ശബരി വെളിച്ചെണ്ണയില്‍ മാലിന്യം: ''പ്രചാരണം, വാസ്തവവിരുദ്ധം ''

സപ്ലൈകോ വഴി വിതരണം ചെയ്തിരുന്ന റോയല്‍ എഡിബിള്‍ കമ്പനിയുടെ ശബരി വെളിച്ചെണ്ണയില്‍ മിനറല്‍ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയെന്നത് തെറ്റാണെന്ന് കമ്പനി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. ഇത് തങ്ങളുടെ സ്ഥാപനത്തെയും ഉല്‍പ്പന്നത്തെയും സപ്ലൈകോയെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢ ശ്രമങ്ങളുടെ ഭാഗമാണെന്ന് ജനറല്‍ മാനേജര്‍ തങ്കച്ചന്‍ ജോസഫ് പറഞ്ഞു.

ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് കീഴിലുള്ള പത്തനംതിട്ട കോന്നിയിലെ ഭക്ഷ്യ ഗുണനിലവാര ലാബില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ സപ്ലൈകോ, റോയല്‍ എഡിബിള്‍ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. പ്രസ്തുത ലാബിന് മിനറല്‍ ഓയിലിന്റെയോ മാലിന്യത്തിന്റെയോ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധനകള്‍ നടത്താനുള്ള NABL (National Accreditation Board for Testing and Calibration Laboratories) അംഗീകാരമില്ലെന്നും സാമ്പിള്‍ പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്ന് ബാച്ചിലെ സാമ്പിളുകള്‍ കൊച്ചിയിലെ നിയോജന്‍ ലാബിലും റീജ്യണല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയിലും പരിശോധിച്ചതില്‍ എണ്ണയുടെ ഗുണനിലവാരം മികച്ചതാണെന്ന് തെളിഞ്ഞതായും എക്സ്പോര്‍ട്ട് മാനേജര്‍ ബെന്നി റാഫേല്‍ പറഞ്ഞു. സംഭവം കമ്പനിയുടെ ബ്രാന്‍ഡിന് ക്ഷതമുണ്ടാക്കിയെന്നും എക്സ്പോര്‍ട്ടിലും ഓര്‍ഡറുകളിലും കുറവുവരുത്തിയെന്നും കൂട്ടിച്ചേര്‍ത്തു. ക്യുസി മാനേജര്‍ ധനേഷ് എന്‍.എസ്, അക്കൗണ്ട്‌സ് മാനേജര്‍ സുമേഷ് ഇ.സി എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Videos
Share it