റബറിന് വിലയുണ്ട്, പക്ഷേ ചരക്ക് കിട്ടാനില്ല; വിലയിടിക്കാനുള്ള ടയര്‍ വ്യാപാരികളുടെ നീക്കം പാളി

രാജ്യാന്തര വിപണിയില്‍ റബര്‍ ലഭ്യതയും വിലക്കുറവും ഉണ്ടെങ്കിലും നേട്ടം കൊയ്യാനാകാതെ ടയര്‍ നിര്‍മാതാക്കള്‍. മറുവശത്ത് ആഭ്യന്തര വിപണിയില്‍ 12 വര്‍ഷത്തിനുശേഷം വില 200 പിന്നിട്ടിട്ടും കാശാക്കി മാറ്റാനാകാതെ കര്‍ഷകരും. കഴിഞ്ഞ ഒരു മാസത്തെ റബര്‍ മേഖലയില്‍ നിന്നുള്ള ചിത്രമാണിത്.
കനത്ത മഴമൂലം തോട്ടങ്ങളില്‍ റെയിന്‍കോട്ട് ഇടുന്ന ജോലികള്‍ ഇതുവരെ പൂര്‍ത്തിയാക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. വിപണിയിലേക്ക് ചരക്കെത്താതെ ഇരിക്കുന്നത് വില കുറയ്ക്കാനുള്ള ടയര്‍ വ്യാപാരികളുടെ നീക്കത്തിനും പ്രഹരമായി.
കേരളത്തില്‍ നിലവിലെ വില 203-205 രൂപ നിരക്കിലാണ്. കര്‍ഷകരുടെ കൈയിലുണ്ടായിരുന്ന ചരക്ക് പൂര്‍ണമായും മേയ്, ജൂണ്‍ മാസങ്ങളില്‍ വിപണിയിലെത്തിയിരുന്നു. അതുകൊണ്ട് തന്നെ വില കൂടിയതിന്റെ നേട്ടം കൊയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ചെറുകിട കര്‍ഷകര്‍.
രാജ്യാന്തര വില ഉയരുന്നില്ല
സാധാരണഗതിയില്‍ ആഭ്യന്തര വിലയും രാജ്യാന്തര വിലയും തമ്മില്‍ 20 രൂപയുടെയെങ്കിലും വ്യത്യാസം ഉണ്ടാകാറുള്ളതാണ്. ആഭ്യന്തര വിലയേക്കാള്‍ ഉയര്‍ന്ന തലത്തിലായിരിക്കും മിക്ക സമയങ്ങളിലും രാജ്യാന്തര വില. എന്നാല്‍ ഇപ്പോള്‍ രാജ്യാന്തര വില 181 രൂപ മാത്രമാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ 35 രൂപയോളം ബാങ്കോക്ക് വില ഇടിഞ്ഞിരുന്നു. ഇതിന്റെ നേട്ടം കൊയ്യാന്‍ പക്ഷേ ഇന്ത്യയിലെ ടയര്‍ നിര്‍മാതാക്കള്‍ക്ക് സാധിച്ചിട്ടില്ല.
ചൈനീസ് ഇടപെടല്‍ മൂലം കപ്പല്‍-കണ്ടെയ്‌നര്‍ ക്ഷാമം രൂക്ഷമായതാണ് കാരണം. ഓഗസ്റ്റ് ആദ്യ വാരത്തോടെ മാത്രമേ കണ്ടെയ്‌നര്‍ ദൗര്‍ലഭ്യം തീരൂവെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ജൂലൈയിലും രാജ്യത്ത് റബര്‍ വില ഉയര്‍ന്നു തന്നെ നില്‍ക്കാനാണ് സാധ്യത.

Related Articles

Next Story

Videos

Share it