ഒറ്റയടിക്ക് കുറഞ്ഞത് 10 രൂപ! വില നിലംപൊത്തും? റബര്‍ തോട്ടങ്ങളില്‍ ആശങ്കയുടെ കാര്‍മേഘം; പന്തിയല്ല കാര്യങ്ങള്‍

സംസ്ഥാനത്തെ റബര്‍ കര്‍ഷകരുടെ നെഞ്ചിടിപ്പേറ്റി വിലയില്‍ കനത്ത ഇടിവ് തുടരുന്നു. മൂന്നു ദിവസം മുമ്പ് റബര്‍ ബോര്‍ഡ് വില 200 ആയിരുന്നെങ്കില്‍ ഇപ്പോഴത് 191 രൂപയിലേക്ക് താഴ്ന്നു. വെറും മൂന്നു ദിവസംകൊണ്ട് കിലോഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. സംസ്ഥാനത്തെ വ്യാപാരികളില്‍ പലരും റബര്‍ ബോര്‍ഡ് വിലയിലും 5 മുതല്‍ 8 രൂപ വരെ കുറച്ചാണ് ചരക്കെടുക്കുന്നത്.
റബര്‍ വില അധികം വൈകാതെ 180 രൂപയില്‍ താഴെയാകുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിലസ്ഥിരത ഫണ്ട് വഴി നല്‍കുന്ന താങ്ങുവില 180 രൂപയാണ്. ഈ വിലയ്ക്ക് മുകളിലായതിനാല്‍ സര്‍ക്കാരിന്റെ പദ്ധതി നിശ്ചാലാവസ്ഥയിലാണ്. വില ഇനിയും താഴുന്ന പക്ഷം താങ്ങുവില നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും.

എന്താണ് വിലത്തകര്‍ച്ചക്ക് പിന്നില്‍?

റബര്‍ വിലയിലെ ഇപ്പോഴത്തെ ഇടിവിന് കാരണങ്ങള്‍ പലതാണ്. അതിനു മുമ്പ് വില 250 രൂപ വരെ കൂടാനുള്ള കാരണം കൂടി അറിഞ്ഞിരിക്കണം. ഓഗസ്റ്റ് എട്ടിനാണ് സംസ്ഥാനത്ത് റബര്‍ വില 250 കടന്നത്. 13 വര്‍ഷത്തിനുശേഷമുള്ള ഉയര്‍ന്ന വില. സത്യത്തില്‍ റബര്‍വില ഇത്രത്തോളം ഉയരാന്‍ കാരണമായത് ഡിമാന്‍ഡ് വര്‍ധിച്ചതിനാലായിരുന്നില്ല. റബര്‍ വിദേശത്തുനിന്ന് കൊണ്ടുവരുന്നതിന് ആവശ്യമായ കണ്ടെയ്‌നര്‍ ലഭ്യമല്ലാത്തത് മൂലം ആ സമയത്ത് ഇറക്കുമതി നിലച്ചു. കേരളത്തിലാകട്ടെ ആ സമയത്ത് കടുത്ത മഴമൂലം ഉത്പാദനവും കുറവായിരുന്നു. ഇതാണ് വില റെക്കോഡിലേക്ക് എത്തിച്ചത്.

ഇപ്പോഴത്തെ ഇടിവിന് കാരണമെന്ത്?

ഓഗസ്റ്റില്‍ 250 രൂപയിലെത്താന്‍ ഇടയായ കാരണങ്ങളൊന്നും ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. കണ്ടെയ്‌നര്‍ ലഭ്യതയില്‍ പ്രശ്‌നങ്ങളില്ല. വിദേശത്ത് റബര്‍ ലഭ്യതയും ഉയര്‍ന്നു. ഇതിനൊപ്പം കേരളത്തിലെ തോട്ടങ്ങള്‍ സജീവമാണ്. വന്‍തോതില്‍ ചരക്ക് വിപണിയിലേക്ക് എത്തുന്നു. രാജ്യത്തെ ടയര്‍ കമ്പനികള്‍ ആവശ്യത്തിലധികം റബര്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. വിപണിയില്‍ ഡിമാന്‍ഡ് ഇടിയുമ്പോള്‍ വിലയും കൂപ്പുകുത്തുമെന്ന് ടയര്‍ നിര്‍മാതാക്കള്‍ക്ക് അറിയാം. ആ സമയത്ത് പ്രാദേശിക വിപണിയില്‍ നിന്ന് കുറഞ്ഞ വിലയില്‍ ചരക്ക് ശേഖരിച്ചു വയ്ക്കാനാണ് അവരുടെ നീക്കം.

ഇനിയെന്ത്?

കേരളത്തിലെ റബര്‍ കര്‍ഷകരെ സംബന്ധിച്ച് ശോഭനമല്ല കാര്യങ്ങള്‍. കണ്ടെയ്‌നര്‍ ക്ഷാമം ഉണ്ടാകും മുമ്പത്തെ അവസ്ഥയിലേക്ക് വില താഴ്‌ന്നേക്കാം. 150 രൂപയില്‍ താഴേക്ക് റബര്‍വില ഇടിഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് ടയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ പറയുന്നത്. ടയര്‍ നിര്‍മാതാക്കള്‍ കാത്തിരിക്കുന്നതും അതിനു തന്നെയാണ്. ദീര്‍ഘകാലം ഇറക്കുമതിയെ ആശ്രയിക്കാന്‍ ടയര്‍ നിര്‍മാതാക്കള്‍ക്ക് സാധിക്കില്ലെന്നത് മാത്രമാണ് ഏക പോസിറ്റീവ്. കാരണം, ഇറക്കുമതി ചെലവുകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍തോതില്‍ വര്‍ധിച്ചു. റബര്‍ മേഖലയില്‍ കുറച്ചുകാലം ഇരുള്‍ പരക്കുമെന്ന ആശങ്ക കര്‍ഷിക മേഖലയ്ക്ക് നല്ലതല്ല.
Lijo MG
Lijo MG  

Sub-Editor

Related Articles
Next Story
Videos
Share it