Begin typing your search above and press return to search.
ഇറക്കുമതിയില്‍ ഇടിഞ്ഞ് റബര്‍വില; തോട്ടങ്ങളില്‍ നിരാശ, ടയര്‍ നിര്‍മാതാക്കള്‍ക്ക് സന്തോഷം
സംസ്ഥാനത്ത് റബര്‍വില തുടര്‍ച്ചയായി ഇടിയുന്നു. 250 രൂപയും കടന്ന് സര്‍വകാല റെക്കോഡും മറികടന്ന റബര്‍വില പിന്നീട് തുടര്‍ച്ചയായി താഴേക്ക് പതിക്കുകയായിരുന്നു. അടിക്കടി വില കുറഞ്ഞതോടെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ചെറുകിട കച്ചവടക്കാര്‍ റബര്‍ ശേഖരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. റബര്‍ ബോര്‍ഡ് പ്രഖ്യാപിച്ച വില 224 രൂപയാണെങ്കിലും പലയിടത്തും 218-222 രൂപയ്ക്കാണ് വ്യാപാരികള്‍ ചരക്കെടുക്കുന്നത്. വില കുറയുമെന്ന ഭയമാണ് വിപണിവില കുറയാന്‍ കാരണം.
കേരളത്തിലേതിന് വിപരീതമാണ് രാജ്യാന്തര വില. ബാങ്കോക്ക് വില കിലോയ്ക്ക് 257 രൂപയാണ്. തായ്‌ലന്‍ഡില്‍ ഉത്പാദനം നേര്‍പകുതിയായത് വിലയിലും പ്രകടമാകുന്നുണ്ട്. ഒരുഘട്ടത്തില്‍ ഇന്ത്യന്‍ വിലയേക്കാള്‍ 40 രൂപയോളം കുറവായിരുന്നു ബാങ്കോക്ക് വില. എന്നാല്‍ കണ്ടെയ്‌നര്‍ ലഭ്യത വര്‍ധിച്ചതോടെ കയറ്റുമതി കൂടിയതോടെ ബാങ്കോക്ക് വില ഉയര്‍ന്നു.
തിരിച്ചടിയായത് ഇറക്കുമതി
ടയര്‍ കമ്പനികള്‍ ടണ്‍കണക്കിന് ലോഡ് റബറാണ് കഴിഞ്ഞ ഒരുമാസത്തിനിടെ ഇന്ത്യയിലേക്ക് ഇറക്കിയത്. കണ്ടെയ്‌നര്‍, കപ്പല്‍ ക്ഷാമം മൂലം ഇറക്കുമതി തടസപ്പെട്ടത് ടയര്‍ കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തനത്തെ പോലും ബാധിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ ഇറക്കുമതി ചെലവ് കൂടിയെങ്കിലും കൂടിയ അളവില്‍ ചരക്കെത്തിക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. ഇറക്കുമതി റബര്‍ കൂടുതലായി വരുന്നതോടെ സംസ്ഥാനത്തെ റബര്‍വില ഇനിയും ഇടിയുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
തോട്ടങ്ങളില്‍ നിരാശ
വില 250 കടന്നതോടെ അടഞ്ഞു കിടന്നിരുന്ന തോട്ടങ്ങള്‍ പലതിലും ടാപ്പിംഗ് വീണ്ടും തുടങ്ങിയിരുന്നു. റബര്‍ മേഖലയില്‍ മൊത്തത്തില്‍ ഉണര്‍വ് പ്രകടമാകുകയും ചെയ്തു. എന്നാല്‍ വില വീണ്ടും താഴ്ന്നതോടെ ചെറുകിട കര്‍ഷകര്‍ നിരാശയിലാണ്. തൊഴിലാളികളെ വച്ച് ടാപ്പിംഗ് നടത്തുന്നവര്‍ക്കാണ് വലിയ പ്രതിസന്ധി. പല തോട്ടങ്ങളിലും റബര്‍ഷീറ്റാക്കുന്ന രീതി മാറ്റിയിട്ടുണ്ട്.
Next Story
Videos