കണ്ടെയ്‌നറുകള്‍ വരുന്നു, റബറില്‍ 'മലക്കംമറിച്ചില്‍' ആസന്നം?

രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷം റബര്‍ ഇറക്കുമതി സജീവമാകാനുള്ള സാധ്യത തെളിയുന്നു. കണ്ടെയ്‌നര്‍ ലഭ്യത കുറഞ്ഞതോടെയാണ് ടയര്‍ കമ്പനികളുടെ ഇറക്കുമതി മോഹങ്ങള്‍ പൊലിഞ്ഞതും വില 200 കടന്നതും. ജൂലൈ അവസാനത്തോടെ റബര്‍ ഇറക്കുമതി പഴയ അവസ്ഥയിലെത്തിയേക്കും. കേരളത്തില്‍ റബര്‍വില കുറയാന്‍ ഇത് കാരണമായേക്കും.
ചൈന കണ്ടെയ്‌നറുകളും കപ്പലുകളും വന്‍തോതില്‍ ബുക്ക് ചെയ്തതാണ് ആഭ്യന്തര റബര്‍വില 200 പിന്നിടാന്‍ കാരണം. ഇറക്കുമതി നിലച്ചതോടെ വിലകൂട്ടി റബര്‍ സംഭരിക്കാന്‍ ടയര്‍ വ്യാപാരികള്‍ നിര്‍ബന്ധിതരായി. ജൂണില്‍ മഴമൂലം ടാപ്പിംഗ് നിലച്ചതോടെ വേണ്ടത്ര ചരക്ക് വിപണിയിലേക്ക് എത്തിയതുമില്ല. ഇതോടെ വില കുറയ്ക്കാനുള്ള സാധ്യതയും ഇല്ലാതായി.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ വിദേശത്തു നിന്നുള്ള റബര്‍ വരവ് സജീവമാകുമെന്നാണ് വിവരം. ചരക്കെത്തിക്കാന്‍ കണ്ടെയ്‌നറുകളുടെ ലഭ്യത കൂടിയിട്ടുണ്ട്. പല വന്‍കിട ടയര്‍ കമ്പനികളും ഉത്പാദനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. റബറിന്റെ ലഭ്യതക്കുറവായിരുന്നു കാരണം. ഇറക്കുമതി സജീവമാകുന്നതോടെ ടയര്‍ മേഖല ഉഷാറാകുമെങ്കിലും കര്‍ഷകര്‍ക്ക് തിരിച്ചടിയാകും.
വില കൂടുമോ? അതോ സ്ഥിരത കൈവരിക്കുമോ?
നിലവിലെ അവസ്ഥയില്‍ ഇറക്കുമതി ടയര്‍ കമ്പനികള്‍ക്ക് നഷ്ടക്കച്ചവടമാകില്ല. ആവശ്യമായതിന്റെ പാതി റബര്‍ പോലും ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇറക്കുമതി വ്യാപകമായാല്‍ പോലും ഒരുപരിധിയില്‍ കൂടുതല്‍ വില കുറയില്ലെന്ന വാദം ഉയരുന്നുണ്ട്. ടയര്‍ കയറ്റുമതി മുന്‍ വര്‍ഷങ്ങളിലേക്കാള്‍ വര്‍ധിച്ചതിനാല്‍ ഇറക്കുമതി ഉയര്‍ന്നാലും റബറിന്റെ ആവശ്യകത താഴില്ലെന്ന പ്രതീക്ഷയിലാണ് വിപണിയും. എന്നാല്‍, ഇറക്കുമതിക്കൊപ്പം ടാപ്പിംഗ് കൂടി സജീവമാകുന്നതോടെ വില 180 രൂപയില്‍ താഴെയെത്തുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
വില 200ന് മുകളില്‍ തന്നെ
റബര്‍ വരവ് തീരെ കുറഞ്ഞതോടെ 208 രൂപ വരെ നല്‍കിയാണ് ചെറുകിട വ്യാപാരികള്‍ ചരക്കു ശേഖരിക്കുന്നത്. റെയിന്‍ ഗാര്‍ഡ് ഇട്ടശേഷം തോട്ടങ്ങളില്‍ ടാപ്പിംഗ് ആരംഭിച്ചിട്ടേയുള്ളൂ. റബര്‍ ബോര്‍ഡ് കണക്കനുസരിച്ച് ആര്‍.എസ്.എസ്4 റബറിന് 206 രൂപയാണ് കോട്ടയം മാര്‍ക്കറ്റില്‍. അതേസമയം, ബാങ്കോക്കില്‍ വില താഴുകയാണ്. ആര്‍.എസ്.എസ്1 164 രൂപയിലേക്ക് താഴ്ന്നു. 40 രൂപയിലധികമാണ് രാജ്യാന്തര-ആഭ്യന്തര വിലയിലെ അന്തരം.

Related Articles

Next Story

Videos

Share it