സർദാർ പട്ടേൽ പ്രതിമ: ഒരു എഞ്ചിനീയറിംഗ് വിസ്മയം

സർദാർ വല്ലഭായ് പട്ടേലിന്‍റെ 'ഐക്യത്തിന്റെ പ്രതിമ’ (സ്റ്റാച്യൂ ഓഫ് യൂണിറ്റി)

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 600 അടി ഉയരമുള്ള ഈ സ്മാരകം ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമയാണ്.

ഗുജറാത്തിലെ നർമദാ ജില്ലയിൽ കെവാദിയ എന്ന സ്ഥലത്താണ് പ്രതിമ സ്ഥിതിചെയ്യുന്നത്. വെറും 33 മാസം കൊണ്ടാണ് 3000 കോടി രൂപ ചെലവിൽ ഈ ഭീമൻ പ്രൊജക്റ്റ് പൂർത്തീകരിച്ചത്.

ഭാവിയിൽ ഈ മേഖല ഇന്ത്യയിലെ വിനോദസഞ്ചാരമേഖലയു‍ടെ മുഖമാകുമെന്നാണ് കണക്കാക്കുന്നത്.

സർദാർ പട്ടേലിന്റെ ഈ വെങ്കല പ്രതിമ എന്തുകൊണ്ടും ഒരു എഞ്ചിനീയറിംഗ് വിസ്മയം തന്നെയാണ് എന്നതിൽ സംശയമില്ല. ആറ് കാര്യങ്ങളാണ് ഇതിനെ ഒരു എഞ്ചിനീയറിംഗ് അത്ഭുതമാക്കി മാറ്റുന്നത്.

  • 1,700 ടൺ വെങ്കലവും കൂടെ 565 വലിയ പാളികളും 6000 സൂക്ഷ്മ പാളികളും ഉൾപ്പെടുന്ന 1,850 ടൺ വെങ്കലത്തിന്റെ ആവരണവും കൊണ്ടാണ് പുറംഭാഗം നിർമ്മിച്ചിരിക്കുന്നത്. പ്രതിമയുടെ അകം 210,000 ക്യൂബിക് മീറ്റർ സിമന്റ് കോൺക്രീറ്റ്, 18,500 ടൺ റീ-ഇൻഫോഴ്സ്ഡ് സ്റ്റീൽ, 6,500 ടൺ സ്ട്രക്ചേർഡ് സ്റ്റീൽ എന്നിവകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
  • പ്രൊജക്റ്റ് നടപ്പിലാക്കിയ ലാർസൺ & ടർബോ ഇതിനായി വിന്യസിച്ചത് 3000 തൊഴിലാളികളേയും 250 എഞ്ചിനീയർമാരേയുമാണ്. പ്രതിമ രൂപകൽപ്പന ചെയ്തതും ഉണ്ടാക്കിയതും ഇന്ത്യയിലാണെങ്കിലും വെങ്കല പാളികൾ ചൈനയിലെ ഒരു വാര്‍പ്പുശാലയിലാണ് ഉണ്ടാക്കിയത്. ഇന്ത്യയിൽ ഇതിനുള്ള സൗകര്യം ഇല്ലാത്തതുകൊണ്ടാണിത്.
  • എൽ & ടി നേരിട്ട മറ്റൊരു വെല്ലുവിളി പ്രതിമയുടെ മുഖം കഴിയുന്നത്ര സർദാർ പട്ടേലുമായി സാദൃശ്യമുള്ളതാക്കുക എന്നതായിരുന്നു. ഇതിനായി നോയിഡയിൽ നിന്നുള്ള പ്രമുഖ ശില്‍പി രാം വി. സത്താറിനെ നിയമിച്ചു. അദ്ദേഹം പട്ടേലിന്റെ 2000 ത്തോളം ചിത്രങ്ങളാണ് ഇതിനായി പഠിച്ചത്. അദ്ദേഹത്തെ കണ്ടിട്ടുള്ള നിരവധി ആളുകളോടും അദ്ദേഹം സംസാരിച്ചു.
  • എഞ്ചിനീയർമാരുടെ മുന്നിലുണ്ടായിരുന്ന മറ്റൊരു ദൗത്യം പ്രതിമയെ പ്രകൃതി ദുരന്തങ്ങൾ ബാധിക്കാത്ത വിധത്തിൽ നിർമ്മിക്കണം എന്നതായിരുന്നു. കാരണം, നർമദയുടെ മധ്യത്തിലാണ് പ്രതിമ നിൽക്കുന്നത്. ഈ സ്ഥലം എപ്പോഴും ശക്തിയേറിയ കാറ്റ് വീശുന്ന പ്രദേശമാണ്. ചിലപ്പോൾ മണിക്കൂറിൽ 130 കീ.മീ വരെ. പ്രതിമയെ റിക്ടർ സ്കെയിൽ 6.5 വരെയുള്ള ഭൂകമ്പത്തെ പ്രതിരോധിക്കാൻ കഴിവുള്ളതാക്കണം എന്നതും വെല്ലുവിളിയായി. 250 ടൺ വീതമുള്ള വലിയ രണ്ട് ഡാംപേഴ്‌സ് (ഷോക്ക് അബ്സോർബർ) ഇതിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
  • സർദാർ പട്ടേൽ നടക്കുന്നതായുള്ളതാണ് പ്രതിമ. എഞ്ചിനീയർമാരെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ദൗത്യമായിരുന്നു. കാരണം പ്രതിമയുടെ ചുവട്ടിൽ പാദങ്ങൾ തമ്മിൽ ഏകദേശം 21 അടിയോളം അകലം ഉള്ളതിനാൽ ആ ഭാഗം ഏറ്റവും ബലം കുറഞ്ഞിരിക്കും. ഇത് ബലപ്പെടുത്തുക എന്നത് കഠിനമായ ഒരു ദൗത്യം തന്നെയായിരുന്നു.
  • ലൈറ്റ് ഡിറ്റക്ഷൻ, റേഞ്ചിങ് ടെക്നോളജി, ടെലസ്കോപ്പിക് ലോഗിംഗ് തുടങ്ങിയ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നു. സൂക്ഷ്മമായ വിശകലനത്തിനായി മോക്ക്-അപ്, 3 ഡി സ്കാനിംഗ്, കമ്പ്യൂട്ടർ ന്യൂമെറിക്കൽ കൺട്രോൾ പ്രൊഡക്ഷൻ എന്നിവയും ഉപയോഗപ്പെടുത്തിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it