ചരക്ക് വരവില്‍ കുറവ്, ഉത്പാദനവും ഇടിഞ്ഞു; റബര്‍ വിപണിയില്‍ ഉണര്‍വ്, വില വീണ്ടും 200 കടക്കുമോ?

ഈ വര്‍ഷം പകുതിയോടെ റെക്കോഡ് വിലയിലേക്ക് കുതിച്ച ശേഷമായിരുന്നു റബര്‍ വില കൂപ്പുകൂത്തിയത്. ഇറക്കുമതി വര്‍ധിച്ചതും ആഭ്യന്തര ഉത്പാദനത്തിലെ ഉണര്‍വുമെല്ലാം വില കുറയുന്നതിലേക്ക് നയിച്ചു. ക്രിസ്മസ് സീസണിലേക്ക് അടുക്കുമ്പോള്‍ റബര്‍ വില വീണ്ടും ഉയരുന്നതിന്റെ സൂചനകളാണ് വിപണിയില്‍ നിന്ന് വരുന്നത്. സംസ്ഥാനത്ത് ഉത്പാദനം നാലിലൊന്നായി കുറഞ്ഞതാണ് വില ചെറുതായി വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
ഇത്തവണ നേരത്തെ ടാപ്പിംഗ് തുടങ്ങിയ തോട്ടങ്ങളിലെല്ലാം ഉത്പാദനം നന്നേ കുറഞ്ഞിട്ടുണ്ട്. ഡിസംബര്‍ പകുതിയാകുന്നതോടെ ഇത് വീണ്ടും താഴുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ചൂട് ഉയരുന്നതും റബര്‍ ഉത്പാദനത്തിന് തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ആഭ്യന്തര, രാജ്യാന്തര വിലയില്‍ പ്രകടമായ കയറ്റമുണ്ട്. ബാങ്കോക്ക് വില കിലോയ്ക്ക് 205 രൂപയിലേക്ക് എത്തിയപ്പോള്‍ റബര്‍ ബോര്‍ഡിന്റെ ആഭ്യന്തര വില 189 രൂപയാണ്.
ചിലയിടങ്ങളില്‍ വ്യാപാരികള്‍ 188-190 നിരക്കില്‍ ചരക്ക് ശേഖരിക്കുന്നത് വില ഇനിയും കൂടുമെന്നതിന്റെ സൂചനയാണ്. വില വര്‍ധിച്ചേക്കുമെന്ന തിരിച്ചറിവില്‍ കര്‍ഷകര്‍ ചരക്ക് വില്പന മന്ദഗതിയിലാക്കിയിട്ടുണ്ട്. ഇതും വിലയെ സ്വാധീനിച്ചിട്ടുണ്ട്. ചെറുകിട റബര്‍ കര്‍ഷകരുടെ കൂട്ടായ്മ രണ്ടാഴ്ച മുമ്പ് ബഹിഷ്‌കരണ ആഹ്വാനം നടത്തിയിരുന്നു. 200 രൂപയ്ക്ക് മുകളില്‍ വിലയാകുന്നതു വരെ ചരക്ക് പിടിച്ചു വയ്ക്കാനായിരുന്നു ആഹ്വാനം.

റബര്‍ വില കൂടുമോ?

ചൈനയിലെ സാമ്പത്തിക മാന്ദ്യം പരോക്ഷമായി റബര്‍ വിലയിലും സ്വാധീനിച്ചിരുന്നു. സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്തെ ടയര്‍ കമ്പനികളുടെ അടക്കം വരുമാനവും ലാഭവും കുറഞ്ഞിരുന്നു. മൂന്നാംപാദത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട വളര്‍ച്ചയുണ്ടാകുമെന്ന സൂചനകള്‍ വിപണി നല്‍കുന്നുണ്ട്. ഇത് റബര്‍ മേഖലയ്ക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
ഡിസംബര്‍ പകുതിയോടെ റബര്‍ വില വീണ്ടും 200 കടക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. എന്നാല്‍ വില കൂടുമ്പോള്‍ ചരക്കില്ലാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. ചെറുകിട കര്‍ഷകരിലേറെയും റബര്‍ഷീറ്റ് കാര്യമായി ശേഖരിച്ചു വയ്ക്കുന്നവരല്ല. അതുകൊണ്ട് തന്നെ വില ഉയരുന്നത് ഇവര്‍ക്ക് കാര്യമായ പ്രയോജനം ചെയ്യുകയില്ല.
Lijo MG
Lijo MG  

Sub-Editor

Related Articles
Next Story
Videos
Share it