ലോകത്തെ പരിസ്ഥിതി സൗഹൃദമാക്കുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം
കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് അന്തരീഷ മലിനീകരണം കുറഞ്ഞതായി വാര്‍ത്തകള്‍ വന്നത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. വൈറസ് വ്യാപനം മൂലം ജനങ്ങള്‍ വീടുകളില്‍ ഇരുന്നത് വലിയ സാമ്പത്തിക-സാമുഹ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയെങ്കിലും പരിസ്ഥിതിക്ക് ഗുണം ചെയ്തു. ഡിജിറ്റലൈസേഷനില്‍ രാജ്യങ്ങള്‍ കൈവരിച്ച വേഗതയും കോവിഡ് കാരണമായിരുന്നു. ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേത്ത് തള്ളിവിടുമ്പോഴും റഷ്യ-യുക്രെയ്ന്‍ യുദ്ധവും പരിസ്ഥിതിക്ക് അനുകൂലമായ ഒരു മാറ്റത്തിന്റെ വേഗത ത്വരിതപ്പെടുത്തുന്നുണ്ട്.
കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം ഒരുതരത്തില്‍ അനുഗ്രഹമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജന്‍സി (World Meteorological Organization) തലവന്‍ പെറ്റെരി ടാലസ് (Petteri Taalas) കഴിഞ്ഞ ദിവസം പറഞ്ഞത്. റഷ്യയ്ക്ക് ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന ഊര്‍ജ്ജ ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് ടാലസ് ഇത്തരം ഒരു പ്രസ്താവന നടത്തിയത്. പ്രകൃതി വാതക ഉല്‍പ്പാദനത്തില്‍ യുഎസിന് പിന്നില്‍ രണ്ടാമതാണ് റഷ്യ. എണ്ണ ഉല്‍പ്പാദനത്തില്‍ മൂന്നാമനും. ആഗോള ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തിന്റെ 12 ശതമാനവും സംഭാവന ചെയ്യുന്നത് റഷ്യയാണ്.
റഷ്യയില്‍ നിന്നുള്ള ഇറക്കുമതി പ്രതിസന്ധിയിലായതോടെ പല യൂറോപ്യന്‍ രാജ്യങ്ങളും കല്‍ക്കരി ഉള്‍പ്പെടയുള്ള പകരമായി ഉപയോഗിക്കാന്‍ തുടങ്ങി. വിതരണം കുറഞ്ഞതോടെ ഗ്യാസ്, കല്‍ക്കരി, എണ്ണ വില വര്‍ധിച്ചു. ഇത് സൂര്യപ്രകാശം, കാറ്റ് ഉള്‍പ്പടെയുള്ള ഊര്‍ജ്ജ ഉല്‍പ്പാദന ശ്രോതസുകളുമായി ഇവയ്ക്കുണ്ടായിരുന്ന വില അന്തരം കുറച്ചു. അപ്രതീക്ഷിതമായി ഉണ്ടായ ഊര്‍ജ്ജ ക്ഷാമം മറ്റ് വഴികള്‍ തേടാന്‍ യൂറോപ്പിനെ നിര്‍ബന്ധിക്കുകയാണെന്നും ഹരിത ഊര്‍ജ്ജത്തിലേക്കുള്ള മാറ്റത്തിന്റെ വേഗത കൂടാന്‍ യുദ്ധം കാരണമായി എന്നുമാണ് ടാലസ് പറയുന്നത്.
രാജ്യങ്ങള്‍ ഊര്‍ജ്ജ സംരംക്ഷണം, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ മേഖല എന്നിവയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് ഒരുങ്ങുകയാണ്. ഊര്‍ജ്ജ ക്ഷാമത്തിന് പരിഹാരമായി 2030ഓടെ ചെറുകിട ആണവ നിലയങ്ങളും പ്രവര്‍ത്തനം തുടങ്ങിയേക്കുമെന്ന് ടാലസ് ചൂണ്ടിക്കാട്ടിയിരുന്നു. ആഗോള താപനത്തിന് കാരണമാകുന്ന ഹരിത ഗൃഹവാതകങ്ങളുടെ പുറന്തള്ളലിന്റെ ഭൂരിഭാഗവും സംഭാന ചെയ്യുന്നത് ഊര്‍ജ്ജ മേഖലയാണ്. ജര്‍മനിയും യുകെയും ഉള്‍പ്പടെയുള്ള യൂറോപ്പിലെ രാജ്യങ്ങള്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ ഉപഭോഗം വര്‍ധിപ്പിച്ചാല്‍ അത് അന്തരീക്ഷ മലിനീകരണം വലിയ തോതില്‍ കുറയ്ക്കും. കൂടാതെ ഈ മേഖലയില്‍ ഉണ്ടാവുന്ന ഗവേഷണ പുരോഗതി ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും നേട്ടമാണ്.