റബര്‍വില കണ്ട് തലയില്‍ കൈവച്ച് കര്‍ഷകര്‍, ചരക്കെടുക്കാന്‍ മടിച്ച് വ്യാപാരികള്‍; ആരാണ് വില്ലന്‍?

സംസ്ഥാനത്ത് റബര്‍വില അടിക്കടി കുറയുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഒരുമാസം മുമ്പുവരെ 250 രൂപയ്ക്ക് ചരക്കെടുത്തിരുന്ന വ്യാപാരികള്‍ നിലവില്‍ 195-198 രൂപ നിരക്കിലാണ് റബര്‍ വാങ്ങുന്നത്. ചെറുകിട വ്യാപാരികളില്‍ പലരും ചരക്കെടുക്കാന്‍ മടി കാണിക്കുന്നുണ്ട്. അടിക്കടി വില കുറയുന്നതാണ് കച്ചവടക്കാരെയും പിന്നോട്ടു വലിക്കുന്നത്. രാജ്യാന്തര വിലയും കുറവിന്റെ പാതയിലാണ്. ബാങ്കോക്ക് വില 228 രൂപയായി കുറഞ്ഞു.
വിദേശത്തു നിന്നും വന്‍തോതില്‍ ഇറക്കുമതി നടന്നതാണ് ആഭ്യന്തര വിലയില്‍ കുറവു വരാന്‍ കാരണം. ടയര്‍ കമ്പനികള്‍ ആവശ്യത്തിന് റബര്‍ ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കമ്പനികള്‍ വിപണിയില്‍ വലിയ താല്പര്യം കാണിക്കുന്നില്ല. കര്‍ഷകര്‍ റബര്‍ കാര്യമായി പിടിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നില്ല. വരും ദിവസങ്ങളില്‍ വില 180 രൂപയ്ക്കടുത്ത് എത്തുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

വില കൂടാന്‍ സാധ്യത കുറവ്

ടയര്‍ കമ്പനികള്‍ കാര്യമായി റബര്‍ വാങ്ങിക്കൂട്ടുന്നില്ല. കിട്ടിയ അവസരത്തില്‍ ആവശ്യത്തിന് ചരക്ക് വിദേശത്തു നിന്നും കമ്പനികള്‍ ഇറക്കുമതി നടത്തുന്നുണ്ട്. പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറിയേക്കാമെന്നതാണ് റബര്‍ കൂടുതലായി ശേഖരിച്ചു വയ്ക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്. കണ്ടെയ്‌നര്‍ ക്ഷാമകാലത്ത് ഇറക്കുമതി പാടേ നിലച്ചിരുന്നു. ഇത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ടയര്‍ കമ്പനികള്‍ ജാഗ്രത പുലര്‍ത്തുന്നത്.

ഇറക്കുമതിക്ക് നിയന്ത്രണം വേണം

റബര്‍വില അടിക്കടി കുറയുന്നതില്‍ കര്‍ഷകര്‍ ആശങ്കയിലാണ്. പലിശയ്ക്ക് പണംവാങ്ങി റബര്‍തോട്ടങ്ങള്‍ പാട്ടത്തിനെടുത്തവര്‍ ഉള്‍പ്പെടെ സമ്മര്‍ദത്തിലാണ്. വില ഇടിയുന്നത് തടയാന്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഭക്ഷ്യഎണ്ണയുടെ തീരുവ വര്‍ധിപ്പിച്ച് നാളികേര കര്‍ഷകരെ സഹായിച്ച പോലെ റബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്രം തയാറാകണമെന്നാണ് കര്‍ഷകരുടെ മുറവിളി.

വിലസ്ഥിരത ഫണ്ട്

മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് വിലസ്ഥിരതാ ഫണ്ട്. കിലോയ്ക്ക് 150 രൂപയാണ് അന്ന് യു.ഡി.എഫ് സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചത്. അതായത്, റബറിന്റെ വിപണിവിലയും താങ്ങുവിലയും തമ്മിലെ അന്തരം കര്‍ഷകര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സബ്സിഡിയായി നല്‍കും. പിണറായി സര്‍ക്കാര്‍ ഇത് 180 രൂപയായി ഉയര്‍ത്തി. 250 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ അതുണ്ടായില്ല.
നിലവില്‍ റബറിന് 195 രൂപയ്ക്കടുത്താണ് വില. ഫലത്തില്‍ ഇപ്പോള്‍ സബ്സിഡി നല്‍കേണ്ടതില്ല. താങ്ങുവില 230 രൂപയെങ്കിലും ആക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. 9.5 ലക്ഷത്തോളം റബര്‍ കര്‍ഷകരാണ് കേരളത്തിലുള്ളത്. 2024ലെ സംസ്ഥാന സാമ്പത്തിക സര്‍വേ പ്രകാരം 5.50 ലക്ഷം ഹെക്ടറിലാണ് കേരളത്തില്‍ റബര്‍ കൃഷി. 5.99 ലക്ഷം ടണ്ണാണ് ഉത്പാദനം.
Related Articles
Next Story
Videos
Share it