Begin typing your search above and press return to search.
റബര്‍ വിപണിയില്‍ 'റെഡ് സിഗ്നല്‍'; ടയര്‍ കമ്പനികളുടെ നീക്കത്തില്‍ കര്‍ഷകര്‍ക്ക് ആശങ്ക
ഒരുവേള റെക്കോഡിലേക്ക് എത്തിയ റബര്‍വില പിന്നീട് താഴുന്നതിനാണ് ആഭ്യന്തര മാര്‍ക്കറ്റ് സാക്ഷ്യംവഹിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ടാപ്പിംഗ് തകൃതിയായി നടക്കുന്നതും ഇറക്കുമതി സജീവമായതും വിലയിടിവിന് കാരണമായിട്ടുണ്ട്. റബര്‍ ബോര്‍ഡ് വില 232 രൂപ വരെയാണെങ്കിലും വ്യാപാരികള്‍ ഇതിലും കുറഞ്ഞ നിരക്കിലാണ് ചരക്കെടുക്കുന്നത്.
അന്താരാഷ്ട്ര വിലയില്‍ ഉണര്‍വ്
ഒരുഘട്ടത്തില്‍ ആഭ്യന്തര വിലയായിരുന്നു മുന്നില്‍. അന്താരാഷ്ട്ര വിലയേക്കാള്‍ 40 രൂപ കൂട്ടിയായിരുന്നു സംസ്ഥാനത്ത് വ്യാപാരികള്‍ ചരക്കെടുത്തിരുന്നത്. എന്നാല്‍ ഈ ട്രെന്‍ഡ് ഇപ്പോള്‍ മാറി. നിലവില്‍ അന്താരാഷ്ട്ര വിലയും ആഭ്യന്തര വിലയും തമ്മില്‍ വെറും മൂന്നു രൂപയുടെ വ്യത്യാസം മാത്രമാണ് നിലനില്‍ക്കുന്നത്.
അന്താരാഷ്ട്ര വില ഉയര്‍ന്നു നില്‍ക്കുന്നതാണ് എപ്പോഴും കേരളത്തിലെ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നത്. കാരണം, വിദേശ വില കുറഞ്ഞു നില്‍ക്കുമ്പോള്‍ ഇറക്കുമതി ടയര്‍ കമ്പനികള്‍ക്ക് ലാഭകരമാണ്. വ്യാപകമായി ഇറക്കുമതി നടത്തി വില കുറയ്ക്കാന്‍ ഇതുവഴി സാധിക്കും.
വിദേശത്തു നിന്നുള്ള ഇറക്കുമതി റബര്‍ രാജ്യത്തെ തുറമുഖങ്ങളില്‍ എത്തിയിട്ടുണ്ട്. വരും മാസങ്ങളില്‍ കൂടുതല്‍ റബര്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തുമെന്നാണ് വിവരം. സംസ്ഥാനത്ത് റബര്‍ ടാപ്പിംഗ് പൂര്‍ണതോതിലായതും വിപണിയിലേക്ക് ചരക്ക് ലഭ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതും വില കുറയുന്നതിന് കാരണമാകും.
ടയര്‍ ഓഹരികള്‍ക്ക് കുതിപ്പ്
റബര്‍വില കുറഞ്ഞേക്കുമെന്ന പ്രവചനത്തിനൊപ്പം ടയര്‍ വില കൂടുമെന്ന ഇന്ന് ടയര്‍ ഓഹരികളെ കുതിപ്പിലേക്ക് നയിച്ചു. അടുത്ത മാസത്തോടെ ടയര്‍ വില ഇനിയും കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതും ടയര്‍ ഓഹരികള്‍ക്ക് കരുത്തായി. എം.ആര്‍.എഫ്, ജെ.കെ ടയേഴ്‌സ്, അപ്പോളോ ടയേഴ്‌സ്, സിയറ്റ് ടയേഴ്‌സ് തുടങ്ങിയ കമ്പനികളുടെയെല്ലാം ഓഹരികള്‍ ഉയരത്തിലാണ്.
Next Story