക് ലഭ്യതയെ ബാധിക്കുന്നുണ്ട്. റബര്‍ വിലയിലും കഴിഞ്ഞ ദിവസങ്ങളില്‍ അനുകൂല മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. ആര്‍.എസ്.എസ്4ന് റബര്‍ ബോര്‍ഡ് വില 185 രൂപയാണ്. കര്‍ഷകര്‍ക്ക് 183 രൂപ വരെ വിവിധയിടങ്ങളില്‍ ലഭിക്കുന്നുണ്ട്. രണ്ടാഴ്ച മുമ്പ് വരെ റബര്‍ ബോര്‍ഡ് വിലയേക്കാള്‍ 10 മുതല്‍ 15 രൂപ വരെ കുറച്ചായിരുന്നു വ്യാപാരികള്‍ ചരക്കെടുത്തിരുന്നത്. ലഭ്യത കുറഞ്ഞതോടെ ഇതിനു മാറ്റം വന്നിട്ടുണ്ട്.
ഡിസംബറില്‍ വിലകൂടുമോ?
വിപണിയില്‍ റബര്‍ ലഭ്യത കുറഞ്ഞു വരികയാണ്. ഇത്തവണ ടാപ്പിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. തന്മൂലം ഡിസംബര്‍ എത്തുമ്പോഴേക്കും ഉത്പാദനം വലിയ തോതില്‍ ഇടിയാന്‍ സാധ്യതയുണ്ട്. ഇത് വിപണിയിലെ ചരക്ക് ലഭ്യത കുറയ്ക്കും. വിദേശത്തു നിന്നുള്ള ഇറക്കുമതി കൂട്ടി ആഭ്യന്തര വിപണിയില്‍ നിന്നുള്ള കുറവ് പരിഹരിക്കാമെന്ന കണക്കുകൂട്ടലിലാണ് ടയര്‍ കമ്പനികള്‍. എന്നാല്‍ വിദേശവില ഉയരുന്നത് ഈ നീക്കത്തിന് ഒരുപരിധി വരെ തടയിടും. ഉത്പാദനം കുറയുമെന്നതിനാല്‍ വില കൂടിയാല്‍ പോലും കര്‍ഷകര്‍ക്ക് നേട്ടം ഉണ്ടാകാത്ത അവസ്ഥയാണ് സംജാതമാകുന്നത്.
ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ ഇറക്കുമതി തീരുവയില്‍ എത്തിക്കുന്ന കോംമ്പൗണ്ട് റബറിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷക സംഘടനകള്‍. പ്രകൃതിദത്ത റബറിന് കിലോയ്ക്ക് 25 ശതമാനമോ 30 രൂപയോ ആണ് ഇറക്കുമതി തീരുവ. എന്നാല്‍ ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള കോംമ്പൗണ്ട് റബറിന് അഞ്ചു മുതല്‍ 10 ശതമാനം വരെ നികുതി നല്‍കിയാല്‍ മതിയാകും. ആസിയാന്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുള്ളതാണ് കാരണം.
Next Story
Videos